തിരുവനന്തപുരം: ഹയർ സെക്കൻഡറി സിലബസിൽനിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയ നടപടി സർക്കാർ തിരുത്തുന്നു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
സിലബസിൽ മാറ്റംവരുത്തുന്നതിന്റെ ഭാഗമായി പ്രവേശന പരീക്ഷ കമീഷണർ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടിക്ക് കത്ത് നൽകി. ഹയർ സെക്കൻഡറി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കി മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്.സി.ഇ.ആർ.ടി ഡയറക്ടറുടെ മറുപടി ലഭിക്കുന്ന മുറക്ക് സിലബസിൽ മാറ്റംവരുത്തും. വിദ്യാഭ്യാസ വകുപ്പും എൻ.സി.ഇ.ആർ.ടിയും ഒഴിവാക്കുകയും സ്കൂളുകളിൽ പഠിപ്പിക്കാത്തതുമായ പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച ‘മാധ്യമം’ വാർത്തയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പ്രവേശന പരീക്ഷ കമീഷണറോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിലബസിൽ മാറ്റംവരുത്തില്ലെന്ന നിലപാടിൽ നിന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ് പിന്നാക്കംപോയത്.
പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഹയർ സെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ സിലബസുകളിൽ എൻ.സി.ഇ.ആർ.ടി മാറ്റംവരുത്തിയിരുന്നു. ചില അധ്യായങ്ങൾ പൂർണമായും ചിലത് ഭാഗികമായും ഒഴിവാക്കി. സയൻസ് വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി വരുത്തിയ മാറ്റം സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അംഗീകരിച്ച് പാഠഭാഗങ്ങൾ ഒഴിവാക്കി. രണ്ട് വർഷമായി സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇവ പഠിപ്പിക്കുന്നില്ല.
മാറ്റംവരുത്തിയ സിലബസിൽ പഠിപ്പിച്ച വിദ്യാർഥികൾ പ്രവേശന പരീക്ഷക്ക് ഹാജരാകുന്ന വർഷം കൂടിയാണ് ഇത്തവണ. സിലബസിൽ മാറ്റംവരുത്തിയത് സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി പ്രവേശന പരീക്ഷ കമീഷണർക്ക് നേരത്തെ കത്ത് നൽകുകയും പ്രോസ്പെക്ടസ് പരിഷ്കരണത്തിന്റെ ഭാഗമായുള്ള അക്കാദമിക് കമ്മിറ്റിയിൽ ഉന്നയിക്കുകയും ചെയ്തിരുന്നെങ്കിലും അവഗണിച്ചു. പിന്നാലെ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പ്രവേശന പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികളിൽനിന്ന് ഉൾപ്പെടെ പരാതി ഉയർന്നെങ്കിലും മത്സര പരീക്ഷയായതിനാൽ സിലബസ് മാറ്റില്ലെന്ന നിലപാടിലായിരുന്നു കമീഷണറേറ്റ്.
കമീഷണറുടെ കത്തിന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ തിങ്കളാഴ്ച മറുപടി നൽകും. മറുപടി ലഭിച്ചാലുടൻ വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കിയ പാഠഭാഗങ്ങൾ നീക്കംചെയ്ത് പ്രവേശന പരീക്ഷയുടെ സിലബസ് പുതുക്കാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.