ബിരുദ പഠനം നാലു വർഷത്തിലേക്ക്. നിലവിലുള്ള മൂന്നു വർഷ ബിരുദം, നാലു വർഷത്തെ ഒാണേഴ്സ് ബിരുദം, നാലു വർഷത്തെ ഒാണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്നുതരം ബിരുദമാണ് കേരളം വിഭാവനം ചെയ്യുന്നത്
2024 ജൂലൈ ഒന്നുമുതൽ കേരളത്തിലെ ബിരുദ പഠനത്തിൽ സമൂല മാറ്റം വരുന്നു. മൂന്നു വർഷ പഠന സങ്കൽപത്തിൽനിന്ന് ബിരുദം ഇനി നാലു വർഷ സങ്കൽപത്തിലേക്ക് മാറുകയാണ്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ 864 ആർട്സ് ആൻസ് സയൻസ് കോളജുകൾ/ സർവകലാശാല പഠന കേന്ദ്രങ്ങളിലായാണ് നാലു വർഷ കോഴ്സുകൾ നടപ്പാക്കുന്നത്.
ഇതിന് പുറമെ കേരള, കാലടി ശ്രീശങ്കരാചാര്യ, മലയാളം സർവകലാശാലകളുടെ പഠന വിഭാഗങ്ങളിലും നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെ ഉൾക്കൊള്ളുന്നതിൽ എപ്പോഴും മടിച്ചുനിൽക്കുന്ന കേരളം ബിരുദപഠനത്തിന്റെ രൂപ- ഘടനകളിൽ ഗുണാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ വൈകിയെന്നത് യാഥാർഥ്യമാണ്.
കേവലം ബിരുദധാരികളെ സൃഷ്ടിക്കുന്നതിനപ്പുറം തൊഴിൽ സാധ്യതകളിലേക്കുകൂടി, ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല വഴിമാറിനടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ആ മാറ്റത്തിന്റെ കാറ്റേൽക്കാത്ത കേരളവും ആ ബസിൽ കയറുകയാണ്.
ഇതിന് പല കാരണങ്ങളുണ്ട്. തൊഴിൽ സാധ്യതകൂടി മുന്നിൽക്കണ്ട് പ്രതിവർഷം പതിനായിരക്കണക്കിന് വിദ്യാർഥികൾ വിദേശത്തേക്ക് പറക്കുന്നുവെന്ന കണക്കുകൾ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറുന്ന രാജ്യങ്ങളെല്ലാം നാലു വർഷ ബിരുദ പഠനത്തിലേക്ക് മാറിയിട്ട് വർഷങ്ങളായി. അതിനനുസൃതമായി പി.ജി പഠനം ഒരു വർഷമായി ചുരുക്കുകയും ചെയ്തു. കേരളത്തിൽനിന്നുള്ളവർക്ക് വിദേശ ഉപരിപഠനത്തിന് പ്രധാന തടസ്സമായി മൂന്നു വർഷ ബിരുദ കോഴ്സ് നിൽക്കുന്നുവെന്നതുതന്നെയാണ് മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
കോഴ്സുകളിലെ വൈവിധ്യമില്ലായ്മയും ഇഷ്ട കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനുള്ള തടസ്സങ്ങളും കേരളത്തിലെ ബിരുദ പഠനം ആകർഷകമല്ലാതാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് സയൻസിനൊപ്പം സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടിക്ക് അതിനുള്ള അവസരമില്ല. തൊഴിൽ നൈപുണ്യമെന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഗണന വിഷയമായിരുന്നില്ല. പ്രത്യേകിച്ചൊരു തൊഴിൽവൈദഗ്ധ്യവുമില്ലാത്തവരായാണ് ഇവിടെ മഹാഭൂരിഭാഗം ബിരുദധാരികളെയും സൃഷ്ടിക്കുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ നിർദേശിച്ച് ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ശിപാർശകളിൽ ഒന്നായിരുന്നു നാലു വർഷ ബിരുദം. റിപ്പോർട്ട് അംഗീകരിച്ച സർക്കാർ തുടർനടപടിക്കായി കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ മുൻ എക്സി. വൈസ്ചെയർമാൻ പ്രഫ. സുരേഷ്ദാസ് അധ്യക്ഷനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി രൂപവത്കരിച്ചു.
