അബുസ്സബാഹ് മൗലവി, കെ.എം. സീതി സാഹിബ്, എം.വി. ഹൈദ്രോസ് വക്കീൽ ഉൾപ്പെടെയുള്ള മഹാരഥന്മാർ 1948ൽ ഫാറൂഖ് കോളജ് സ്ഥാപിക്കുമ്പോൾ അതിന് അതിമഹത്തായ ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യപ്രാപ്തിക്കായുള്ള കുതിപ്പിനും കിതപ്പിനും 75 വർഷം പൂർത്തിയാകുമ്പോൾ സ്ഥാപനത്തിന്‍റെ പുരോഗതിക്കുവേണ്ടി പ്രയത്നിച്ച എല്ലാ മഹദ്വ്യക്തിത്വങ്ങളെയും ഞാൻ അനുസ്മരിക്കുകയാണ്. മലബാർ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന കാലഘട്ടത്തിൽ തുടക്കമിട്ട ഫാറൂഖ് കോളജ് വിപ്ലവാത്മകമായ മാറ്റങ്ങളാണുണ്ടാക്കിയത്. മാറ്റങ്ങൾ അനുഭവവേദ്യമാണെന്നതിനാൽ അതിലേക്ക് ഞാൻ വിശദമായി കടക്കുന്നില്ല. 2009ൽ കേന്ദ്ര സർക്കാറിന്‍റെ ന്യൂനപക്ഷ പദവി നേടിയ കോളജിന് 2015ലാണ് സ്വയംഭരണ പദവി ലഭിക്കുന്നത്. നാകിന്‍റെ അക്രഡിറ്റേഷൻ അംഗീകാരങ്ങൾ ഉൾപ്പെടെ കോളജിനെ തേടിയെത്തിയതിൽ അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം പങ്കുണ്ട്. പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘ഫോസ’യുടെ പങ്ക് എടുത്തുപറയേണ്ടതാണ്.
ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സന്തോഷ വേളയിൽ പൂർവ വിദ്യാർഥികളും ‘ഫോസ്റ്റാൾജിയ 23’ എന്ന പേരിൽ ആഘോഷത്തിൽ പങ്കാളികളാകുന്നു എന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ‘ഫോസ’ക്ക് ഇന്ത്യയിലും മിഡിലീസ്റ്റിലും കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലുമായി 14 ചാപ്റ്ററുകളുണ്ട്. ഫാറൂഖ് കോളജിലെ ഡയാലിസിസ് സെന്‍ററിന് ആറ് മെഷീനുകൾ സംഭാവന ചെയ്തത് ‘ഫോസ’യാണ്. കഴിഞ്ഞ 75 വർഷത്തിനിടയിൽ ഈ കലാലയത്തിൽ പഠിച്ചിറങ്ങിയ 50,000 വിദ്യാർഥികളിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായ സ്ഥാനങ്ങളിൽ ജോലി ചെയ്‌തും ബിസിനസ് ചെയ്‌തും സന്തോഷത്തോടെ ജീവിക്കുന്നു എന്നത് ഏറെ ആഹ്ലാദം നൽകുന്നു. കോളജിന്‍റെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുമ്പോൾ എന്നും കൂടെ നിന്നിട്ടുള്ളത് ഫോസ അംഗങ്ങളാണ്. ആ ധൈര്യം തന്നെയാണ് ഏത് പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും മാനേജ്‌മെന്‍റിന് ആത്മവിശ്വാസം നൽകുന്നത്. ഇക്കാര്യത്തിൽ ദുബൈ, കുവൈത്ത്, ഖത്തർ ചാപ്റ്ററുകളുടെ പങ്ക് വളരെ വലുതാണ്.
കോളജിനെ സർവകലാശാലയാക്കി ഉയർത്തുക എന്ന വലിയ ലക്ഷ്യമാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെടേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കേണ്ടതുണ്ട്. മാറുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് ലാബുകളും അനുബന്ധ പ്രവർത്തനങ്ങളും മാറേണ്ടിവരും. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കുകയും പുനഃക്രമീകരിക്കുകയും വേണം. അക്കാദമിക് ലോകം, സമൂഹം, വ്യവസായം, തൊഴിൽ വിപണി, അന്താരാഷ്ട്ര സാഹചര്യം എന്നിവയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി പരമ്പരാഗത വിദ്യാഭ്യാസരീതി പൊളിച്ചെഴുതി കോളജിൽ പുതുതലമുറ കോഴ്സുകൾ കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി വിശാലമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. കോളജ് ഹോസ്റ്റലുകൾ ഉൾപ്പെടെ നവീകരിക്കണം.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാലത്ത് അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഒരുക്കണം. ഗവേഷകർക്കും അധ്യാപകർക്കും കൂടുതൽ പ്രയോജനപ്പെടത്തക്കവിധം ലൈബ്രറിയുടെ നവീകരണവും ആധുനിക കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ പദ്ധതികളുടെ
പൂർത്തീകരണവും കമ്മിറ്റിക്ക് മുന്നിലുണ്ട്. 56 ഏക്കറിൽ പരന്നുകിടക്കുന്ന കാമ്പസിൽ സ്ഥലപരിമിതിയുണ്ടെന്നത് യാഥാർഥ്യമാണ്. കൊണ്ടോട്ടിയിൽ ഫാറൂഖ് കോളജ് മാനേജ്മെന്റിന്റെ അധീനതയിലുള്ള 14 ഏക്കർ ഭൂമിയിൽ പുതിയ കാമ്പസ് രൂപപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. മാനേജ്മെന്‍റും പൂർവ വിദ്യാർഥികളും ഒന്നിച്ചു ശ്രമിച്ചാൽ ലക്ഷ്യം കൈവരിക്കൽ എളുപ്പമാകും, തീർച്ച.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.