‘ഫോസ’:ഫാറൂഖിയൻസിന്റെ അഭിമാനം

ഫാറൂഖിയന്‍സ്... ഒരു കലാലയത്തില്‍ നിന്നിറങ്ങിയ തലമുറകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വൈകാരികതയുടെ പേരാണിത്. തന്നെ താനാക്കി മാറ്റിയ പൂര്‍വ വിദ്യാലയത്തോടുള്ള പ്രണയം നിറയൗവനത്തോടെ കാത്തുസൂക്ഷിക്കുന്നവരുടെ കൂട്ടായ്മയാണ് ഫോസ. ഉയര്‍ച്ചയുടെ പടവുകള്‍ കയറി കാതങ്ങള്‍ പിന്നിടുമ്പോഴും, ദീര്‍ഘവീക്ഷണത്തോടെ പൂർവസൂരികള്‍ തങ്ങള്‍ക്കായി പടുത്തുയര്‍ത്തിയ കലാലയത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നവര്‍. കേവല വിദ്യാഭ്യാസത്തിനപ്പുറം ഫാറൂഖാബാദ് അതിന്റെ സന്തതികള്‍ക്ക് പകര്‍ന്നുനല്‍കിയ ആത്മാഭിമാനത്തിന്റെയും സമര്‍പ്പണബോധത്തിന്റെയും നേര്‍സാക്ഷ്യം കൂടിയായി മാറുകയാണ് ഇന്ന് ‘ഫോസ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍.

പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത കാലത്ത്, പ്രവര്‍ത്തനങ്ങളിലെ വൈവിധ്യവും സജീവതയുമാണ് ഫോസയെ വേറിട്ടുനിര്‍ത്തുന്നത്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവിധം വളര്‍ന്ന ‘ഫോസ’ രാജ്യത്തിന് പുറത്തും നിറസാന്നിധ്യമാണ്. ആണ്ടിലൊരിക്കലോ മറ്റോ കോളജ് കാമ്പസിലെത്തി സംഗമം ആഘോഷിച്ച് പിരിഞ്ഞുപോവുന്നതിനുപകരം കലാലയം തങ്ങള്‍ക്ക് നല്‍കിയ സൗഭാഗ്യങ്ങള്‍ പിന്‍ഗാമികള്‍ക്കുകൂടി എത്തിക്കുന്നതിന് വിവിധ പദ്ധതികളും ഇവര്‍ ആസൂത്രണം ചെയ്യുന്നുവെന്നത് ഇവരെ വ്യത്യസ്തരാക്കുന്നു.

കൈത്താങ്ങാവുന്ന കണ്ണികള്‍

ഫാറൂഖാബാദില്‍നിന്ന് ആർജിച്ച വൈജ്ഞാനിക ഊര്‍ജം തന്നിലൂടെ മറ്റൊരു വിദ്യാര്‍ഥിയിൽ എത്തിക്കുന്ന ഫോസയുടെ പദ്ധതിയാണ് വണ്‍ ഫോര്‍ വണ്‍. ഒരു പൂര്‍വ വിദ്യാര്‍ഥി കോളജിലെ ഒരു നിര്‍ധന വിദ്യാര്‍ഥിയെ ദത്തെടുക്കുന്നു. 25ഓളം വിദ്യാര്‍ഥികള്‍ക്ക് ഒരോ വര്‍ഷവും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ജി.സി.സി ചാപ്റ്ററുകളില്‍നിന്നാണ് ഇതിലേക്ക് കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ എത്തുന്നത്. മാത്രമല്ല, ഫോസയുടെ പിന്തുണയോടെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കരുതല്‍ ഒരുക്കുന്ന പദ്ധതിയാണ് എജു സപ്പോര്‍ട്ട്. നിലവില്‍ ഫാറൂഖ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു. ഒരോ വര്‍ഷവും 300 വിദ്യാര്‍ഥികള്‍ക്ക് എജു സപ്പോര്‍ട്ട് തണലൊരുക്കുന്നുണ്ട്. ഫോസയുടെ വിദേശ ചാപ്റ്ററുകളാണ് എജു സപ്പോര്‍ട്ടിന്റെ പ്രധാന വരുമാനസ്രോതസ്സ്. അധ്യാപകരും രക്ഷിതാക്കളും പങ്കാളികളാവുന്ന പദ്ധതിയില്‍ ഹോസ്റ്റല്‍ ഫീസ്, വസ്ത്രം, ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കുന്നുണ്ട്.

ഫാറൂഖ് കോളജ് കാമ്പസില്‍ 11 മെഷീനുകള്‍ സജ്ജീകരിച്ച ഡയാലിസിസ് സെന്ററും പരിസര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പാലിയേറ്റിവ് ക്ലിനിക്കും പൂര്‍വ വിദ്യാര്‍ഥികള്‍ ഫാറൂഖാബാദിനു നല്‍കിയ സംഭാവനയാണ്. മുന്‍കാല എന്‍.എസ്.എസ് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ച് ദുരിതാശ്വാസ മേഖലയിലും ഫാറൂഖിയൻസ് കൈയൊപ്പ് ചാര്‍ത്തുന്നു. കണ്ണൂരിലെ നിര്‍ധന കുടുംബത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി കാഴ്ചയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുകയും സുരക്ഷിതമായി തലചായ്ക്കാന്‍ വീട് നിര്‍മിച്ചതുമടക്കം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ഫോസയുടേതായുണ്ട്.

ഫാറൂഖ് കോളജ് ഇല്ലായിരുന്നെങ്കില്‍....