ഈ സമിതി മാതൃകാ പാഠ്യപദ്ധതി രൂപപ്പെടുത്തി. ഇത് മുന്നിൽനിർത്തി നടത്തിയ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് നാലു വർഷ ബിരുദ കോഴ്സുകളുടെ ചട്ടക്കൂട് ഒരുങ്ങിയത്. ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ.ഇ.പി) ൽ ബിരുദ കോഴ്സ് ചട്ടക്കൂട് നാലു വർഷത്തിലേക്ക് മാറ്റാൻ നിർദേശമുണ്ടായിരുന്നു.
എന്നാൽ, എൻ.ഇ.പിയിൽനിന്ന് വ്യത്യസ്തമായ വ്യവസ്ഥകളോടെയാണ് കേരളം നാലു വർഷ ബിരുദത്തിലേക്ക് മാറുന്നത്. എൻ.ഇ.പി ബിരുദ പഠനത്തിൽ ഒന്ന്, രണ്ട് വർഷങ്ങളിലെല്ലാം കുട്ടിക്ക് പുറത്തുപോകാനുള്ള (എക്സിറ്റ്) സൗകര്യമുണ്ട്. എന്നാൽ, കേരളത്തിൽ ഈ സൗകര്യം മൂന്നാം വർഷത്തിൽ മാത്രമാണ്.
മുൻകാല ബിരുദ പഠനത്തിൽ ഉപയോഗിച്ചിരുന്ന വിഷയം/ പേപ്പർ തുടങ്ങിയ സങ്കൽപങ്ങളുടെ സ്ഥാനത്ത് ഇനി ക്രെഡിറ്റുകളായിരിക്കും. വിദ്യാർഥി ഒരു വിഷയത്തിൽ ചെലവഴിക്കേണ്ട പഠന മണിക്കൂറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതാണ് ക്രെഡിറ്റ്. തിയറിയിൽ ഒരു ക്രെഡിറ്റ് നേടാൻ ഒരു സെമസ്റ്ററിൽ 45 മണിക്കൂർ പഠനപ്രവർത്തനത്തിനായി ചെലവഴിക്കണം.
ഇതിൽ 15 മണിക്കൂർ ക്ലാസ് തലത്തിലും (ലെക്ചർ/ ട്യൂേട്ടാറിയൽ/ മറ്റു നേരിട്ടുള്ള പഠന പ്രവർത്തനങ്ങൾ) 30 മണിക്കൂർ സ്വയംപഠനവും വേണം. പ്രാക്ടിക്കലിൽ ഒരു ക്രെഡിറ്റ് നേടാൻ സെമസ്റ്ററിൽ 30 മണിക്കൂർ പഠന പ്രവർത്തനം വേണം. ഫീൽഡ് പ്രവർത്തനങ്ങളിൽ ഒരു ക്രെഡിറ്റിന് സെമസ്റ്ററിൽ 45 മണിക്കൂർ പഠന പ്രവർത്തനം വേണം. ഒരു സെമസ്റ്ററിൽ 18 ആഴ്ചകളിലായി 90 ദിവസങ്ങൾ (18x5=90) അടങ്ങിയിരിക്കും.
ഇതിൽ 15 ആഴ്ചകൾ അധ്യയന -പഠന പ്രവർത്തനങ്ങൾക്കും മൂന്നാഴ്ച പരീക്ഷകൾക്കുമായിരിക്കും ചെലവഴിക്കുക. ആദ്യ രണ്ട് വർഷങ്ങളിൽ വിവിധ വിഷയങ്ങളിൽ അടിസ്ഥാന അറിവ് നേടാൻ പഠിക്കേണ്ട ഫൗണ്ടേഷൻ കോഴ്സുകളുടെ കാര്യത്തിൽ മൂന്ന് ക്രെഡിറ്റുകൾ അടങ്ങിയത് ഒരു കോഴ്സായി പരിഗണിക്കും. മേജർ, മൈനർ വിഷയങ്ങളുടെ കാര്യത്തിൽ നാല് ക്രെഡിറ്റുകൾ അടങ്ങുന്നതായിരിക്കും ഒരു കോഴ്സ് ആയി പരിഗണിക്കുക.
