കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ഏകജാലകസംവിധാനം വഴിതന്നെ നികത്തണമെന്ന ആവശ്യം ശക്തം. മൂന്ന് അലോട്ട്മെൻറ് മാത്രം നടത്തി, ബാക്കിയുള്ള സീറ്റുകൾ കോളജിലേക്ക് റാങ്ക്ലിസ്റ്റ് നൽകുന്ന രീതിയാണ് തുടരുന്നത്.
ഒഴിവുള്ള സീറ്റിലെല്ലാം പ്രവേശനം നടത്തുന്ന ഏകജാലക രീതിക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന ആക്ഷേപമാണുയരുന്നത്. ഒന്നേകാൽ ലക്ഷത്തോളം പേർ അപേക്ഷിച്ചിട്ടും 58,283 സീറ്റുകളായിരുന്നു മൂന്നാം അലോട്ട്മെൻറിന് ശേഷം ഒഴിവുണ്ടായിരുന്നത്. ഇതിൽ 45,948 സീറ്റുകളും സ്വാശ്രയ കോളജിലേതാണ്.
98,662 സീറ്റുകളാണ് ആകെയുള്ളത്. സർക്കാർ കോളജുകളിൽ 2243ഉം എയ്ഡഡിൽ 9997ഉം സീറ്റുകൾ ഒഴിവു വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു. പഠനനിലവാരക്കുറവും വൻ ഫീസും കാരണമാണ് സ്വാശ്രയ കോളജുകളിൽ ചേരാൻ വിദ്യാർഥികൾ മടിക്കുന്നത്. എന്നാൽ, സർക്കാർ, എയ്ഡഡ് കോളജുകളിൽ സീറ്റിന് ആവശ്യക്കാർ ഏറെയായിട്ടും മൂന്നാം അലോട്ട്മെൻറിന് ശേഷവും ഒഴിഞ്ഞുകിടക്കുകയാണ്.
പ്രവേശനത്തിന് സർവകലാശാല നിശ്ചയിച്ച അവസാന ദിവസം വരെ ഒഴിവുള്ള മുഴുവൻ സീറ്റുകളെക്കുറിച്ചുമുള്ള അറിയിപ്പുകൾ പ്രവേശന പോർട്ടലിലും പത്രക്കുറിപ്പായും പ്രസിദ്ധീകരിക്കണമെന്ന് വിദ്യാർഥികളും രക്ഷാകർത്താക്കളും ആവശ്യപ്പെടുന്നു. അതുവഴി അർഹരായ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നത് ഉറപ്പാക്കാനും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാനും സാധിക്കും.
വിവിധ പ്രഫഷണൽ കോഴ്സുകളിൽ പ്രവേശന നടപടികൾ തുടങ്ങാനിരിക്കേ, നിലവിൽ കാലിക്കറ്റിലെ കോളജുകളിൽ ചേർന്ന നിരവധി പേർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോകാൻ സാധ്യതയേറെയാണ്. ഹയർ ഓപ്ഷൻ ലഭിച്ചവർക്ക് ടി.സി കൃത്യമായി കിട്ടുന്നില്ലെന്നും ഫീസ് തിരിച്ചുകിട്ടില്ലെന്നും പരാതിയുണ്ട്. പ്രവേശന സമ്പ്രദായത്തിലെ അപാകത, കോളജുകളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നമോ ആണെന്ന് പരിശോധിക്കണമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, റാങ്ക്ലിസ്റ്റ് കോളജുകളിലേക്ക് അയച്ച് കൃത്യമായി പ്രവേശനം നടക്കുന്നുണ്ടെന്ന് പ്രവേശന വിഭാഗം അറിയിച്ചു. ടി.സിയോ അടച്ച ഫീസോ തിരിച്ചുനൽകുന്നില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.