തിരുവനന്തപുരം: സംവരണത്തിലെ അനീതി തിരുത്താതെ മെഡിക്കൽ, ഫാർമസി പി.ജി കോഴ്സുകളിലെ പ്രവേശനവുമായി സർക്കാർ മുന്നോട്ട്. മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റ് വിട്ടുനൽകുേമ്പാൾ ജനസംഖ്യയുടെ 75 ശതമാനം വരുന്ന എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ആകെ ഒമ്പത് ശതമാനമാണ് പി.ജി കോഴ്സുകളിലെ സംവരണം.
ഇത് തിരുത്തണമെന്ന് പിന്നാക്ക സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുത്തിട്ടില്ല. മെഡിക്കൽ, എൻജിനീയറിങ് ബിരുദ കോഴ്സുകളിൽ എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് മൊത്തത്തിൽ 30 ശതമാനം സംവരണം അനുവദിക്കുേമ്പാഴാണ് പി.ജി കോഴ്സുകളിൽ ഇത് ഒമ്പത് ശതമാനത്തിൽ ഒതുക്കിയത്.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച എം.ഫാം കോഴ്സിനുള്ള സീറ്റ് വിഹിതത്തിലും നീതികേട് ആവർത്തിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മൂന്ന് സർക്കാർ ഫാർമസി കോഴ്സുകളിൽ ആകെയുള്ളത് 102 എം.ഫാം സീറ്റുകളാണ്. ഇതിൽ മൂന്ന് ശതമാനം സംവരണത്തിൽ തളക്കപ്പെട്ട ഇൗഴവ വിഭാഗത്തിന് ആകെ നീക്കിവെച്ചത് മൂന്ന് സീറ്റുകൾ. രണ്ട് ശതമാനം മാത്രം സംവരണമുള്ള മുസ്ലിം സമുദായത്തിന് ആകെ നീക്കിവെച്ചത് ഒരു സീറ്റ് മാത്രം. ഒരു ശതമാനം മാത്രം സംവരണമുള്ള പിന്നാക്ക ഹിന്ദു, ലത്തീൻ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യൻ, കുഡുംബി സമുദായങ്ങൾക്ക് ഒരു സീറ്റ് വീതവുമാണ് നീക്കിവെച്ചത്.
മുസ്ലിം സമുദായത്തിലെ ഭിന്നശേഷിക്കാരന് ഒരു സീറ്റും നീക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ആകെ ഒമ്പത് സീറ്റാണ് നീക്കിവെച്ചത്. എസ്.സി വിഭാഗത്തിന് എട്ടും എസ്.ടിക്ക് രണ്ടും സീറ്റാണ് നീക്കിവെച്ചത്. എന്നാൽ, മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം എന്ന നിലയിൽ പത്ത് സീറ്റുകളും നീക്കിവെച്ചിട്ടുണ്ട്. ജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന സമുദായങ്ങളെ മെഡിക്കൽ പി.ജി കോഴ്സുകളിലെ സംവരണത്തിൽ ഒമ്പത് ശതമാനത്തിൽ തളച്ചിട്ട് മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റ് നൽകിയത് നിയമസഭയിലടക്കം ഉന്നയിക്കപ്പെട്ടിരുന്നു.
സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനെ പ്രശ്നം പഠിക്കാൻ ചുമതലപ്പെടുത്തി സർക്കാർ തടിയൂരുകയായിരുന്നു. കമീഷൻ റിപ്പോർട്ട് സമയബന്ധിതമായി വാങ്ങി അനീതി തിരുത്താൻ സർക്കാർ തയാറാകാത്തതാണ് ഇപ്പോഴും പി.ജി സീറ്റുകളിലെ പിന്നാക്ക സംവരണം ഒമ്പത് ശതമാനത്തിൽ ഒതുങ്ങാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.