ഒന്നാം വർഷ ബിരുദ^ബിരുദാനന്തര ക്ലാസുകൾ നവംബർ ഒന്നു മുതൽ
text_fieldsന്യൂഡൽഹി: ഒന്നാംവർഷ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് 2020- 21 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ യു.ജി.സി പുറത്തിറക്കി.
നവംബർ ഒന്നുമുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും അധ്യയനം ഓഫ് ലൈൻ ആയോ ഓൺലൈനായോ ഇവ രണ്ടും ആയോ നടത്താമെന്നും യു.ജി.സി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ നഷ്ടമായ അധ്യയന ദിനങ്ങൾ നികത്താൻ ആഴ്ചയിൽ ആറു ദിവസം പ്രവൃത്തി ദിനമാക്കണം. മറ്റ് അവധി ദിനങ്ങളും വെട്ടിക്കുറച്ചു.
ലോക്ഡൗൺ കണക്കിലെടുത്ത് നവംബർ 30വരെ അഡ്മിഷൻ റദ്ദാക്കുകയോ കോളജ് മാറുകയോ ചെയ്താൽ പ്രത്യേക കേസായി പരിഗണിച്ച് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് അക്കാദമിക് കലണ്ടർ ട്വിറ്ററിൽ പങ്കുവെച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ ആവശ്യപ്പെട്ടു.
- ഒക്ടോബർ 31നകം പ്രവേശനം പൂർത്തീകരിക്കണം
- ഒന്നാംവർഷ ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിക്കും
- മാർച്ച് ഒന്നു മുതൽ മാർച്ച് ഏഴു വരെ പരീക്ഷാ തയാറെടുപ്പുകൾക്കായി അവധി
- മാർച്ച് എട്ടു മുതൽ 26 വരെ പരീക്ഷ.
- മാർച്ച് 27 മുതൽ 2021 ഏപ്രിൽ നാലു വരെ സെമസ്റ്റർ അവധി
- അടുത്ത സെമസ്റ്റർ ക്ലാസുകൾ ഏപ്രിൽ അഞ്ചിന്
- രണ്ടാം സെമസ്റ്റർ പരീക്ഷാ തയാറെടുപ്പുകൾക്കായി ആഗസ്റ്റ് ഒന്നു മുതൽ എട്ടുവരെ അവധി
- ആഗസ്റ്റ് ഒമ്പതു മുതൽ 21 വരെ പരീക്ഷ.
- ആഗസ്റ്റ് 22 മുതൽ 29 വരെ സെമസ്റ്റർ അവധി.
കലണ്ടറിൽ അന്തിമതീരുമാനം 24നു ശേഷം
ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിച്ച അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വൈബ്സൈറ്റിൽനിന്ന് മാറ്റി.
കേസിൽ അന്തിമ തീരുമാനമായതിനു ശേഷമേ ഔദ്യോഗികമായി അക്കാദമിക് കലണ്ടർ പ്രാബല്യത്തിൽ വരൂ. പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സി.ബി.എസ്.ഇയും യു.ജി.സിയും കൂട്ടായ തീരുമാനമെടുത്ത് കോടതിയെ 24ന് മുമ്പ് അറിയിക്കാനാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ ക്ലാസുകൾ തുടങ്ങാം
പുതിയ അകാദമിക കലണ്ടർ പ്രകാരം കേരളത്തിൽ ക്ലാസുകൾ തുടങ്ങാൻ പ്രയാസമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ തുടങ്ങി സർവകലാശാലകളിലെല്ലാം പ്രവേശന നടപടി ആരംഭിച്ചിട്ടുണ്ട്. പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.