ഹോമിയോ പഠന നിലവാരമുയർത്താൻ സിലബസിൽ സമഗ്ര പരിഷ്കാരം

കോഴി​ക്കോട്: ബി.എച്ച്.എം.എസ് ബിരുദ പഠനത്തിന് കാലാനുസൃത പരിഷ്കാരം വരുത്തി ദേശീയ ഹോമിയോപ്പതി കമീഷൻ പുതിയ സിലബസ് പുറത്തിറക്കി. 2014ലെ സിലബസിലാണ് സമഗ്ര പരിഷ്കാരം. ഹോമിയോ കോളജുകൾ തുടങ്ങാനുള്ള നിബന്ധനകളിലും അധ്യാപകരുടെയും ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഹോമിയോ പഠനത്തിന്റെ ഗുണനിലവാരം വലിയ തോതിൽ വർധിപ്പിക്കുന്നതാണ് പരിഷ്കരിച്ച സിലബസെന്നാണ് ഗവ. ഹോമിയോ കോളജ് അധ്യാപകരുടെ വിലയിരുത്തൽ. പരിഷ്കരിച്ച സിലബസ് പ്രകാരം ഹൗസ് സർജന്മാർക്ക് ഗ്രാമീണ മേഖലയിലെ സേവനം പുനഃസ്ഥാപിച്ചു. ഒന്നാംവർഷ ബി.എച്ച്.എം.എസ് പഠനം ഒന്നര വർഷമായി നിജപ്പെടുത്തി. ഒന്നാംവർഷം തന്നെ ക്ലിനിക്കൽ പോസ്റ്റിങ് (ഐ.പി, ഒ.പി) നൽകും.

രോഗി അധിഷ്ഠിത പഠനമാണ് ദേശീയ ഹോമിയോപ്പതി കമീഷൻ ആവശ്യപ്പെടുന്നത്. ഡൽഹിയിൽനിന്ന് വീക്ഷിക്കാവുന്ന തരത്തിൽ ലൈവ് സ്ട്രീമിങ് സി.സി.ടി.വി ക്ലാസ് മുറികളിലും ആശുപത്രികളിലും സ്ഥാപിക്കണം. ഒന്നാംവർഷക്കാർക്ക് ഫൗണ്ടേഷൻ കോഴ്സും ഹൗസ് സർജൻസി കാലഘട്ടത്തിൽ ഫിനിഷിങ് കോഴ്സും നൽകും. അതിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള ജോലി സാധ്യതകൾ, ഉപരിപഠനം, ക്ലിനിക് തുടങ്ങാനുള്ള മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൗസ് സർജന്മാർക്ക് ഇതര വൈദ്യശാസ്ത്ര മേഖലയിലുള്ളവർക്ക് നൽകുന്ന സ്റ്റൈപ്പന്റ് നൽകണം. പഠനം കഴിഞ്ഞ എല്ലാ വിദ്യാർഥികളും പൂർവവിദ്യാർഥി അസോസിയേഷനിൽ അംഗത്വമെടുക്കണം.

ഓരോ ആറു മാസത്തിലും പരീക്ഷ നടത്തണം. ആഴ്ചയിൽ ഒരുമണിക്കൂർ വീതം ലൈബ്രറി, കായിക പരിശീലനം, വിനോദം എന്നിവ ടൈംടേബിളിൽ ഉൾപ്പെടുത്തണം. 50 ശതമാനം ഇന്റേണൽ മാർക്ക് ലഭിച്ചാൽ മാത്രമേ സർവകലാശാല പരീക്ഷ എഴുതാനാവൂ. 20 ശതമാനം ചോദ്യങ്ങൾ മൾട്ടിപ്പിൾ ആയിരിക്കണം. 'ഒബ്ജക്ടിവ് സ്ട്രക്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ' (ഒ.എസ്.സി.ഇ), 'ഒബ്ജക്ടിവ് സ്ട്രക്ചേഡ് പ്രാക്ടിക്കൽ എക്സാമിനേഷൻ' (ഒ.പി.എസ്.ഇ) 'മിനി ക്ലിനിക്കൽ ഇവാല്വേഷൻ എക്സസൈസ്', 'ഡയറക്ട് ഒബ്സർവേഷൻ ഓഫ് പ്രൊസീജ്യേഴ്സ്', 'കേസ് ബേസ്ഡ് ഡിസ്കഷൻ', 'സോഷ്യൽ വർക്' എന്നിവ സിലബസിൽ ഉൾപ്പെടുത്തി. കരട് രേഖ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് ഒക്ടോബർ പത്തിനകം heb.nch@gmail.com mail വിലാസത്തിൽ അഭിപ്രായം അറിയിക്കാനും അവസരമുണ്ട്. 

Tags:    
News Summary - Comprehensive revision in the syllabus to improve the standard of homeoology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.