ആരോഗ്യവകുപ്പിനു കീഴിലുള്ള 14 സർക്കാർ നഴ്സിങ് സ്കൂളുകളിലും കൊല്ലം ആശ്രാമത്ത് പട്ടികജാതി/വർഗക്കാർക്കായുള്ള നഴ്സിങ് സ്കൂളിലും ഒക്ടോബർ/നവംബറിലാരംഭിക്കുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും പ്രോസ്പെക്ടസും www.dhskerala.gov.inൽ. ജൂലൈ 30 വരെ അപേക്ഷ സ്വീകരിക്കും.
ആകെ സീറ്റുകൾ 365. 14 ജില്ലകളിലായി സീറ്റുകളെ വിഭജിച്ചിട്ടുണ്ട്. തിരുവനന്തപുരം 28, കൊല്ലം 25, പത്തനംതിട്ട 20, ആലപ്പുഴ 23, ഇടുക്കി 20, കോട്ടയം 20, എറണാകുളം 30, തൃശൂർ 28, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 50, വയനാട് 20, കണ്ണൂർ 30, കാസർകോട് 20. ആൺകുട്ടികൾക്ക് 20 ശതമാനം സീറ്റുകളിൽ പ്രവേശനമുണ്ട്. പ്രവേശനം ജില്ലാതലത്തിലാണ്. 60 ശതമാനം മെറിറ്റടിസ്ഥാനത്തിലും 40 ശതമാനം സംവരണാടിസ്ഥാനത്തിലുമാണ് അഡ്മിഷൻ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓപ്ഷനൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ്ടു/തത്തുല്യ പരീക്ഷ 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് പാസ് മാർക്ക് മതി. പ്രായപരിധി 2022 ഡിസംബർ 31ന് 17-27. പിന്നാക്ക സമുദായക്കാർക്ക് മൂന്നു വർഷവും എസ്.സി/എസ്.ടിക്കാർക്കും പട്ടികജാതിയിൽനിന്ന് മതപരിവർത്തനം ചെയ്തവരുടെ സന്താനങ്ങൾക്കും അഞ്ചു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷഫോറം പൂരിപ്പിച്ച് അതത് ജില്ലയിലുള്ള നഴ്സിങ് സ്കൂളിൽ സമർപ്പിക്കണം. അപേക്ഷഫീസ് 250 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 75 രൂപ. 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഫീസ് അടച്ച ചെലാൻ, മറ്റ് ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പമുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.