കോഴിക്കോട്: സംസ്ഥാനത്തെ മൂന്നു സർവകലാശാലകളിലെ 2019, 2020 വർഷങ്ങളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സിയുെട അംഗീകാരം. കാലിക്കറ്റ്, കേരള, കണ്ണൂർ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കാണ് യു.ജി.സിയുടെ അനുമതി. നേരത്തേ, താൽക്കാലികമായ അംഗീകാരമായിരുന്നു നൽകിയിരുന്നത്. കാലിക്കറ്റിൽ 18ഉം കേരളയിൽ 23ഉം കണ്ണൂരിൽ 12ഉം കോഴ്സുകൾക്കാണ് അംഗീകാരം.
എന്നാൽ, ഈ വർഷം കോഴ്സുകൾ നടത്താനുള്ള അനുമതി ഇതുവരെ കാലിക്കറ്റ് സർവകലാശാലക്കടക്കം ലഭിച്ചിട്ടില്ല. കേരള സർവകലാശാലക്ക് താൽക്കാലിക അനുമതി ലഭിച്ചതിനെ തുടർന്ന് വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. 2021 ജനുവരിയിൽ കോഴ്സ് തുടങ്ങാനായി കാലിക്കറ്റ് സർവകലാശാല അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. നിലവിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്സുകൾ കാലിക്കറ്റിലുണ്ട്.
അതേസമയം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിരവധി സർവകലാശാലകൾക്ക് 2022-23 വർഷത്തെ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തിപ്പിനുള്ള അനുമതിയുണ്ട്. ശ്രീനാരായണ ഓപൺ സർവകലാശാല നിലവിൽ വന്നതിനാൽ സംസ്ഥാനത്തെ മറ്റു സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താൻ പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നു.
പിന്നീട് ഹൈകോടതിയിൽ ഈ നിബന്ധന സ്റ്റേ ചെയ്തു. മറ്റു സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി അംഗീകാരമില്ലെങ്കിൽ ഇനിയുള്ള കോഴ്സുകളെല്ലാം ഓപൺ സർവകലാശാല വഴി തുടങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.