ഭോപാൽ: മധ്യപ്രദേശിലെ എൻജിനീയറിങ് വിദ്യാർഥികൾക്ക് രാമായണവും മഹാഭാരതവും രാമസേതുവും സിലബസിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നീക്കം. എം.ബി.ബി.എസ് വിദ്യാർഥികളുടെ സിലബസിൽ ആർ.എസ്.എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവറിനെയും ജനസംഘ് സ്ഥാപകൻ ദീൻദയാൽ ഉപാധ്യായയെയും ഉൾപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണിത്.
രാമായണത്തിലെയും മഹാഭാരതത്തിലെയും ഭാഗങ്ങൾക്ക് പുറമെ രാമസേതുവും പഠനവിഷയമാക്കും. രാമൻ തന്‍റെ പത്നിയായ സീതയെ രാവണിൽനിന്ന് വീണ്ടെടുക്കാൻ രാമസേതു നിർമിക്കുകയും ലങ്കയിലെത്തി രാവണനെ നിഗ്രഹിച്ചുവെന്നുമാണ് ഐതിഹ്യം. രാമസേതു പഠിക്കുന്നതിലൂടെ രാമന്‍റെ കാലഘട്ടത്തിലെ എൻജിനീയറിങ് വിദ്യകളെക്കുറിച്ച് വിദ്യാർഥികൾക്ക് പഠിക്കാൻ അവസരമൊരുങ്ങുമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
സിലബസിൽ ഇവ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും രാമന്‍റെ സ്വഭാവത്തെക്കുറിച്ചും ആ കാലഘട്ടത്തിലെ അദ്ദേഹത്തിൻറെ സംഭാവനകളെക്കുറിച്ചും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ പഠിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മോഹൻ യാദവ് പറഞ്ഞു. ഗസലുകളിലൂടെ ഉർദുവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നതവിദ്യാഭ്യാസത്തിൽ രാമചരിതവും മഹാഭാരതവും പഠിപ്പിക്കാനും ബി.ജെ.പി സർക്കാർ തീരുമാനിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരു സിലബസും ഇതിനായി തയാറാക്കി കഴിഞ്ഞു. ബി.എ അപ്ലൈഡ് ഫിലോസഫി സിലബസിലാകും ഇവ ഉൾപ്പെടുക. ഓപ്ഷനൽ വിഷയമായാണ് ഇവ തെരഞ്ഞെടുക്കുക. 100 മാർക്കിന്‍റെ ചോദ്യപേപ്പറായിരുന്നു ഇതിന് നൽകുക.
അതേസമയം, ബി.ജെ.പി സർക്കാറിന്‍റെ നീക്കത്തിനെതിരെ മധ്യപ്രദേശിലെ കോൺഗ്രസ് രംഗത്തെത്തി. രാമചരിതവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ ഖുറാനും ബൈബിളും ഗുരുഗ്രന്ഥ് സാഹിബും സിലബസിൽ ഉൾപ്പെടുത്തണമെന്ന് ഭോപാൽ മധ്യ എം.എൽ.എ ആരിഫ് മസൂദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.