തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ് കോളജുകളിൽ നിലവിൽ അനുവദിച്ച മുഴുവൻ അധ്യാപക തസ്‌തികകളും സംരക്ഷണം നൽകി നിലനിർത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യ ബാച്ചിന്‍റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിച്ച സേവന വ്യവസ്ഥകളും തസ്‌തികകളും തൽസ്ഥിതിയിൽ തുടരാനാണ് തീരുമാനം. വിദ്യാർഥികൾക്ക് മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകാൻ ഗെസ്‌റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി.
നാലു വർഷ കോഴ്സുകളിൽ വിദ്യാർഥികൾക്ക് ഇഷ്ടാനുസാരം മേജർ, മൈനർ വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാൻ അവസരമുണ്ട്. ഇതു നിലവിലെ അധ്യാപകരുടെ ജോലിഭാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. ഇതു ഭാവിയിൽ തസ്തികയില്ലാതാക്കാൻ വഴിവെക്കുമെന്നും അധ്യാപക സംഘടനകൾ ആശങ്ക ഉന്നയിച്ചു.
നിലവിൽ എല്ലാ അധ്യാപക തസ്തികക്കും ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാണ്. ഇതിൽ കുറവ് വരുത്താനുള്ള നിർദേശം ധനവകുപ്പ് നേരത്തേ അംഗീകരിച്ചിരുന്നില്ല. നാലുവർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയിൽ പ്രശ്നം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.