പ്രതിഭാധനരായ ബിരുദ വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ലക്ഷം രൂപ സ്കോളർഷിപ്

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ലക്ഷം രൂപ സ്കോളർഷിപ് പദ്ധതി. സംസ്ഥാനത്തെ ഇനിപറയുന്ന 14 സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്ത കോളജുകളിൽ വിവിധ വിഷയങ്ങളിൽ 2020-21 അധ്യയനവർഷം വിജയകരമായി ബിരുദപഠനം പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാാം.

വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാവണം. വിഷയാനുസൃതമായി വെവ്വേറെയായിരിക്കും സ്കോളർഷിപ് പരിഗണിക്കുന്നത്. റെഗുലർ ബിരുദ കോഴ്സ് പൂർത്തിയാക്കി 75 ശതമാനം മാർക്കിൽ കുറയാതെ നേടിയവർക്കാണ് അവസരം.

കേരള, കാലിക്കറ്റ്, കുസാറ്റ്, എം.ജി, കണ്ണൂർ വാഴ്സിറ്റികൾ, കേരള ഹെൽത്ത് സയൻസസ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, അഗ്രികൾചറൽ, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വാഴ്സിറ്റികൾ, ന്യൂവാൽസ്, ശ്രീശങ്കരാചാര്യ സംസ്കൃത വാഴ്സിറ്റി, ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി വാഴ്സിറ്റി, എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ വാഴ്സിറ്റി, കേരള കലാമണ്ഡലം എന്നിവിടങ്ങളിൽ റെഗുലർ ബിരുദപഠനം പൂർത്തിയാക്കിയവരാകണം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://dcescholarship.kerala.gov.inൽ. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി മാർച്ച് അഞ്ചുവരെ സമർപ്പിക്കാം. ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക്‍ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് മുതലായ രേഖകൾ അപ് ലോഡ് ചെയ്യാൻ മറക്കരുത്.

ഡിഗ്രിക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചവർക്കാണ് ധനസഹായത്തിന് അർഹത. ഓരോ സർവകലാശാലയിലെയും ഡിഗ്രിതലത്തിൽ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്കോളർഷിപ്പിന്റെ എണ്ണം പരിമിതപ്പെടുത്തും.

Tags:    
News Summary - Chief Minister's Scholarship of Rs. 1 lakh for gifted graduate students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.