കോഴിക്കോട്: ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജു കഫെ' (എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റ്) കേരളത്തിലെത്തുമ്പോൾ അത് വിദ്യാർഥികൾക്കായി ഒരുക്കുന്നത് കരിയർ രംഗത്തെ അനന്ത സാധ്യതകളാണ്. പ്രമുഖർ നയിക്കുന്ന വിവിധ സെഷനുകൾതന്നെയായിരിക്കും എജുകഫെയെ കൂടുതൽ ആകർഷകമാക്കുക. 'ഡികോഡിങ് യുവർ ഗ്ലോബൽ കരിയർ ഡ്രീംസ്' എന്ന വിഷയവുമായി ഫെസ്റ്റിൽ പ്രമുഖ കരിയർ വിദഗ്ധനും അന്താരാഷ്ട്ര വിദ്യാഭ്യാസ പരിശീലകനുമായ ഫൈസൽ പി. സെയ്ദ് വിദ്യാർഥികൾക്കുമുന്നിലെത്തും. നിരവധി വിദേശ സർവകലാശാലകളിലെ അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ഫൈസൽ പി. സെയ്ദ് അന്താരാഷ്ട്ര വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും എങ്ങനെ മികച്ച വിദേശ പഠനം സാധ്യമാക്കാം എന്നതിനെക്കുറിച്ചും വിദ്യാർഥികളോട് സംവദിക്കും. ക്ലാസ് എന്നതിലുപരി വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പരസ്പരം സംവദിച്ചുകൊണ്ട് മുന്നേറാനുള്ള വേദികൂടിയാവും അത്.
ഇനി എന്താവണം? ഇനി എന്ത് പഠിക്കണം എന്നീ ചോദ്യങ്ങളിൽപെട്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഉത്തരങ്ങളുമായി അവിടെ ഡോ. അനന്തു എസ് ഉണ്ടാകും. 'വാട് ടു ബികം, വാട് ടു ലേൺ?' എന്ന വിഷയത്തിൽ സൈലം നീറ്റ് കോച്ചിങ് വിദഗ്ധനും കരിയർ സ്‍പെഷലിസ്റ്റുമായ അനന്തു സംസാരിക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ ആശങ്കകൾ പരിഹരിക്കുന്ന സെഷൻകൂടിയാവും അത്. പഠന-കരിയർ സംബന്ധിയായ സംശയങ്ങൾ തീർക്കാൻ ഡോ. അനന്തുവുമായി സംവാദത്തിലേർപ്പെടാനും അവസരമൊരുങ്ങും.
മത്സര പരീക്ഷകൾ എന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരു പേടിസ്വപ്നംതന്നെയാണ്. മികച്ച ഉപരി പഠന സാധ്യതകളിലക്ക് കടക്കണമെങ്കിൽ പക്ഷേ ഈ മത്സര പരീക്ഷകൾ മികച്ചരീതിയിൽ വിജയിച്ച് മുന്നേറുകയും വേണം. ഇത്തരം പരീക്ഷകളുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകളും പേടിയും അകറ്റാൻ പ്രമുഖ കരിയർ ട്രെയിനറും സ്റ്റുഡന്റ് മെന്ററുമായ, ഐ.ഐ.ടി മദ്രാസിൽനിന്ന് സ്വർണമെഡലോടെ പഠനം പൂർത്തിയാക്കിയ ആർ. മുഹമ്മദ് ഇഖ്ബാൽ നിങ്ങൾക്കൊപ്പമുണ്ടാകും. 'ഹൗ ടു ഫേസ് കോമ്പിറ്റേറ്റീവ് എക്സാം' എന്ന വിഷയത്തെ അധികരിച്ചാവും അദ്ദേഹം ക്ലാസ് നയിക്കുക.
മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ ഹോളിലും മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലുമാണ് എജുകഫെ നടക്കുക. വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണ്ണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി സിജി നടത്തുന്ന 'സി ഡാറ്റ്' ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും സൈലം (Xylem) നടത്തുന്ന 'Buzz the Brain' ക്വിസ് മത്സരവും എജുകഫെയുടെ ഭാഗമായി നടക്കും. ഇതുകൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളും എജുകഫെയിലുണ്ടാകും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഇത് സൗജന്യമായിരിക്കും. കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവീസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും. ഓൺലൈനായി എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. തന്നിരിക്കുന്ന QRകോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുകൂടാതെ ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം. കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ നടക്കുന്ന എജുകഫെയിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9497 197 794, വെബ്സൈറ്റ്: https://myeducafe.com/. സൈലം (Xylem) ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് (Steyp) ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.