മൂന്നു വർഷം പൂർത്തിയാക്കി പഠനം അവസാനിപ്പിക്കുന്ന വിദ്യാർഥി 133 ക്രെഡിറ്റ് നേടിയിട്ടുണ്ടെങ്കിൽ, നിലവിലെ രീതിയിലുള്ള ത്രിവത്സര ബിരുദം ലഭിക്കും. എന്നാൽ നാലു വർഷ ഒാണേഴ്സ് ബിരുദമാണ് ആഗ്രഹിക്കുന്നതെങ്കിൽ മൊത്തം 177 ക്രെഡിറ്റ് നേടണം.
മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ട് 133 ക്രെഡിറ്റ് ആർജിച്ച് മൂന്നു വർഷ ബിരുദവും, മൂന്നര വർഷം കൊണ്ട് 177 ക്രെഡിറ്റ് ആർജിച്ച് നാലു വർഷ ബിരുദവും പൂർത്തിയാക്കാനുള്ള അവസരവുമുണ്ട്. കോഴ്സിനിടയിൽ ഇടവേളക്കും അവസരമുണ്ടാകും. പ്രവേശനം മുതൽ ഏഴ് വർഷമാണ് കോഴ്സ് പൂർത്തിയാക്കാനുള്ള പരമാവധി കാലയളവ്.
പഠനത്തിനിടെ വിദ്യാർഥിക്ക് കോളജും സർവകലാശാലയും മാറാൻ അവസരവുമുണ്ട്. ഇതിനായി ആദ്യം പഠിക്കുന്ന കോളജ്/ സർവകലാശാലയിൽ നിന്ന് നേടുന്ന ക്രെഡിറ്റുകൾ ക്രെഡിറ്റ് ബാങ്കിൽ നിക്ഷേപിക്കും. മാറിയെത്തുന്ന കോളജ്/ സർവകലാശാലയിലേക്ക് നേരത്തേ നേടിയ ക്രെഡിറ്റ്, ക്രെഡിറ്റ് ബാങ്കിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുകയും ബിരുദം നേടാൻ അവശേഷിക്കുന്ന ക്രെഡിറ്റ് പൂർത്തിയാക്കുകയും ചെയ്താൽ മതി.
ബിരുദ കോഴ്സുകളിലെ വിഷയങ്ങളെ മുൻകാലങ്ങളിൽ മെയിൻ, സബ്സിഡിയറി എന്നും പിന്നീട് കോർ, കോംപ്ലിമെന്ററി എന്നെല്ലാം വിളിച്ചിരുന്നു. നാലു വർഷ ഘടനയിേലക്ക് മാറുന്ന ബിരുദത്തിൽ ഇതിനു പകരം മേജർ, മൈനർ എന്ന പരിഗണനകളായിരിക്കും നൽകുക. ആറുതരം ഘടനയുള്ള കോഴ്സുകളാണ് നാലു വർഷ ബിരുദത്തിലൂടെ ലഭിക്കുക.
ഏതെങ്കിലും വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിനായി തെരഞ്ഞെടുക്കുന്ന കോഴ്സാണ് മേജർ കോഴ്സ്. ഉദാഹരണത്തിന് ബി.എസ്സിക്ക് ചേരുന്ന വിദ്യാർഥി ആഴത്തിലുള്ള പഠനത്തിനായി തെരഞ്ഞെടുക്കുന്നത് ഫിസിക്സ് ആണെങ്കിൽ ആ വിഷയം ആണ് മേജർ കോഴ്സ്.
കോഴ്സ് കാലയളവിൽ നേടേണ്ട മൊത്തം ക്രെഡിറ്റിന്റെ പകുതി മേജർ വിഷയത്തിൽ ആയിരിക്കണം. മൂന്നു വർഷ ബിരുദം ചെയ്യുന്നവർക്ക് ആകെ നേടേണ്ട 133 ക്രെഡിറ്റിൽ 68 എണ്ണവും മേജർ വിഷയത്തിലായിരിക്കണം. നാലു വർഷ ബിരുദം ചെയ്യുന്നവർ നേടേണ്ട 177 ക്രെഡിറ്റിൽ 88 എണ്ണവും മേജർ വിഷയത്തിലായിരിക്കണം.
