ന്യൂഡൽഹി: ഒന്നാംവർഷ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് 2020- 21 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ യു.ജി.സി പുറത്തിറക്കി.
നവംബർ ഒന്നുമുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും അധ്യയനം ഓഫ് ലൈൻ ആയോ ഓൺലൈനായോ ഇവ രണ്ടും ആയോ നടത്താമെന്നും യു.ജി.സി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ നഷ്ടമായ അധ്യയന ദിനങ്ങൾ നികത്താൻ ആഴ്ചയിൽ ആറു ദിവസം പ്രവൃത്തി ദിനമാക്കണം. മറ്റ് അവധി ദിനങ്ങളും വെട്ടിക്കുറച്ചു.
ലോക്ഡൗൺ കണക്കിലെടുത്ത് നവംബർ 30വരെ അഡ്മിഷൻ റദ്ദാക്കുകയോ കോളജ് മാറുകയോ ചെയ്താൽ പ്രത്യേക കേസായി പരിഗണിച്ച് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് അക്കാദമിക് കലണ്ടർ ട്വിറ്ററിൽ പങ്കുവെച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിച്ച അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വൈബ്സൈറ്റിൽനിന്ന് മാറ്റി.
കേസിൽ അന്തിമ തീരുമാനമായതിനു ശേഷമേ ഔദ്യോഗികമായി അക്കാദമിക് കലണ്ടർ പ്രാബല്യത്തിൽ വരൂ. പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സി.ബി.എസ്.ഇയും യു.ജി.സിയും കൂട്ടായ തീരുമാനമെടുത്ത് കോടതിയെ 24ന് മുമ്പ് അറിയിക്കാനാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരിക്കുന്നത്.
പുതിയ അകാദമിക കലണ്ടർ പ്രകാരം കേരളത്തിൽ ക്ലാസുകൾ തുടങ്ങാൻ പ്രയാസമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ തുടങ്ങി സർവകലാശാലകളിലെല്ലാം പ്രവേശന നടപടി ആരംഭിച്ചിട്ടുണ്ട്. പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.