തിരുവനന്തപുരം: എൻജിനീയറിങ് കോളജ് അലോട്ട്മെൻറ് പൂർത്തിയായപ്പോൾ 58 ശതമാനം മെറിറ്റ് സീറ്റും കാലി. പ്രവേശനപരീക്ഷ കമീഷണർ അലോട്ട്മെൻറിലൂടെ നികത്തേണ്ട 33,012 സീറ്റിൽ 13958 ലേക്ക് മാത്രമേ വിദ്യാർഥികൾ എത്തിയുള്ളൂ. ഒഴിഞ്ഞുകിടക്കുന്നത് 19054 സീറ്റ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്ര എൻജിനീയറിങ് മെറിറ്റ് സീറ്റിൽ കുട്ടികളെ കിട്ടാതെവരുന്നത്. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 15,521 മെറിറ്റ് സീറ്റാണ് ഒഴിവുള്ളത്. 25 സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 3402 സീറ്റും ഒഴിവാണ്. സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ 131 സീറ്റും ഒഴിവുണ്ട്.
സർക്കാർ, എയ്ഡഡ് കോളജുകളിലെ ഒഴിവ് നികത്താൻ വ്യാഴാഴ്ച തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തും. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ മാനേജ്മെൻറ് സീറ്റിലെ പ്രവേശന കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 22,000ത്തോളം സീറ്റാണ് മാനേജ്മെൻറ് ക്വോട്ടയിലുള്ളത്. കഴിഞ്ഞവർഷം മൊത്തം സീറ്റിൽ 40 ശതമാനമായിരുന്നു ഒഴിവ്. ഇത്തവണ മെറിറ്റ് സീറ്റിൽതന്നെ 58 ശതമാനത്തിലേക്കും കുട്ടികളെ കിട്ടിയില്ലെന്നത് മൊത്തം ഒഴിവുകളുടെ എണ്ണം 60 ശതമാനം കവിയുമെന്ന സൂചനയാണ്.
59 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ 131 ബാച്ചിലേക്ക് ഇത്തവണ ഒരു കുട്ടിപോലും പ്രവേശനം നേടിയിട്ടില്ല. ഇതിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചാണ്; 40 കോളജുകളിൽ ഇൗ ബ്രാഞ്ചിലെ പ്രവേശനം പൂജ്യമാണ്. തൊട്ടുപിന്നിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചാണ്. 33 കോളജുകളിൽ ഇൗ ബ്രാഞ്ചിൽ ഒരാൾേപാലും പ്രവേശനം നേടിയിട്ടില്ല. കമ്പ്യൂട്ടർ സയൻസിൽ 17 ബാച്ചിലും മെക്കാനിക്കലിൽ 15 ബാച്ചിലും സിവിൽ എൻജിനീയറിങ്ങിൽ 13 ബാച്ചിലും ആളില്ല.
സ്വാശ്രയ കോളജുകളിൽ ഏറ്റവും കൂടുതൽ മെറിറ്റ് സീറ്റ് ഒഴിവ് മെക്കാനിക്കൽ ബ്രാഞ്ചിലാണ്; 3554. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 1225, ഇലക്ട്രിക്കലിൽ 808, കമ്പ്യൂട്ടർ സയൻസിൽ 621, മെക്കാനിക്കലിൽ 231, െഎ.ടിയിൽ 297, സിവിൽ എൻജിനീയറിങ്ങിൽ 162 സീറ്റുകളാണ് സർക്കാർ നിയന്ത്രിത കോളജുകളിൽ ഒഴിഞ്ഞുകിടക്കുന്നത്.
ഒഴിവുള്ള സീറ്റ് എൻ.ആർ.െഎ ക്വോട്ടയായി; പരീക്ഷ ജയിക്കാത്തവർക്കും പ്രവേശനം
തിരുവനന്തപുരം: പ്രവേശന പരീക്ഷയിൽ യോഗ്യത നേടാത്തവർക്കും എൻജിനീയറിങ് പ്രവേശനത്തിന് വഴി തുറന്ന് സർക്കാർ ഉത്തരവ്. ഇതിന് ഒഴിവുള്ള എൻജിനീയറിങ് സീറ്റുകൾ എൻ.ആർ.െഎ ക്വോട്ടയിലേക്ക് മാറ്റി പ്രവേശനം നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. നിലവിൽ എൻ.ആർ.െഎ ക്വോട്ടയിൽ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ വിജയിക്കേണ്ടതില്ല. ഒഴിവുള്ള സീറ്റ് എൻ.ആർ.െഎ ക്വോട്ടയിൽ നികത്താൻ അനുമതി നൽകുന്നതോടെ പ്രവേശന പരീക്ഷ വിജയിക്കാത്തവർക്ക് പ്രവേശനം എളുപ്പമാകും.
സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 15 ശതമാനം സീറ്റ് എൻ.ആർ.െഎ ക്വോട്ടയിലുണ്ട്. ഇതിന് പുറമെയാണ് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾകൂടി എൻ.ആർ.െഎ ക്വോട്ടയിലേക്ക് മാറ്റാൻ അനുമതി നൽകിയത്. എൻ.ആർ.െഎ സ്പോൺസർഷിപ് സംഘടിപ്പിച്ചാൽ ഏത് വിദ്യാർഥിക്കും ഇൗ ക്വോട്ടയിൽ പ്രവേശനം തരപ്പെടുത്താം. എ.െഎ.സി.ടി.ഇ ഹാൻഡ്ബുക്കിലെ നിർദേശം നടപ്പാക്കുന്നുവെന്ന പേരിലാണ് സർക്കാർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.