കണ്ണൂർ വാഴ്​സിറ്റിയിൽ കൂടുതൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് ഗ്രേസ് മാർക്ക്

കണ്ണൂർ: എൻഡോസൾഫാൻ ദുരിതബാധിതരായ വിദ്യാർഥികളുൾപ്പെടെ കൂടുതൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് പരീക്ഷകളിൽ ഗ്രേസ് മാർക്ക് അനുവദിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സംസ്ഥാന ഭിന്നശേഷി കമീഷണറുടെ നിർദേശത്തെ അടിസ്ഥാനമാക്കി മാനദണ്ഡങ്ങൾ തയാറാക്കാൻ പരീക്ഷാകാര്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.

ബയോകെമിസ്​ട്രി, ബയോ ഇൻഫർമാറ്റിക്​സ്​ വിഷയങ്ങളിൽ പ്രത്യേകം പഠന ബോർഡുകൾ രൂപവത്​കരിക്കും. ലോക്​ഡൗൺ കാലത്ത് പഠനപ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ നിയോഗിച്ച ഡോ. ബി. ഇഖ്ബാൽ കമ്മിറ്റി നിർദേശങ്ങൾ സർവകലാശാലയിൽ നടപ്പാക്കും.

സ്​റ്റുഡൻറ് പൊലീസ് കാഡറ്റുമാർക്ക് ബിരുദ പ്രവേശനത്തിന് അടുത്ത വർഷം മുതൽ വെയ്റ്റേജ് മാർക്ക് നൽകാനും തീരുമാനിച്ചു. 2014, 2015, 2016 വർഷങ്ങളിൽ ബിരുദാനന്തര ബിരുദ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ പരാജയപ്പെട്ടവർക്കായി ഒറ്റത്തവണ മേഴ്​സി ചാൻസ് പരീക്ഷ നടത്തും.

സർവകലാശാലയുടെ താവക്കര ആസ്ഥാനത്ത് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ഇലക്​ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്​റ്റേഷൻ ആരംഭിക്കും.

സർവകലാശാലയിൽ അഫിലിയേഷൻ ഫീസ്, അഡ്മിനിസ്ട്രേഷൻ ഫീസ് എന്നിവക്ക്​ ചരക്ക് സേവന നികുതി (ജി.എസ്.ടി) അടക്കണമെന്ന നികുതി ഓഫിസറുടെ നോട്ടീസിനെതിരെ അപ്പീൽ സമർപ്പിക്കാൻ തീരുമാനിച്ചു. കോവിഡി​െൻറ പശ്ചാത്തലത്തിൽ, വിരമിച്ച ഗൈഡുകളുടെ കീഴിൽതന്നെ ഗവേഷണ പ്രബന്ധം സമർപ്പിക്കാനുള്ള സമയം 2021 മാർച്ച് വരെ നീട്ടിനൽകാൻ തീരുമാനിച്ചു.

ഗവേഷക വിദ്യാർഥികൾക്ക് കാമ്പസുകളിൽ ഹോസ്​റ്റൽ സൗകര്യം ഏർപ്പെടുത്തണമെന്ന സെനറ്റ് പ്രമേയത്തിൽ ശിപാർശ സമർപ്പിക്കും. രണ്ടാം സെമസ്​റ്റർ ബിരുദം, വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ പരീക്ഷകൾ എന്നിവ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് പരീക്ഷ കോഒാഡിനേഷൻ കമ്മിറ്റി യോഗം വിളിച്ചുചേർക്കും. ഓൺലൈൻ യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Grace marks for more differently abled sections in Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.