ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലേക്കുള്ള വിദ്യാർഥി പ്രവേശനം സി.യു.ഇ.ടി (സർവകലാശാല പൊതു പ്രവേശന പരീക്ഷ) വഴി ആയതോടെ നേട്ടമുണ്ടായത് ബിഹാറിന്. സർവകലാശാല പ്രവേശനത്തിൽ കേരളം, ഹരിയാന തുടങ്ങിയ സംസ്ഥാന പ്ലസ് ടു ബോർഡ് പരീക്ഷ പാസായ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി.
പ്ലസ്ടു പരീക്ഷ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വർഷം വരെ ഡൽഹി സർവകലാശാല വിദ്യാർഥി പ്രവേശനം അനുവദിച്ചിരുന്നത്. ഇതു പ്രകാരം 2021 അധ്യയന വർഷം 70,000 ത്തോളം വരുന്ന സീറ്റുകളിലേക്ക് കേരള പ്ലസ്ടു ബോർഡ് പരീക്ഷ പാസായ 1,672 വിദ്യാർഥികൾക്കാണ് (2.33 ശതമാനം) പ്രവേശനം ലഭിച്ചത്. എന്നാൽ, ഈ വർഷം ഇതുവരെ 62,000ത്തോളം സീറ്റിലേക്ക് പ്രവേശനം നൽകിയപ്പോൾ കേരള ബോർഡിൽനിന്നും പ്രവേശനം ലഭിച്ചവരുടെ എണ്ണം 0.62 ശതമാനത്തിലേക്ക് താഴ്ന്നു.
മുൻ വർഷങ്ങളിലെ പ്രവേശനങ്ങളിൽ ആദ്യ അഞ്ചിൽ പോലും ഇടംപിടിക്കാതിരുന്ന ബിഹാർ ബോർഡ് സി.യു.ഇ.ടിയിലേക്ക് മാറിയതോടെ ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തി. 0.77 ശതമാനത്തിൽ നിന്നും 2.3 ശതമാനത്തിലേക്ക് ബിഹാർ ബോർഡിൽ നിന്നും പ്രവേശനം ലഭിച്ചവരുടെ എണ്ണം ഉയർന്നു. സി.ബി.എസ്.ഇ ബോർഡ് പരീക്ഷ പാസായ 59,199 വിദ്യാർഥികളാണ് 2021ൽ പ്രവേശനം നേടിയത്. ഈ വർഷം 51,797 പേർ ഇതുവരെ സി.ബി.എസ്.ഇ ബോർഡിൽ നിന്നും പ്രവേശനം നേടിയിട്ടുണ്ട്. 2021ൽ രണ്ടാമതുണ്ടായിരുന്ന ഹരിയാന ബോർഡിൽ നിന്നും 2,470 (3.44 ശതമാനം) പേർ പ്രവേശനം നേടിയപ്പോൾ ഇത്തവണ 0.77 ശതമാനത്തിലേക്ക് താഴ്ന്നു.
ഡൽഹി സർവകലാശാലക്ക് കീഴിലെ 70,000ത്തോളം വരുന്ന സീറ്റിലേക്ക് പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം നൽകിയിരുന്നത്.
കഴിഞ്ഞ വർഷം കേരള ബോർഡിൽ നിന്നും 1,672 വിദ്യാർഥികൾ പ്രവേശനം നേടിയതിന് പിന്നാലെ കേരളത്തിനെതിരെ സംഘ്പരിവാർ സംഘടനകൾ വ്യാപക വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.