തിരുവനന്തപുരം: തസ്തിക നിർണയ നടപടി പൂർത്തിയാക്കാൻ ഞായറാഴ്ചയും പെരുന്നാൾ ദിനമായ തിങ്കളാഴ്ചയും സ്കൂൾ ഓഫിസുകൾ പ്രവർത്തിക്കാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ജൂൺ 16ന് കാസർകോട്, കോട്ടയം, തൃശൂർ ജില്ലകളിലെയും 17ന് പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെയും സ്കൂളുകൾ പ്രവർത്തിക്കണമെന്നാണ് നിർദേശം.
ആറാം പ്രവൃത്തിദിനത്തിൽ സമ്പൂർണ പോർട്ടലിൽ ചേർത്ത ഡാറ്റ തസ്തിക നിർണയത്തിനുള്ള സമന്വയ പോർട്ടലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഓരോ ജില്ലകളിലെയും സ്കൂളുകൾക്ക് വെവ്വേറെ ദിവസം അനുവദിച്ചത്. ആറ് ജില്ലകളിലെ സ്കൂളുകൾക്കാണ് പെരുന്നാൾ ഉൾപ്പെടെ അവധി ദിവസങ്ങളിൽ നിശ്ചയിച്ചത്. സമന്വയ സെർവറിൽ അനുഭവപ്പെടാവുന്ന ലോഡ് ലഘൂകരിക്കുന്നതിന് സർക്കുലറിലെ നിർദേശങ്ങൾ പാലിച്ച് പ്രധാനാധ്യാപകർ തസ്തിക നിർണയ പ്രൊപ്പോസലുകൾ ഈ ദിവസങ്ങളിൽ കൺഫേം ചെയ്യണമെന്നാണ് നിർദേശം.
പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും ഉൾപ്പെടെയുള്ളവർ ചേർന്ന് കണക്കുകൾ ക്രോഡീകരിച്ചാണ് പോർട്ടലുകളിൽ ചേർക്കുന്നത്. അതിനാൽ നല്ലൊരു ശതമാനം അധ്യാപകരും ഈ ദിവസങ്ങളിൽ ഹാജരാകേണ്ട സാഹചര്യമാണ്. സമന്വയയിൽ ചേർക്കുമ്പോൾ മാനേജർമാരുടെ സാന്നിധ്യവും ആവശ്യമാണ്. 25 ശനിയാഴ്ച കൂടി പ്രവൃത്തിദിവസമാക്കി 220 അധ്യയനദിനം തികക്കാൻ വിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീമായി തീരുമാനമെടുത്തതിനെതിരെ അധ്യാപക സംഘടനകൾക്കിടയിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ഞായറാഴ്ചയും പെരുന്നാൾ ദിവസവും ജോലി നിർദേശിച്ചുള്ള സർക്കുലർ. കഴിഞ്ഞ വർഷം മുഴുവൻ നടപടികളും പൂർത്തിയാക്കിയിട്ടും തസ്തിക നിർണയ നടപടി പൂർത്തിയാക്കിയിരുന്നില്ല. ഇതിനിടെയാണ് ഈ വർഷത്തെ തസ്തിക നിർണയ നടപടികൾക്കായി അവധി ദിവസം കൂടി അധ്യാപകരെ സ്കൂളുകളിലെത്തിക്കുന്ന സർക്കുലർ.
ഞായറാഴ്ചയും പെരുന്നാൾ ദിനവും സ്കൂൾ പ്രവർത്തിച്ച് തസ്തിക നിർണയ നടപടി പൂർത്തിയാക്കാൻ നിർദേശിക്കുന്ന സർക്കുലർ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ അരവിന്ദനും ആവശ്യപ്പെട്ടു. നടപടി ന്യൂനപക്ഷ വിഭാഗക്കാരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം നടപടി പൂർത്തിയാക്കിയിട്ടും തസ്തിക നിർണയം നടത്താത്ത സർക്കാർ ഇപ്പോൾ കാണിക്കുന്ന വ്യഗ്രത സംശയകരമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.