മേജർ കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായ കോഴ്സുകൾ മൈനർ കോഴ്സുകളായി തെരഞ്ഞെടുക്കാം. ഇതിൽ ഇഷ്ടമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മേജർ ചെയ്യുന്ന വിഷയത്തിൽ തന്നെ മൈനർ കോഴ്സ് ചെയ്യാൻ പാടില്ല.
മൂന്നു വർഷ ബിരുദ കോഴ്സിൽ മൈനർ കോഴ്സ് ചെയ്യുന്ന വിഷയത്തിൽ 24 ക്രെഡിറ്റുകൾ നേടിയിരിക്കണം. നാലു വർഷ കോഴ്സിൽ മൈനർ വിഭാഗത്തിൽ 32 -36 ക്രെഡിറ്റുകൾ നേടിയിരിക്കണം. തെരഞ്ഞെടുത്ത മൈനർ കോഴ്സുകളെ പിന്നീട് മേജർ കോഴ്സാക്കി മാറ്റാനും അവസരമുണ്ടാകും.
ഒാരോ കാമ്പസിലും വിദ്യാർഥികൾക്ക് മൈനറായി പഠിക്കാൻ കഴിയുന്ന മുഴുവൻ വിഷയങ്ങളുടെയും പട്ടിക തയാറാക്കി വിദ്യാർഥികളെ അറിയിക്കണം. താൽപര്യമുള്ള വിഷയം അവിടെയില്ലെങ്കിൽ വിഷയം ഒാൺലൈൻ വഴി മൈനർ ആയി ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും. കോഴ്സ് ബാസ്കറ്റിനകത്ത് ആവശ്യമായ കോഴ്സുകളില്ലെങ്കിൽ അധ്യാപകർക്ക് കോഴ്സുകൾ തയാറാക്കി സർവകലാശാല പഠന ബോർഡിന്റെ അംഗീകാരം വാങ്ങി പഠിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.
വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സുകളുടെ വഴികാട്ടിയാണ് പാത്ത് വേ. മേജർ വിത്ത് മൈനർ, സിംഗ്ൾ മേജർ, ഡബ്ൾ മേജർ, മേജർ വിത്ത് മൾട്ടിപ്ൾ മൈനർ ഡിസിപ്ലിൻ എന്നിങ്ങനെ വിവിധ പാത്ത് വേകൾ കോളജുകൾ ഒാഫർ ചെയ്യുന്നു. പൊതുവായി ആറ് രീതിയിലുള്ള പാത്ത് വേകൾ ആണ് നാലു വർഷ ബിരുദ കോഴ്സിൽ രൂപപ്പെടുത്തിയിരിക്കുന്നത്.
ബിരുദ പഠനം വിദ്യാർഥിക്ക് സ്വന്തം നിലയിൽ ഡിസൈൻ ചെയ്യാൻ കഴിയുമെന്നതാണ് പുതിയ രീതിയുടെ പ്രധാന ആകർഷണം.
01 സിംഗ്ൾ മേജർ ഒരു വിഷയം മാത്രം ആഴത്തിൽ പഠിക്കുന്നവർക്ക് സിംഗ്ൾ മേജർ ബിരുദമായിരിക്കും ലഭിക്കുക. ഒരു വിഷയത്തിലും കേന്ദ്രീകരിക്കാതെ താൽപര്യമുള്ള പല വിഷയങ്ങൾ മൈനറായി പഠിച്ചാൽ മേജറിനൊപ്പം മൈനർ ബിരുദം ലഭിക്കില്ല. ഉദാഹരണത്തിന് ഫിസിക്സ് മേജറിനൊപ്പം കെമിസ്ട്രി, മാത്സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് പഠിക്കുന്നതെങ്കിൽ അവർക്ക് ഫിസിക്സ് (മേജർ) എന്ന ബിരുദമാകും ലഭിക്കുക.
02 മേജർ വിത്ത് മൾട്ടിപ്ൾ ഡിസിപ്ലിൻസ് നിലവിലുള്ള ബിരുദ പഠനത്തിന്റെ അതേ രീതിയാണിത്. ഒരു വിഷയത്തിൽ ആഴത്തിലുള്ള പഠനവും മറ്റു രണ്ട് വിഷയങ്ങളിലുള്ള പഠനവുമാണ് ഇൗ കാറ്റഗറിയിൽ വരുന്നത്. ഉദാഹരണത്തിന് മൂന്നു വർഷ ബിരുദത്തിൽ ഫിസിക്സ് മേജർ കോഴ്സിനൊപ്പം കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങളിൽ മൂന്ന് കോഴ്സ് വീതം ചെയ്താൽ ഫിസിക്സ് മേജർ ബിരുദവും കെമിസ്ട്രിയിലും മാത്സിലും മൈനർ ബിരുദവും ലഭിക്കും.
