തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ അശാസ്ത്രീയ കൗൺസലിങ് നടപടികൾ കാരണം സ്വാശ്രയ ഫാർമസി കോളജുകളിൽ ബി.ഫാം സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുന്നു. ബി.ഫാം പ്രവേശനത്തിനായി മലയാളി വിദ്യാർഥികൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോഴും 1260 സീറ്റുകളാണ് കേരളത്തിലെ 52 കോളജുകളിലായി ഒഴിഞ്ഞുകിടക്കുന്നത്.
പ്രവേശനം നേടിയ വിദ്യാർഥികൾ പിന്നീട്, മറ്റ് കോഴ്സുകളിലേക്ക് സീറ്റൊഴിഞ്ഞുപോയതോടെ ഒട്ടേറെ കോളജ് മാനേജ്മെന്റുകൾ സ്ഥാപനം നടത്തിപ്പിൽ പ്രതിസന്ധി നേരിടുകയാണ്. പ്രവേശന പരീക്ഷ കമീഷണർ മൂന്ന് അലോട്ട്മെന്റ് മാത്രമാണ് സ്വാശ്രയ ഫാർമസി കോളജുകളിലെ ബി.ഫാം സീറ്റുകളിലേക്ക് നടത്തിയത്. സർക്കാർ കോളജുകളിലേക്ക് സ്പോട്ട് അഡ്മിഷൻ കൂടി നടത്തിയെങ്കിലും സ്വാശ്രയ കോളജുകളിലെ സീറ്റുകളിലേക്ക് നടത്തിയില്ല.
പകരം സ്വാശ്രയ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുകളെ സമീപിക്കണമെന്ന അറിയിപ്പ് നൽകുകയായിരുന്നു. പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെന്റില്ലാതെ നേരിട്ട് പ്രവേശനം നേടിയാൽ വിദ്യാഭ്യാസ വായ്പ, ഇ ഗ്രാൻറ്, സ്കോളർഷിപ് തുടങ്ങിയവ ലഭിക്കുന്നില്ലെന്ന കാരണത്താൽ വിദ്യാർഥികൾ കോളജുകളിലെത്തുന്നില്ല. പകരം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ഫാർമസി കോളജുകളിലാണ് പ്രവേശനം നേടുന്നത്.
കേരളത്തോട് ചേർന്നുള്ള കന്യാകുമാരി, മംഗലാപുരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഫാർമസി കോളജുകളിൽ കൂട്ടത്തോടെ പ്രവേശനത്തിനെത്തുന്നത് മലയാളി വിദ്യാർഥികളാണ്. കേരളത്തിൽ നൂറുകണക്കിന് ബി.ഫാം സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലയാളി വിദ്യാർഥികൾ അതിർത്തി കടക്കുന്നത്.
നിലവിൽ മൂന്ന് അലോട്ട്മെന്റിൽ ഒതുക്കുന്ന കൗൺസലിങ് രീതിയിൽ മാറ്റം വരുത്തിയാൽ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാമെന്ന് കോളജ് അധികൃതർ പറയുന്നു. അലോട്ട്മെന്റുകളുടെ എണ്ണം കൂട്ടിയാൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം വർധിക്കും. അലോട്ട്മെന്റുകൾ കൂട്ടി പ്രവേശനം നൽകുന്ന വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുന്ന എൽ.ബി.എസിന്റെ കൗൺസലിങ് രീതി പ്രവേശന പരീക്ഷ കമീഷണറേറ്റ് പിന്തുടരണമെന്നാണ് ആവശ്യം.
പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന മൂന്ന് അലോട്ട്മെന്റുകളിലൂടെ പ്രവേശനം നേടുന്നവരിൽ നല്ലൊരു ശതമാനം പിന്നീട് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നതോടെ ബി.ഫാം സീറ്റൊഴിവാക്കി പോകുന്നു.
റാങ്ക് പട്ടികയിൽ നിന്ന് പിന്നീട് അലോട്ട്മെന്റ് നടക്കാത്തതിനാൽ വിദ്യാർഥികൾ പ്രവേശനത്തിനെത്തുന്നുമില്ല. കൗൺസലിങ് രീതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഒട്ടേറെ കോളജുകൾ പ്രതിസന്ധിയിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.