തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് ഇത്തവണ മലയാളത്തിൽ ചോദ്യമില്ല. മലയാളത്തിൽ ചോദ്യം തയാറാക്കുന്നതിന് സമയം അപര്യാപ്തമായതിനാലാണ് ഒഴിവാക്കുന്നത്. അടുത്ത വർഷം മുതൽ മലയാള ചോദ്യങ്ങളുണ്ടാകും. മലയാളം നിർബന്ധമാക്കി നിയമം നിലവിൽ വന്ന സാഹചര്യത്തിലാണ് ചോദ്യങ്ങളുടെ മലയാള വിവർത്തനം ഉൾപ്പെടുത്താൻ നിർദേശം വന്നത്.
മെഡിക്കൽ, എൻജിനീയറിങ് പ്രവേശന വിജ്ഞാപനം ഫെബ്രുവരി ഒന്നിനോ മൂന്നിനോ പ്രസിദ്ധീകരിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സ്പോട്ട് അഡ്മിഷനും ഒാൺലൈനായി നടത്തും. നേരത്തേ മുഖ്യ അലോട്ട്മെൻറുകൾ മാത്രമാണ് ഒാൺലൈനായി നടത്തിയിരുന്നത്. പ്രവേശനപരീക്ഷക്ക് നെഗറ്റിവ് മാർക്ക് തുടരും.
മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് ഒാൺലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ നൽകാം. ഇത്തവണ അപേക്ഷയുടെ പ്രിൻറൗട്ട് കമീഷണർക്ക് അയക്കേണ്ടതില്ല. പകരം അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഒാൺലൈനായി അപ്ലോഡ് ചെയ്താൽ മതി. മാർച്ച് 31 വരെ രേഖകൾ ഒാൺലൈനായി സമർപ്പിക്കാം.
ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ നമ്പർ അപേക്ഷയിൽ നൽകിയാൽ ഒാൺലൈനായി പരിശോധന പൂർത്തിയാക്കുന്ന സംവിധാനവും ഇത്തവണ പരീക്ഷിക്കും. സ്വാശ്രയ കോളജുകളിലേക്ക് ഉൾപ്പെടെ ഇത്തവണ എൻജിനീയറിങ്ങിന് മൂന്ന് അലോട്ട്മെൻറ് ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം വരെ രണ്ട് അലോട്ട്മെൻറായിരുന്നു. ഏപ്രിൽ 22, 23 തീയതികളിലാണ് എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് മേയ് അഞ്ചിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.