തിരുവനന്തപുരം: യു.ജി.സി അംഗീകൃത ജേണലുകളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങളില്ലാത്തതിനാൽ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകുന്നത് കോളജ് വിദ്യാഭ്യാസ ഡയറക്ടറും പി.എസ്.സിയും തടഞ്ഞവരുടെ പ്രസിദ്ധീകരണങ്ങൾ വീണ്ടും പരിശോധിച്ച് നിയമന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ വാക്കാൽ നിർദേശം. അധ്യാപക സംഘടന നേതാക്കളും സീനിയർ അധ്യാപകരുമാണ് അംഗീകൃത പ്രസിദ്ധീകരണങ്ങളുടെ കുറവുമൂലം പട്ടികയിൽനിന്ന് പുറത്തായത്. യോഗ്യതയില്ലാത്തവരെക്കൂടി ഉൾപ്പെടുത്തിയാൽ പട്ടികക്ക് വീണ്ടും പി.എസ്.സിയുടെ അംഗീകാരം വേണ്ടിവരും. ഇപ്പോൾ പട്ടികയിൽപെടാത്തവരുടെ പ്രമോഷനോടൊപ്പമേ യോഗ്യത പട്ടികയിലുള്ള 43 പേരുടെ പ്രമോഷൻ സർക്കാർ അംഗീകരിക്കുകയുള്ളൂവെന്നാണ് സൂചന.
കണ്ണൂർ സർവകലാശാലയിലെ വിവാദ അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ അധ്യാപന പരിചയത്തിൽ അധ്യാപകേതര ഡെപ്യൂട്ടേഷൻ സർവിസ് കണക്കുകൂട്ടാൻ പാടില്ലെന്ന് യു.ജി.സി ഹൈകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാ ഡെപ്യൂട്ടേഷൻ സർവിസും അധ്യാപന പരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടത് സംഘടന നേതാക്കൾക്ക് പ്രിൻസിപ്പൽമാരായി പ്രമോഷൻ ലഭിക്കുന്നതിനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. അധ്യയനവർഷം ആരംഭിച്ച് നാലുമാസമായിട്ടും 66 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചിട്ടില്ല. നാലുവർഷമായി നിരവധി സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരില്ല.
മാർച്ചിലാണ് പ്രിൻസിപ്പൽമാരുടെയും പ്രഫസർമാരുടെയും പ്രമോഷന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷയായ വിദഗ്ധസമിതി യോഗ്യത പരിശോധനയും ഇൻറർവ്യൂവും നടത്തിയത്. പ്രിൻസിപ്പൽ തസ്തികക്ക് 103 പേരും പ്രഫസർ പദവിക്ക് 130 പേരും അപേക്ഷകരായിരുന്നു. 75 പേരെയാണ് പ്രഫസർ തസ്തികക്ക് ശിപാർശ ചെയ്തത്. റിട്ടയർ ചെയ്ത 20 പേരുടെ അപേക്ഷ പരിഗണിച്ചില്ല.
പ്രിൻസിപ്പൽ തസ്തികയിൽ യോഗ്യരായ 43 പേരുടെ നിയമനം വൈകുന്നതുമൂലം പ്രഫസർ പ്രമോഷനും തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാൽ, എയ്ഡഡ് കോളജുകളിലെ നൂറോളം പേർക്ക് പ്രഫസർ പദവി അംഗീകരിച്ചു നൽകിയിട്ടുണ്ട്. യോഗ്യത മാനദണ്ഡങ്ങളിൽ ഇളവ് നൽകി പ്രിൻസിപ്പൽമാരെ നിയമിക്കണമെന്ന സമ്മർദങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി വഴങ്ങുന്നത് അക്കാദമിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.