തൃശൂർ: സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ നിയന്ത്രണം വീണ്ടും വിദ്യാഭ്യാസ വകുപ്പിലെത്തി. 2010 മുതൽ പാഠപുസ്തക അച്ചടിയും വിതരണവും പൂർണമായി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയെയാണ് (കെ.ബി.പി.എസ്) സർക്കാർ ഏൽപിച്ചിരുന്നത്. വിതരണത്തിലെ അപാകതകൾ ബോധ്യപ്പെട്ടതോടെയാണ് പരീക്ഷണങ്ങൾ അവസാനിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന പഴയ സമ്പ്രദായത്തിലേക്ക് മടങ്ങിയത്. ഇതിന്റെ ഭാഗമായി ജില്ല ആസ്ഥാനങ്ങളിലെ 14 ഹബുകളിലേക്ക് ഒരു സ്റ്റോർ കീപ്പറെയും അച്ചടി നടക്കുന്ന കെ.ബി.പി.എസിലേക്ക് മൂന്ന് സ്റ്റോർ കീപ്പറെയും പുനർനിയമിച്ച് ഉത്തരവായി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്സ്റ്റ് ബുക്ക് ഡിപ്പോ വഴിയായിരുന്നു മുഴുവൻ കുട്ടികൾക്കും 2009 വരെ പാഠപുസ്തക വിതരണം നടത്തിയിരുന്നത്. അച്ചടിയിലെ വീഴ്ചയും വിതരണത്തിലെ പാകപ്പിഴകളും കാരണം ശൃംഖല സംവിധാനം നിർത്തുകയും പാഠപുസ്തക അച്ചടിയും വിതരണവും പൂർണമായി കെ.ബി.പി.എസിനെ ഏൽപിക്കുകയും ചെയ്തു. അച്ചടി കൃത്യമായി നടക്കുന്നുണ്ടെങ്കിലും വിതരണത്തിൽ പാളിച്ചകൾ വന്നതുമൂലം പോസ്റ്റ് ഓഫിസ്, പ്രൈവറ്റ് കൊറിയർ സർവിസ് തുടങ്ങിയവരെ കെ.ബി.പി.എസ് വിതരണം ഏൽപിച്ചു. അതും ഫലപ്രദമാകാതെ വന്നതിനാൽ പിന്നീട് കുടുംബശ്രീ വഴിയായി വിതരണം.
പുതിയ പരീക്ഷണങ്ങൾ നടപ്പാക്കിയപ്പോൾ കോടിക്കണക്കിന് രൂപ അധിക ചെലവ് സർക്കാറിന് വരുകയും അച്ചടിയിലും വിതരണത്തിലും വൻ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന പാഠപുസ്തകത്തിന്റെ വില സർക്കാറിന് കൃത്യമായി അടക്കാത്തതിനാൽ ഈ വകയിൽ 100 കോടിയിലധികം രൂപ കുടിശ്ശിക വന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2018ൽ കെ.ബി.പി.എസിൽ സ്റ്റേറ്റ് ടെക്സ്റ്റ് ബുക്ക് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ ഓഡിറ്റിലാണ് ഇത് പുറത്തുവന്നത്. പ്രവർത്തനങ്ങൾ വിലയിരുത്താനും നിരീക്ഷിക്കാനും സംവിധാനം ആവശ്യമാണെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റോർ കീപ്പർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ രണ്ട് ഉത്തരവുകൾ മാർച്ചിൽ ഇറങ്ങിയത്.
ടെക്സ്റ്റ് ബുക്ക് വിതരണം കുടുംബശ്രീ വഴി നടക്കുമെങ്കിലും പ്രവർത്തനങ്ങളുടെ നിയന്ത്രണം വിദ്യാഭ്യാസ വകുപ്പിലെ സ്റ്റോർ കീപ്പർക്കായിരിക്കും. അതേസമയം, നിലവിൽ നിയമിച്ച സ്റ്റോർ കീപ്പർമാരുടെ സഹായത്തിന് ക്ലർക്ക്, കൗണ്ടർ പാർട്ട് ടൈം മീനിയൽ തസ്തികകൾ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥ നിരീക്ഷണം കാര്യക്ഷമമാക്കി ഓഡിറ്റ് സംവിധാനം പരിഷ്കരിച്ചാൽ വിതരണത്തിൽ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ജനറൽ സെക്രട്ടറി കെ.എസ്. മഹേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.