03 മേജർ വിത്ത് സിംഗ്ൾ മൈനർ ഒരു വിഷയത്തിൽ മേജർ എടുക്കുേമ്പാൾ അതോടൊപ്പം മറ്റൊരു വിഷയം മൈനർ ആയി പഠിച്ചാൽ അത് മേജർ വിത്ത് സിംഗ്ൾ മൈനർ ബിരുദമായിരിക്കും.
04 മേജർ വിത്ത് വൊക്കേഷനൽ മൈനർ ഒരു വിഷയത്തിൽ മേജർ പഠനം നടത്തുേമ്പാൾ തൊഴിൽ സാധ്യതയുള്ള വിഷയം മൈനർ ആയി തെരഞ്ഞെടുത്ത് പഠിക്കുന്ന രീതിയാണിത്. ഉദാഹരണത്തിന്, ഫിസിക്സിനൊപ്പം ഡേറ്റ അനലിറ്റിക്സ് പഠനം. പഠിക്കുന്ന കോളജിൽ അത്തരം കോഴ്സ് ലഭ്യമല്ലെങ്കിൽ ഒാൺലൈനായി വൊക്കേഷനൽ കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാം.
05 ഡബ്ൾ മേജർ രണ്ട് പ്രധാന വിഷയങ്ങളിൽ ആഴത്തിൽ പഠിക്കാനുള്ള അവസരമാണ് ഡബ്ൾ മേജർ കോഴ്സുകൾ. ഇതിൽ ഒരു വിഷയത്തിൽ മൊത്തം ക്രെഡിറ്റിന്റെ 50 ശതമാനവും രണ്ടാമത്തെ വിഷയത്തിന്റെ 40 ശതമാനവും നേടിയിരിക്കണം.
06 മൾട്ടി ഡിസിപ്ലിനറി / ഇൻറർ ഡിസിപ്ലിനറി മൂന്നു വ്യത്യസ്ത മേജർ വിഷയങ്ങൾ ചേരുന്ന കോമ്പിനേഷൻ കോഴ്സാണിത്. ഉദാഹരണത്തിന്, ലൈഫ് സയൻസ്, മൈക്രോബയോളജി, ബയോടെക്നോജി / മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ചേർത്തുള്ള പഠന രീതി.
വിവിധ വിഷയങ്ങളിൽ അടിസ്ഥാനപരമായ അറിവ് നേടാനുള്ളവയാണ് ഫൗണ്ടേഷൻ കോഴ്സുകൾ. ഇവ ആദ്യത്തെ രണ്ട് വർഷങ്ങളിലായി പഠിക്കണം. ബിരുദത്തിന് ചേരുന്ന മുഴുവൻ വിദ്യാർഥികളും 13 ഫൗണ്ടേഷൻ കോഴ്സുകൾ (39 ക്രെഡിറ്റ്) നിർബന്ധമായും പൂർത്തിയാക്കണം.
ഭാഷ, ഭരണഘടന, ലിംഗനീതി തുടങ്ങിയ പൊതുവിജ്ഞാന വിഷയങ്ങളും നൈപുണ്യ പ്രോത്സാഹനം, കേരളത്തിന്റെ തനത് വിജ്ഞാനം നേടാൻ വഴിയൊരുക്കുന്ന വിഷയങ്ങൾ എന്നിവ അടങ്ങുന്നതാണ് ജനറൽ ഫൗണ്ടേഷൻ കോഴ്സുകൾ.
എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ (ഭാഷാപഠനം ഇതിലാണ് വരുന്നത്), സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ, വാല്യൂ അഡീഷൻ കോഴ്സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ എന്നിങ്ങനെ നാല് കോഴ്സുകൾ ബാസ്കറ്റുകൾ ആയാണ് ജനറൽ ഫൗണ്ടേഷൻ കോഴ്സുകൾ നൽകിയിട്ടുള്ളത്. ഫൗണ്ടേഷൻ കോഴ്സുകൾ കോളജ്തലത്തിലാണ് തീരുമാനിക്കേണ്ടത്.
