കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി) യു.ജി ഫലം പ്രസിദ്ധീകരിച്ചു. nta.ac.in, cuet.samarth.ac.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലമറിയാൻ കഴിയും.
19,865 ഉദ്യോഗാർഥികൾ 30 വിഷയങ്ങളിൽ 100 ശതമാനം നേടി. ഇംഗ്ലീഷിനാണ് ഏറ്റവും കൂടുതൽ പേർ (8,236 പേർ) പ്രവേശന യോഗ്യത നേടിയത്. പൊളിറ്റിക്കൽ സയൻസിന് 2,065 പേരും ബിസിനസ് സ്റ്റഡീസ് 1,669 പേരും യോഗ്യത നേടി.
cuet.samarth.ac.in വെബ്സൈറ്റിൽ കയറി സി.യു.ഇ.ടി യു.ജി അപേക്ഷ നമ്പറും ജനന തീയതിയും നൽകി വിദ്യാർഥികൾ എന്റർ ചെയ്താൽ ഫലമറിയാൻ സാധിക്കും.
പൊതുപ്രവേശന പരീക്ഷ ഫലം വ്യാഴാഴ്ച രാത്രി 10ന് പ്രസിദ്ധീകരിക്കുമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി 10 മണിയോടെ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമെന്ന് എൻ.ടി.എ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 5.28ഓടെ ഫലം പ്രസിദ്ധീകരിച്ചതായി എൻ.ടി.എ ട്വീറ്റ് ചെയ്തു.
കേന്ദ്ര സർവകലാശാലകളടക്കമുള്ള 46 യൂനിവേഴ്സിറ്റികളിലെ ബിരുദ പ്രവേശനത്തിനായാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്. ആറു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ജൂലൈ 15ന് തുടങ്ങിയ പരീക്ഷ ആഗസ്റ്റ് 30ന് അവസാനിച്ചു. അവസാന നിമിഷം പരീക്ഷ കേന്ദ്രങ്ങൾ മാറ്റൽ, വിദ്യാർഥികളെ അറിയിക്കാതെ പരീക്ഷ തീയതി മാറ്റൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷയായ സി.യു.ഇ.ടിക്ക് 14.9 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 60 ശതമാനം പേരാണ് പരീക്ഷയെഴുതിയത്. ഫലം പ്രഖ്യാപിച്ചാൽ സർവകലാശാലകളിലെ പ്രവേശന നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും പോർട്ടലുകൾ പ്രവേശന നടപടിക്ക് സജ്ജമാക്കണമെന്നും യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ ചെയർമാൻ ജഗദീഷ് കുമാർ സർവകലാശാലകളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.