ഫാറൂഖ് കോളജ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് താനിന്ന് ഈ പദവിയില്‍ എത്തിയത് എന്ന് കരുതുന്നയാളാണ് കോളജിനെ സ്വയംഭരണാവകാശ പദവിയിലേക്ക് കൈപിടിച്ച മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ. വ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച തനിക്ക് ഫാറൂഖ് കോളജ് ഇല്ലെങ്കില്‍ ഒരു പക്ഷേ കോളജ് വിദ്യാഭ്യാസം തന്നെ ലഭിക്കില്ലായിരുന്നുവെന്ന് ഇമ്പിച്ചിക്കോയ പറയുന്നു. അദ്ദേഹം മാത്രമല്ല ആദ്യകാല പൂര്‍വ വിദ്യാര്‍ഥികളില്‍ നല്ലൊരു ഭാഗവും ഈ തിരിച്ചറിവുള്ളവരാണ്. അതിനാൽ, അവരുടെ കലാലയത്തോടുള്ള ആത്മബന്ധവും അത്രമേൽ ആഴത്തിലാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വൈകാരിക ബന്ധം സൂക്ഷിക്കുന്നവരാണിവർ.

1971ല്‍ രൂപവത്കരിച്ച അലുമ്നി അസോസിയേഷനാണ് ഇന്ന് ഫോസ എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്നത്. 14 വിദേശ ചാപ്റ്ററുകളിലായി ചിറകുവിരിച്ചുനില്‍ക്കുന്നു. ജി.സി.സി രാജ്യങ്ങളെക്കൂടാതെ നോര്‍ത്ത് അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫാര്‍ ഈസ്റ്റ് തുടങ്ങിയ ചാപ്റ്ററുകളായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ജില്ലതല ചാപ്റ്ററുകള്‍ക്കുകീഴില്‍ പ്രാദേശിക ചാപ്റ്ററുകളും രൂപവത്കരിച്ച് സജീവമാകുന്ന കൂട്ടായ്മ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്നു.

ഓരോ സ്ഥലങ്ങളിലും ആവശ്യത്തിന് അനുസരിച്ചാണ് ഫാറൂഖിയന്‍സ് ഇടപെടുന്നത്. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ഡല്‍ഹി യൂനിറ്റുകള്‍ ഫാറൂഖ് കോളജിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് സർവകലാശാലകൾ തിരഞ്ഞെടുക്കാനും താമസം ഒരുക്കാനും പാര്‍ട്ട് ടൈം ജോലികള്‍ സംഘടിപ്പിക്കാനും സഹായിക്കുന്നു. യു.കെ, കാനഡ എന്നിവിടങ്ങളില്‍ ജോബ് പോര്‍ട്ടല്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. പഠിച്ച സ്ഥാപനത്തില്‍ത്തന്നെ അധ്യാപകരായി എത്തുന്നത് ഒരു പൂര്‍വ വിദ്യാര്‍ഥിക്ക് ലഭിക്കുന്ന അപൂര്‍വ ഭാഗ്യമാണ്. ഇത്തരത്തില്‍ ഫാറൂഖ് സ്ഥാപനങ്ങളില്‍ത്തന്നെ അധ്യാപകരും മറ്റ് ജീവനക്കാരുമായി എത്തിയ ഫാറൂഖിയന്‍സിന്റെ കൂട്ടായ്മയാണ് കാമ്പസ് ഫോസ. ഫാറൂഖ് കാമ്പസിലെ 10 സ്ഥാപനങ്ങളിലെ ജീവനക്കാരായ പൂര്‍വ വിദ്യാര്‍ഥികളാണ് ഇതിലെ അംഗങ്ങള്‍. ഫാ‌റൂഖാബാദിന്റെ സമീപ പ്രദേശങ്ങളിലെ പൂർവ വിദ്യാര്‍ഥികളുടെ ചാപ്റ്ററാണ് നൈബര്‍ ഫോസ. ഇങ്ങനെ ചെല്ലുന്നിടങ്ങളിലെല്ലാം ഫാറൂഖിയന്‍സ് തങ്ങളുടെ കോളജിനെയും അടയാളപ്പെടുത്തുന്നു. കാമ്പസില്‍ സ്വന്തമായി കെട്ടിടവും ഓഫിസുമുള്ള ഫോസ കാന്റീന്‍ നടത്തി അതില്‍നിന്നുള്ള വരുമാനം എജു സപ്പോര്‍ട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഫൊസ്റ്റാള്‍ജിയ: ക്ലാസ്മേറ്റ്സിന്റെ ആഘോഷം

2006ലാണ് ഫോസ രൂപവത്കരിച്ച് ഫൊസ്റ്റാള്‍ജിയ എന്ന പേരില്‍ ആദ്യ സംഗമം നടത്തിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന പരിപാടി അവസാനം 2017ലാണ് പൂർവ വിദ്യാർഥികളെ കോർത്തിണക്കിയത്. കോവിഡും മറ്റ് പല കാരണങ്ങളാലും നടക്കാതെപോയ സംഗമം ആറു വര്‍ഷത്തിനുശേഷം കോളജിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടത്തുന്നത്. ഇന്ന് ഇവരെല്ലാം ഈ തിരുമുറ്റത്ത് വീണ്ടും ഒരുമിക്കും. എം.പിമാരും എം.എല്‍.എമാരുമായി ഒമ്പതു പേരുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നുവരെ ‘ഫൊസ്റ്റാള്‍ജിയയില്‍ പങ്കെടുക്കാൻ പൂർവ വിദ്യാർഥികൾ കാമ്പസിലെത്തും. ആഘോഷിക്കാന്‍ മാത്രമല്ല, തങ്ങളുടെ വിദ്യാലയത്തിന്റെ കുതിപ്പിന് ഊര്‍ജം പകരാന്‍ കൂടിയാണ് ഇവര്‍ ഒരുമിക്കുന്നത്.

Tags:    
News Summary - 'Fosa': Pride of Farooqians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.