തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ മെറിറ്റടിസ്ഥാനത്തിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ 42 ശതമാനവും തെരഞ്ഞെടുത്തത് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബ്രാഞ്ച്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് തെരഞ്ഞെടുത്തവരുടെ എണ്ണത്തിലും വർധനയുണ്ട്.
17,457 വിദ്യാർഥികൾക്കാണ് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്റ് നൽകിയത്. ഇതിൽ 7395 പേരും കമ്പ്യൂട്ടർ സയൻസിലും കമ്പ്യൂട്ടർ സയൻസിൽ തന്നെ വ്യത്യസ്ത സ്പെഷലൈസേഷനുള്ള ബ്രാഞ്ചിലുമായി അലോട്ട്മെന്റ് നേടി. ഇതിൽ 6194 പേരും സ്പെഷലൈസേഷനില്ലാതെയുള്ള കമ്പ്യൂട്ടർ സയൻസ് (സി.എസ്) ബ്രാഞ്ചിലാണ് അലോട്ട്മെന്റ് നേടിയത്. കമ്പ്യൂട്ടർ സയൻസിൽ തന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് ആൻഡ് സൈബർ സെക്യൂരിറ്റി തുടങ്ങിയവയിൽ സ്പെഷലൈസേഷനുള്ള കോഴ്സുകളിലാണ് മറ്റുള്ളവർ പ്രവേശനം നേടിയത്. കമ്പ്യൂട്ടർ സയൻസ് ഒഴികെയുള്ള ബ്രാഞ്ചുകളിലെല്ലാം അലോട്ട്മെന്റ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവുണ്ട്. കൂടുതൽ വിദ്യാർഥികൾ തെരഞ്ഞെടുത്തതിൽ രണ്ടാമതായുള്ള ബ്രാഞ്ച് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഇ.സി) ആണ്; 2650 പേർ. നേരത്തെ ഏറെ ഡിമാൻഡുണ്ടായിരുന്ന മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഇത്തവണ അലോട്ട്മെന്റ് നേടിയത് 1671 പേരാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 1581 പേരും സിവിൽ എൻജിനീയറിങ്ങിൽ 1458 പേരും അലോട്ട്മെന്റ് നേടി. വർധിച്ച തൊഴിൽ സാധ്യതയാണ് കമ്പ്യൂട്ടർ സയൻസിനെ ഇഷ്ട ബ്രാഞ്ചായി നിലനിർത്തുന്നത്. ഇത്തവണ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്റ് നൽകിയ ആദ്യ നൂറുപേരിൽ 77 പേരും തെരഞ്ഞെടുത്തത് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചാണ്.
അലോട്ട്മെന്റ് നൽകിയ മൊത്തം വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷം മൂന്നാം ഘട്ടത്തിൽ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ കോളജുകളിലേക്കായി പ്രവേശന പരീക്ഷ കമീഷണർ 18624 പേർക്കാണ് അലോട്ട്മെന്റ് നൽകിയത്. ഇത്തവണ 1167 കുട്ടികൾ കുറഞ്ഞ് 17457 ആയി. പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെന്റിൽ തന്നെ കുട്ടികൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് മൊത്തം പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
മെറിറ്റ്, മാനേജ്മെന്റ്, എൻ.ആർ.ഐ ക്വോട്ടയിലേതുൾപ്പെടെ മൊത്തം 49,461 സീറ്റുകളിലേക്കാണ് ഇത്തവണ എൻജിനീയറിങ് പ്രവേശനം. ഇതിൽ ഒമ്പത് സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും മൂന്ന് എയ്ഡഡ് കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്റ് നടത്തുന്നത്. ഒഴിവുള്ള എൻജിനീയറിങ് സീറ്റുകളിൽ പ്രവേശനത്തിന് എൻട്രൻസ് യോഗ്യത ഒഴിവാക്കിയതിലൂടെ വിദ്യാർഥികൾ വർധിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്തവണ പ്രവേശനം നേടുന്ന മൊത്തം കുട്ടികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.