ദേശീയ ക്രെഡിറ്റ് ചട്ടക്കൂട് വരുന്ന അധ്യയന വർഷം മുതൽ നടപ്പാക്കാൻ സി.ബി.എസ്.ഇ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആവിഷ്‍കരിച്ച ദേശീയ ക്രെഡിറ്റ് ചട്ടക്കൂട് വരുന്ന അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ നടപ്പാക്കും. 6, 9, 11 ക്ലാസുകൾക്ക് ഈ പദ്ധതി നടപ്പാക്കാൻ താൽപര്യമുള്ള സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ഇതു നടപ്പാക്കുന്നതിനുള്ള കരട് മാർഗനിർദേശങ്ങൾ സി.ബി.എസ്.ഇ തയാറാക്കിയിട്ടുണ്ട്. അധ്യയന വർഷത്തിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്നതാണ് ദേശീയ ക്രെഡിറ്റ് ചട്ടക്കൂട്. ക്ലാസ് മുറികൾക്ക് പുറത്തുള്ള അറിവിലൂടെയും ക്രെഡിറ്റ് നേടാം എന്നതിനാൽ പഠനമികവ് ഉയരുമെന്നാണ് പ്രതീക്ഷ.

ഒരു ക്ലാസിൽ വിജയം നേടാൻ 40 ക്രെഡിറ്റ് വേണം. ഒരു ക്രെഡിറ്റിന് 30 മണിക്കൂർ ക്ലാസ് റൂം പഠനം ആവശ്യമാണ്. ആറാം ക്ലാസിൽ മൂന്ന് ഭാഷയും ഒമ്പതാം ക്ലാസിൽ രണ്ട് ഭാഷയും പഠിക്കണം. യോഗ, എൻ.സി.സി, പ്രകടന കലകൾ, കരകൗശലം, ഇന്റേൺഷിപ് തുടങ്ങിയവയിലൂടെയെല്ലാം ക്രെഡിറ്റ് നേടാം.

പ്രീപ്രൈമറി മുതൽ പിഎച്ച്.ഡി തലം വരെ വിദ്യാർഥികൾക്ക് ക്രെഡിറ്റ് ശേഖരിക്കാൻ കഴിയുമെന്നതാണ് ദേശീയ ക്രെഡിറ്റ് ചട്ടക്കൂടിന്റെ പ്രത്യേകത. ഈ ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ ലഭ്യമാകും. ഇവയെ ഏകീകൃത വിദ്യാർഥി നമ്പറായ അപാറുമായും ഡിജിലോക്കറുമായും ബന്ധിപ്പിക്കും. 

Tags:    
News Summary - CBSE to launch pilot for national credit framework for classes 6, 9 and 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.