തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള കോളജുകളിലേക്കും മുന്നാക്ക സംവരണ അലോട്ട്മെൻറ് നടത്തി എൻജിനീയറിങ് പ്രവേശനത്തിൽ അട്ടിമറി. കൊല്ലം ടി.കെ.എം എൻജിനീയറിങ്, കോതമംഗലം മാർ അത്തനേഷ്യസ് എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര, സംസ്ഥാന സർക്കാർ ഉത്തരവുകൾ മറികടന്ന് അലോട്ട്മെൻറ് നടത്തിയത്. വെള്ളിയാഴ്ച രാത്രി പ്രസിദ്ധീകരിച്ച അലോട്ട്മെൻറ് പ്രകാരം രണ്ട് കോളജുകളിലേക്കും നിലവിെല സീറ്റിെൻറ 10 ശതമാനം അധികം സീറ്റിലേക്കാണ് മുന്നാക്ക സംവരണ പ്രകാരം സർക്കാർ അലോട്ട്മെൻറ് നടത്തിയത്.
ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ മുന്നാക്ക സംവരണം പാടില്ലെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉത്തരവ്. രണ്ട് കോളജുകളിലും 10 ശതമാനം എന്ന നിലയിൽ മൊത്തം 100 സീറ്റുകൾ അനുവദിച്ചാണ് മുന്നാക്ക സംവരണ പ്രകാരം അലോട്ട്മെൻറ് നടത്തിയത്. ടി.കെ.എമ്മിൽ ആകെ 55 സീറ്റിലും കോതമംഗലം കോളജിൽ 45 സീറ്റിലുമാണ് അലോട്ട്മെൻറ് നടത്തിയത്. സ്വകാര്യ സ്വാശ്രയ കോളജുകളിൽ ന്യൂനപക്ഷ പദവിയുള്ളവയെ മുന്നാക്ക സംവരണത്തിൽനിന്ന് ഒഴിവാക്കിയപ്പോഴാണ് സീറ്റ് ഡിമാൻഡുള്ള ന്യൂനപക്ഷ പദവിയുള്ള രണ്ട് മുൻനിര എയ്ഡഡ് കോളജുകളിലേക്ക് അലോട്ട്മെൻറ് നടത്തിയത്.
ദേശീയ കമീഷൻ ന്യൂനപക്ഷ പദവി അനുവദിച്ചവയാണ് രണ്ട് കോളജുകളും. ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന പട്ടിക പ്രകാരമാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് അലോട്ട്മെൻറ് നടത്തുന്നത്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് കോളജുകളിൽ മുന്നാക്ക സംവരണം നടപ്പാക്കുന്നത് ഫയലിൽ ചൂണ്ടിക്കാട്ടിയിട്ടും നടപ്പാക്കാനുള്ള നിർദേശമാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകിയത്.
സർക്കാറുമായി ഏറ്റുമുട്ടൽ ഭയന്ന് കോളജ് മാനേജ്മെൻറുകൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം മെഡിക്കൽ ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകളിൽ വഴിവിട്ട രീതിയിൽ സീറ്റ് നീക്കിവെച്ചാണ് സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇൗ വർഷം പ്ലസ് വൺ പ്രവേശനത്തിലും ഇത് ആവർത്തിച്ചതിനു പിന്നാലെയാണ് എൻജിനീയറിങ് പ്രവേശനത്തിലും തുടർക്കഥയാകുന്നത്.
ന്യൂനപക്ഷപദവിയുള്ള രണ്ട് എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ മുന്നാക്കസംവരണത്തിന് അലോട്ട്മെൻറ് നടത്തിയത് ഉദ്യോഗസ്ഥതല പിഴവാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. ആവശ്യമായ തിരുത്തൽ വരുത്താൻ പ്രവേശനപരീക്ഷ കമീഷണർക്ക് നിർദേശം നൽകുമെന്നും മന്ത്രി 'മാധ്യമ'ത്തോട് പറഞ്ഞു.
'മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10 ശതമാനത്തിൽ കൂടാത്ത സീറ്റ് സംവരണം അനുവദിക്കാമെന്നും എന്നാൽ, ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നും കേന്ദ്രമാനവശേഷി മന്ത്രാലയം 2019 ജനുവരി 17ന് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ഭരണഘടന ആർട്ടിക്കിൾ 30(1) പ്രകാരമാണിത്.
ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെ, ഒ.ബി.സി സംവരണമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സീറ്റ് സംവരണമാകാമെന്നാണ് റിട്ട. ജസ്റ്റിസ് കെ. ശശിധരൻ നായർ കമീഷെൻറ ശിപാർശ പ്രകാരം 2020 ജനുവരി മൂന്നിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
എന്നാൽ, എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിൽ മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് ഒക്ടോബർ 15ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽനിന്ന് 'ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെ' എന്ന ഭാഗം ഒഴിവാക്കി. ഉത്തരവിെൻറ ആദ്യഭാഗത്ത് സാഹചര്യം വിശദീകരിക്കുന്നിടത്ത് ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെ എന്ന് പറയുന്നെങ്കിലും ഉത്തരവ് പറയുന്നിടത്ത് ഇൗ ഭാഗം വിട്ടു. ഇത് ബോധപൂർവമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ന്യൂനപക്ഷ പദവിയുള്ള രണ്ട് എയ്ഡഡ് കോളജുകളിൽ മുന്നാക്ക സംവരണം നടപ്പാക്കിയതിന് ന്യായീകരിച്ച് പ്രവേശന പരീക്ഷ കമീഷണറുടെ കാര്യാലയം. രണ്ടു കോളജുകളും സർക്കാർ സഹായം (എയ്ഡ്) പറ്റുന്നവ എന്ന നിലയിലാണ് അലോട്ട്മെൻറ് നടത്തിയതെന്നാണ് വിശദീകരണം.
ന്യൂനപക്ഷ പദവിയുണ്ടെങ്കിലും ഇൗ കോളജുകളിൽ ന്യൂനപക്ഷ ക്വോട്ട സീറ്റുകളില്ല. ന്യൂനപക്ഷ ക്വോട്ട സീറ്റുകൾ ഉള്ള സ്വാശ്രയ കോളജുകളെ ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശവും സീറ്റ് വിഹിതവും (മെട്രിക്സ്) പ്രകാരമാണ് അലോട്ട്മെൻറ് നടത്തിയത്. എന്നാൽ, കേന്ദ്ര/ സംസ്ഥാന സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല.
സർക്കാറിൽനിന്ന് വ്യക്തത തേടുമെന്ന് പ്രവേശന പരീക്ഷ കമീഷണർ എ. ഗീത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.