നിയമപഠനത്തിന് 'ക്ലാറ്റ്-2023': ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 13വരെ

ദേശീയ നിയമ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്-2023) രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 2022 ഡിസംബർ 18ന് ഉച്ചക്കുശേഷം രണ്ടു മുതൽ നാലുവരെ നടക്കും. അപേക്ഷ ഓൺലൈനായി നവംബർ 13വരെ സ്വീകരിക്കും.

കൊച്ചി ന്യൂവാൽസ്, ബംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി ഉൾപ്പെടെ 22 ദേശീയ നിയമ സർവകലാശാലകളിലാണ് 'ക്ലാറ്റ്-2023' റാങ്കടിസ്ഥാനത്തിൽ പ്രവേശനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.consortiumofnlus.ac.inൽ. അപേക്ഷാഫീസ് 4000 രൂപ. എസ്.സി/എസ്.ടി/ബി.പി.എൽ വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് 3500 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമബിരുദ കോഴ്സുകളിലേക്ക് 'ക്ലാറ്റ്-യു.ജി'യിൽ യോഗ്യത നേടണം.

45 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് 40 ശതമാനം മാർക്ക് മതി. 2023 മാർച്ച്/ഏപ്രിൽ മാസത്തിൽ പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 'യു.ജി-ക്ലാറ്റ് 2023'ൽ ഇംഗ്ലീഷ് ലാംഗ്വേജ് കറന്റ് അഫയേഴ്സ്, ലീഗൽ ആൻഡ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് എന്നിവയിൽ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള 150 ചോദ്യങ്ങളുണ്ടാവും.

ഏകവർഷ എൽഎൽ.എം പ്രവേശനത്തിന് 'പി.ജി-ക്ലാറ്റ് 2023'ൽ യോഗ്യത നേടണം. 50 ശതമാനം മാർക്കോടെ എൽഎൽ.ബി/തത്തുല്യ ബിരുദമെടുത്തവർക്കും 2023 ഏപ്രിൽ/മേയ് മാസത്തിൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി.

Tags:    
News Summary - 'CLAT-2023' for law studies: Online registration till November 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.