മസ്കത്ത്: ഒമാനിലെ സർക്കാർ സ്കൂളുകളിൽ 2023-24 അധ്യയന വർഷം ചൊവ്വാഴ്ച ആരംഭിക്കും. ഇതിനു മുന്നോടിയായി 60,000ത്തിലധികം അധ്യാപകർ ഞായറാഴ്ച മുതൽ സ്കൂളുകളിൽ തിരിച്ചെത്തി. എല്ലാ അധ്യാപകരും സൂപ്പർവൈസർമാരും വിദ്യാഭ്യാസ, ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും സപ്പോർട്ട് ഗ്രൂപ്പുകളും വിദ്യാർഥികളെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പിനായി വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.
ഈ വർഷം സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം 60,840 ആയിട്ടുണ്ട്. ഇവരിൽ 87.5 ശതമാനവും സ്വദേശികളാണ്. രാജ്യത്ത് 1,270 സർക്കാർ സ്കൂളുകളാണുള്ളത്.
സർക്കാർ സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം 11,509 ആണ്. ഇവരിൽ 4,587 പുരുഷന്മാരും 6,922 സ്ത്രീകളുമടങ്ങുന്ന 99.8 ശതമാനം പേരും സ്വദേശികളാണ്. സ്വകാര്യ വിദ്യാഭ്യാസ സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം 284 ആണ്. സ്വദേശിവത്കരണ നിരക്ക് 93.5 ശതമാനവുമാണ്. സ്വകാര്യ സ്കൂളുകളിലെ മൊത്തം അഡ്മിനിസ്ട്രേറ്റർമാരുടെ എണ്ണം 65 ആണ്. ഇതിൽ ഒമാനികളുടെ എണ്ണം 85.4 ശതമാനമാണ്.
രാജ്യത്തെ ഇന്ത്യൻ സ്കൂളുകൾ അക്കാദമിക വർഷം ആഗസ്റ്റിൽ തന്നെ ആരംഭിച്ചിരുന്നു. അതേസമയം, സ്കൂൾ തുറക്കാനിരിക്കെ സ്കൂൾ ബസ് ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന കർശന നിർദേശവുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി.
ട്രാഫിക് സുരക്ഷിതമാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വിദ്യാർഥികളുടെയും സ്കൂൾ ബസ് ഡ്രൈവർമാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോയൽ ഒമാൻ പൊലീസ് വിവിധ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകളും ശിൽപശാലകളും നടത്തി വിദ്യാർഥികളെയും സ്കൂൾ ബസ് ഡ്രൈവർമാരെയും ബോധവത്കരിക്കുന്നതിന് റോയൽ ഒമാൻ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
സുരക്ഷ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും സ്കൂൾ തുറക്കുന്നതിനു മുമ്പായി ഡ്രൈവർമാർ എല്ലാ മുന്നൊരുക്കവും ഉറപ്പുവരുത്തണമെന്നും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക വിദ്യ മന്ത്രാലയവും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.