ദുബൈ: രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്ക് ആറുശതമാനം വരെ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ (കെ.എച്ച്.ഡി.എ) അനുമതി. അടുത്തിടെ നടന്ന പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കാണ് മൂന്നുമുതൽ ആറുശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയത്. നിലവാരം മോശമായ സ്കൂളുകൾക്ക് ഫീസ് വർധന അനുവദിക്കില്ല. പരിശോധനയിൽ ഇന്ത്യൻ സ്കൂളുകളിൽ ഭൂരിപക്ഷവും നിലവാരം മെച്ചപ്പെടുത്തിയിരുന്നു.
പുതിയ അധ്യയന വർഷം (2023-24) മുതലാണ് ഫീസ് വർധന നിലവിൽവരുക. കോവിഡ് എത്തിയശേഷം ആദ്യമായാണ് ഫീസ് വർധനവിന് അനുമതി നൽകുന്നത്. അടുത്തിടെ ദുബൈ സ്കൂൾസ് ഇൻസ്പെക്ഷൻ ബ്യൂറോ വിദ്യാലയങ്ങളിൽ പരിശോധന നടത്തി നിലവാരം വിലയിരുത്തിയിരുന്നു. പഴയ നിലവാരത്തിൽത്തന്നെ തുടരുന്ന സ്കൂളുകൾക്ക് മൂന്നുശതമാനം വരെ ഫീസ് വർധിപ്പിക്കാം. മൂന്ന് വിഭാഗം സ്കൂളുകൾക്കാണ് ആറുശതമാനം വരെ ഫീസ് വർധനവിന് അനുമതി നൽകിയത്.
വളരെ മോശം എന്ന നിലയിൽനിന്ന് മോശം എന്ന നിലയിലേക്ക് മാറിയ സ്കൂളുകൾ, മോശം എന്ന നിലയിൽനിന്ന് ശരാശരിയായവർ, ശരാശരിയിൽനിന്ന് മികച്ചതായവർ എന്നിവർക്കാണ് ആറുശതമാനം വർധന അനുവദിച്ചത്. മികച്ചത് എന്ന നിലയിൽനിന്ന് വളരെ മികച്ചതായി മാറിയ സ്കൂളുകൾക്ക് 5.25 ശതമാനം വർധിപ്പിക്കാം. വളരെ മികച്ചത് എന്നതിൽനിന്ന് വിശിഷ്ടമായ നിലയിലേക്ക് മാറിയവർക്ക് 4.5 ശതമാനം വർധിപ്പിക്കാനാണ് അനുമതി.
2016 മുതലാണ് എജുക്കേഷൻ കോസ്റ്റ് ഇൻഡക്സിന്റെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിച്ചുതുടങ്ങിയത്. 2017-18 അധ്യയന വർഷത്തിൽ 2.4 ശതമാനം മുതൽ 4.8 ശതമാനം വരെ വർധിപ്പിച്ചിരുന്നു. 2018-19 കാലയളവിൽ വർധനവുണ്ടായില്ല. 2019-20ൽ ഭൂരിപക്ഷം സ്കൂളുകളും രണ്ടുശതമാനം വർധിപ്പിച്ചു. 2020ൽ കോവിഡ് എത്തിയതോടെ ഫീസ് വർധന മരവിപ്പിച്ചിരുന്നു. മൂന്നുവർഷത്തിന് ശേഷമാണ് വീണ്ടും വർധിപ്പിക്കുന്നത്.
രക്ഷിതാക്കൾക്ക് ചെലവേറും
സ്കൂൾ ഫീസ് വർധിപ്പിക്കുന്നതോടെ പ്രവാസികളടക്കമുള്ള രക്ഷിതാക്കളുടെ ചെലവേറും. കോവിഡിൽ പ്രതിസന്ധിയിലായ കാലത്ത് ഫീസ് വർധന മരവിപ്പിച്ചത് രക്ഷിതാക്കൾക്ക് ആശ്വാസമായിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞെങ്കിലും ഈ അധ്യയന വർഷത്തിലും ഫീസ് വർധിപ്പിച്ചിരുന്നില്ല. മൂന്നുവർഷത്തിന് ശേഷമാണ് ഫീസ് വർധനവിന് അനുമതി നൽകുന്നത്. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് ഫീസ് വർധിപ്പിക്കുന്നതെന്നാണ് കെ.എച്ച്.ഡി.എയുടെ അറിയിപ്പ്.
ഫീസ് വർധന വഴി സ്കൂളുകളുടെ നിലവാരവും അടിസ്ഥാന സൗകര്യവും വർധിക്കുമെങ്കിലും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ബാധ്യതയാകും. കൃത്യമായ ബജറ്റ് തീരുമാനിച്ചാണ് പ്രവാസി കുടുംബങ്ങളിൽ പലതും മുന്നോട്ടുപോകുന്നത്. ഒന്നിൽ കൂടുതൽ കുട്ടികളെ സ്കൂളിൽ അയക്കുന്നവർക്കാണ് കൂടുതൽ ബാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.