തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ ഗണിത പഠന നിലവാരം കുറഞ്ഞതായി ദേശീയ സർവേ. ആന്വൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ട്-റൂറൽ 2022 (എ.എസ്.ഇ.ആർ)ലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2018ൽ കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളുടെ ഗണിതശേഷി 48.5 ശതമാനമായിരുന്നത് 2022ൽ 38.6 ശതമാനമായി കുറഞ്ഞു. ദേശീയ ശരാശരി 25.9 ശതമാനമാണ്.
അഞ്ചാം ക്ലാസിൽ ഹരണക്രിയ ചെയ്യാനുള്ള കഴിവ് 2018ൽ 43 ശതമാനമായിരുന്നത് 2022ൽ 26.6 ശതമാനമായും കുറഞ്ഞു. ദേശീയ ശരാശരി 25.6 ആണ്. എട്ടാം ക്ലാസിൽ ഹരണക്രിയ ചെയ്യാനുള്ള കഴിവ് 2018ൽ 51.8 ശതമാനമുണ്ടായിരുന്നത് 2022ൽ 44.4 ആയും കുറഞ്ഞു. ദേശീയ ശരാശരി 44.7 ആണ്. കോവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള അധ്യയനം നടക്കാത്തത് നിലവാരം കുറയാൻ കാരണമായിരിക്കുമെന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ പറയുന്നു. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളിൽ പലരും ഒറ്റ അക്ക സംഖ്യകൾ തിരിച്ചറിയാൻ കഴിയാത്തവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒന്നാം ക്ലാസിൽ 10.8 ശതമാനത്തിനും രണ്ടാം ക്ലാസിൽ 3.9 ശതമാനത്തിനും മൂന്നാം ക്ലാസിൽ 1.4 ശതമാനത്തിനും നാലാം ക്ലാസിൽ 1.5 ശതമാനത്തിനും അഞ്ചാം ക്ലാസിൽ 1.4 ശതമാനത്തിനും ഒറ്റ അക്ക സംഖ്യകൾ തിരിച്ചറിയാനാകുന്നില്ല. രാജ്യവ്യാപകമായി കുട്ടികളുടെ സ്കൂൾ പ്രവേശനം സംബന്ധിച്ചും പഠനനിലവാരത്തെക്കുറിച്ചും വിലയിരുത്തുന്നതാണ് എ.എസ്.ഇ.ആർ സർവേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.