തിരുവനന്തപുരം: സിവിൽ പൊലീസ് ഒാഫിസർ, വനിത സിവിൽ പൊലീസ് ഒാഫിസർ നിയമനത്തിന് മേയ് 26ന് പി.എസ്.സി നടത്തുന്ന പരീക്ഷയിൽനിന്ന് രണ്ടുലക്ഷത്തോളം പേർ പുറത്ത്. പി.എസ്.സി ആദ്യമായി നടപ്പാക്കിയ കൺഫർമേഷൻ സമ്പ്രദായം (പരീക്ഷയെഴുതുന്നുവെന്ന് ഉറപ്പുനൽകൽ) വിനിയോഗിക്കാത്തവരാണ് പരീക്ഷാഹാളിൽനിന്ന് പുറത്താവുന്നത്. പരീക്ഷക്ക് അപേക്ഷിച്ച് ഹാജരാകാത്തവരെ പുറത്താക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ കൺഫർമേഷൻ രീതി ഇതോടെ ലക്ഷ്യം കണ്ടു.
6,60,000 പേരാണ് സിവിൽ പൊലീസ് ഒാഫിസർ, വനിത സിവിൽ പൊലീസ് ഒാഫിസർ തസ്തികക്ക് അപേക്ഷിച്ചത്. ഇതിൽ 4,63,713 പേർ മാത്രമാണ് പി.എസ്.സി വെബ്സൈറ്റിൽ പ്രവേശിച്ച് കൺഫർമേഷൻ നൽകിയത്. ഇവർക്ക് മാത്രമേ പരീക്ഷക്ക് ഇരിക്കാൻ കഴിയൂ. കൺഫർമേഷൻ ചെയ്യാത്ത 1,96,287 പേർക്ക് ഹാൾടിക്കറ്റ് ലഭിക്കില്ല.
പി.എസ്.സി വെബ്സൈറ്റിൽ കയറി കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്ത് ഒരേ പരീക്ഷാഹാളും അടുത്തടുത്ത രജിസ്റ്റർ നമ്പറും തരപ്പെടുത്തുന്നത് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് കൺഫർമേഷൻ രീതി ഉടൻ നടപ്പാക്കിയത്. മേയ് ആറിനകം കൺഫർമേഷൻ നൽകാനാണ് പി.എസ്.സി നിർദേശിച്ചത്. തട്ടിപ്പ് കണ്ടതോടെ മേയ് ആറിന് മുമ്പ് ജനറേറ്റ് ചെയ്ത 2,32,000 ഹാൾടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ഇവർക്ക് പുതിയ ഹാൾടിക്കറ്റുകൾ നൽകാനും ജനറേറ്റ് ചെയ്തത് കൺഫർമേഷൻ ആയി പരിഗണിക്കാനും പി.എസ്.സി തീരുമാനിച്ചു.
ആഗസ്റ്റ് 15ന് പുതിയ പരിഷ്കാരം നടപ്പാക്കാനാണ് നേരത്തേ പി.എസ്.സി തീരുമാനിച്ചിരുന്നത്. പൊലീസ് തസ്തികയിലെ ഹാൾടിക്കറ്റ് തട്ടിപ്പ് പുറത്തുവന്നത് പരിഷ്കാരം നേരത്തേയാക്കാൻ നിർബന്ധിതമാക്കി. പുതിയ പരിഷ്കാരം നടപ്പാക്കിയ വിവരം എസ്.എം.എസ് വഴിയും ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വഴിയും അറിയിക്കുകയും ചെയ്തു.
പരീക്ഷക്ക് അപേക്ഷിച്ചശേഷം ഒട്ടേറെ പേർ പരീക്ഷയെഴുതാതിരിക്കുന്നത് കോടികളുടെ നഷ്ടമാണ് പി.എസ്.സിക്ക് വരുത്തിവെക്കുന്നത്. 2013-16 കാലയളവിൽ വിവിധ പരീക്ഷകൾക്ക് 2.04 കോടി പേരാണ് അപേക്ഷിച്ചത്. പരീക്ഷയെഴുതിയവരാകെട്ട 1.07 കോടി പേരും.
ഏപ്രിൽ 28ന് നടന്ന ഗാഡ്നർ പരീക്ഷക്ക് അപേക്ഷിച്ച 5.40 ലക്ഷത്തിൽ 2.40 ലക്ഷം പേർ മാത്രമാണ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തത്. ചോദ്യപേപ്പർ, പരീക്ഷാഹാൾ, ഇൻവിജിലേറ്റർ തുടങ്ങിയ ഇനത്തിലാണ് പി.എസ്.സിയുടെ നഷ്ടം. ഇത് മറികടക്കാൻ ഫീസ് ഇൗടാക്കുന്നത് ഉൾെപ്പടെയുള്ള കാര്യങ്ങൾ ആലോചിച്ചെങ്കിലും സർക്കാർ എതിർത്തതിനാൽ നടപ്പാക്കിയില്ല. ഒടുവിലാണ് പരീക്ഷക്ക് 40 ദിവസം മുമ്പ് കൺഫർമേഷൻ നൽകണമെന്ന നിർദേശം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.