മലപ്പുറം: സമസ്തയിലെ ഉന്നത നേതാവിന്റെ ബന്ധുക്കൾ പ്രതികളായ വ്യാജ നിയമനക്കേസിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് സർക്കാർ വിലക്ക്. കരുവാരകുണ്ട് ദാറുന്നജാത്ത് സ്കൂളിലെ മൂന്ന് അധ്യാപകർക്ക് വ്യാജ നിയമനരേഖയുണ്ടാക്കി ഒരു കോടിയോളം രൂപ സർക്കാറിൽനിന്ന് കൈപ്പറ്റിയ കേസിൽ വിദ്യാഭ്യാസവകുപ്പ് നടപടിക്കൊരുങ്ങിയപ്പോഴാണ് സർക്കാർ ഇടപെടൽ.
ഒരു എൽ.ഡി.എഫ് എം.എൽ.എയോടൊപ്പം ആരോപണവിധേയനായ സമസ്ത നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾക്ക് വിലങ്ങ് വീണത്.
മൂന്ന് അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും മാനേജർക്കുമെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾക്ക് ആദ്യം അനുമതി നൽകിയ സർക്കാർ ഡി.പി.ഐയിൽനിന്ന് ഫയൽ തിരിച്ചുവിളിപ്പിച്ചതായാണ് വിവരം. ഇത് വിദ്യാഭ്യാസവകുപ്പിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും വണ്ടൂർ എ.ഇ.ഒയും ഡി.പി.ഐയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ അധ്യാപകനിയമനത്തിൽ ഗുരുതര ക്രമക്കേടുകളും അട്ടിമറികളും നടന്നതായി കണ്ടെത്തിയത്. അധ്യാപകർക്കും മാനേജർക്കുമെതിരെ ക്രിമിനൽ നടപടിക്ക് ശിപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്.
സമസ്തയിലെ മുസ്ലിംലീഗ് വിരുദ്ധ വിഭാഗത്തിന്റെ മുൻനിര നേതാവിന്റെ മകളും ബന്ധുക്കളുമാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയ കേസിലെ കുറ്റക്കാർ. സ്കൂൾ മാനേജ്മെന്റിന്റെ മുൻ ഭാരവാഹികൂടിയായ എം. ഹുസൈനാർ നൽകിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയത്. ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് ഡി.ഡി.ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
കേസ് അട്ടിമറിസാധ്യതയുള്ളതിനാൽ മേയ് 28ന് പരാതിക്കാരൻ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. രണ്ട് തവണ സർക്കാർ അഭിഭാഷകർ വിശദീകരണം നൽകാൻ സമയം നീട്ടിവാങ്ങിയിരിക്കുകയാണ്.
അതിനിടെ കേസിൽ സർക്കാർതലത്തിൽ വീണ്ടും ഹിയറിങ് നടത്താനുള്ള നടപടി തുടങ്ങി. ഗൗരവമുള്ള കേസിൽ നടപടികൾ വൈകിക്കാനുള്ള നീക്കമാണിതെന്ന് പരാതിക്കാരനായ എം. ഹുസൈനാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.