ഒരു പരീക്ഷക്കാലം കൂടി എത്തിയിരിക്കുന്നു. പണ്ടത്തെപ്പോലെ കുട്ടികൾക്ക്, പ്രത്യേകിച്ച് കോവിഡ് കാലത്തിനുശേഷം വലിയ ആശങ്കയോ ആവലാതിയോ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം. എന്നിരുന്നാലും ഓരോ രക്ഷകർത്താവും മക്കൾക്ക് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് കിട്ടണമെന്ന മോഹം വെച്ചുപുലർത്തുന്നു. പണ്ടുമുതലേ പൊതുപരീക്ഷകളിൽ വിജയം നേടേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തിരുന്നു.
മറ്റ് പരീക്ഷകളിൽനിന്ന് വ്യത്യസ്തമായി നടത്തിപ്പിൽ ചില പ്രത്യേകതകൾ ഉണ്ടെന്നൊഴിച്ചാൽ പൊതുപരീക്ഷകളിൽ എന്താണ് ഭയക്കാനുള്ളത്? പത്താം ക്ലാസ് പരീക്ഷയും പ്ലസ് ടു പരീക്ഷയുമൊക്കെ വലിയ കടമ്പയാണ് എന്നുള്ളതരത്തിൽ നമ്മുടെ ഉപബോധമനസ്സിൽ കോറിയിടപ്പെട്ട ഭയം മായാതെ കിടക്കുന്നതുകൊണ്ടാണ് ഇത്തരം ആശങ്കകൾ. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപരി വിദ്യാഭ്യാസത്തിനു പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിലയിരുത്താൻ പാടില്ല. അത് നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം.
ഈ വേളകളിൽ കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകർന്നുനൽകുകയാണ് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്. അല്ലാതെ അവരെ പറഞ്ഞു ഭയപ്പെടുത്തുകയല്ല. പൊതു പരീക്ഷകളിൽ വളരെ കുറഞ്ഞ നിലവാരം പുലർത്തിയ എത്രയോ പേർ പിൽക്കാലത്ത് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരം പരീക്ഷകളിൽ കുട്ടികൾക്കായി ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അതിനായി ചില കാര്യങ്ങൾ മാത്രം താഴെ സൂചിപ്പിക്കുന്നു.
പരീക്ഷക്കുമുമ്പ് ശ്രദ്ധിക്കേണ്ടത്
- ഏകാഗ്രതക്കും മനഃശാന്തിക്കും വേണ്ടി ദിവസവും അൽപനേരം ധ്യാനനിരതരാവുക
- പഠനമുറിയിൽ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക
- പതിവിൽ കൂടുതൽ സമയം ഉറക്കമൊഴിക്കുന്നത് ഒഴിവാക്കുക
- ഓരോ മണിക്കൂറിലും അഞ്ചുമിനിറ്റു സമയം ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക
- മറവി ഒഴിവാക്കാൻ, ഓരോ ദിവസവും മുമ്പ് പഠിച്ച പാഠഭാഗങ്ങളുടെ ചെറു കുറിപ്പുകൾ മറിച്ചുനോക്കുക
- ശാരീരികവും മാനസികപരവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക
- ഈ സമയങ്ങളിൽ, കൂട്ടുകാരുമായി ‘എന്തൊക്കെ പഠിച്ചു, ഏതുവരെ പഠിച്ചു’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
- മെമ്മറി ടെക്നിക്കുകൾ പ്രയോജനപ്പെടുത്തുക.
പരീക്ഷസമയം ശ്രദ്ധിക്കേണ്ടത്
- പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്കൂളിലെത്തുക (ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ)
- കൂട്ടുകാരുമായുള്ള താരതമ്യ പഠനം, ചർച്ച എന്നിവ ഒഴിവാക്കുക.
- ആദ്യ ബെല്ലിനു 10 മിനിറ്റുമുമ്പേ പാഠപുസ്തകം അടച്ചുവെക്കുക.
- പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുക.
- അഞ്ചുമിനിറ്റ് കണ്ണടച്ചിരുന്ന് മനസ്സിനെ ഏകാഗ്രമാക്കുക. പരീക്ഷക്കുമുമ്പേ ലഭിക്കുന്ന 15 മിനിറ്റും പ്രയോജനപ്പെടുത്തുക. ചോദ്യപ്പേപ്പർ കിട്ടിയയുടൻ മനസ്സിരുത്തി വായിക്കുക.
- ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങൾക്ക് പെൻസിൽകൊണ്ട് നമ്പറിടുക.
- ആദ്യ പേജിൽ ഏറ്റവും അറിയാവുന്ന ചോദ്യം ഏറ്റവും വൃത്തിയായി എഴുതുക.
- പരീക്ഷയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
- അവസാന പരീക്ഷ കഴിയുന്നതുവരെ ഒരു കാരണവശാലും കൂട്ടുകാരുമായോ വീട്ടുകാരുമായോ നാട്ടുകാരുമായോ കഴിഞ്ഞ പരീക്ഷകളുടെ ‘പോസ്റ്റ്മാർട്ടം’ നടത്താതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.