നാലു വർഷ ബിരുദ കോഴ്സ് തെരഞ്ഞെടുക്കുന്നവരെല്ലാം സ്ഥാപനങ്ങളിലോ വ്യവസായ ശാലകളിലോ ഫാക്കൽറ്റികളോടൊപ്പമോ ഗവേഷകരോടൊപ്പമോ 120 മണിക്കൂർ ഇന്റേൺഷിപ് പൂർത്തിയാക്കണം. രണ്ട് ക്രെഡിറ്റാണ് ഇന്റേൺഷിപ്പിന് നൽകുന്നത്. പുറത്ത് പ്രോജക്ട് ലഭിക്കാത്തവർക്ക് കാമ്പസിൽ അധ്യാപകർക്കൊപ്പം പൂർത്തിയാക്കാം.
കോഴ്സ് ഘടന മാറുന്നതിന് അനുസരിച്ച് പരീക്ഷരീതിയിലും മാറ്റം വരും. നിലവിലുള്ള തിയറി ഇന്റേണൽ മാർക്ക് അനുപാതം 80:20ൽനിന്ന് 70:30 ആക്കി മാറ്റും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ പരീക്ഷ മൂല്യനിർണയം കോളജ്തലത്തിൽ നടത്തും. വർഷാന്ത്യ പരീക്ഷകൾ സർവകലാശാല തയാറാക്കുന്ന ചോദ്യപേപ്പറിൽ നടത്തും.
മൂന്ന് മണിക്കൂർ പരീക്ഷ ഇനിയുണ്ടാകില്ല. പകരം ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെയായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷ എന്ന രീതി മാറി ഒാൺലൈൻ/ ഒാപൺ ബുക്ക് പരീക്ഷ, ഫീൽഡ്/ വ്യവസായ കേന്ദ്രങ്ങളിലെ സന്ദർശനം, ക്വിസ്, ഇൻറർവ്യൂ, വിഡിയോ നിർമാണം, പ്രഭാഷണം, കേസ് സ്റ്റഡി, വ്യക്തിഗത പ്രോജക്ട്, സർവേ തുടങ്ങിയവയും മൂല്യനിർണയത്തിനായി ഉപയോഗിക്കും.
പ്രധാനമായും മൂന്ന് തരം ബിരുദമാണ് പരിഷ്കാരത്തിലുള്ളത്. നിലവിലുള്ള മൂന്നു വർഷ ബിരുദം, നാലു വർഷത്തെ ഒാണേഴ്സ് ബിരുദം, നാലു വർഷത്തെ ഒാണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണത്
വിദ്യാർഥി ചേരുന്നത് നാലു വർഷ ബിരുദ കോഴ്സിനാണെങ്കിലും മൂന്നു വർഷം കഴിഞ്ഞാൽ പഠനം അവസാനിപ്പിക്കാൻ (എക്സിറ്റ്) തുറന്നിട്ടിരിക്കുന്ന വഴിയാണ് മൂന്നു വർഷ ബിരുദ കോഴ്സ്. ഈ വിദ്യാർഥികൾക്ക് നിലവിലുള്ള രീതിയിൽ ബി.എ/ബി.എസ്.സി /ബി.കോം പോലുള്ള മൂന്നു വർഷ ബിരുദംതന്നെയായിരിക്കും ലഭിക്കുക. ഇങ്ങനെ ബിരുദം നേടുന്നവർക്ക് രണ്ട് വർഷത്തെ പി.ജി കോഴ്സിന് ചേരാം.
ഓണേഴ്സ് ബിരുദം ആഗ്രഹിക്കുന്നവർ നാലാം വർഷത്തിലേക്ക് പ്രവേശനം നേടി തുടർപഠനം നടത്തണം. നാലാം വർഷത്തെ ആദ്യ സെമസ്റ്ററിൽ (കോഴ്സിന്റെ ഏഴാം സെമസ്റ്റർ) റെഗുലർ ക്ലാസ് ഉണ്ടായിരിക്കും. എട്ടാം സെമസ്റ്റർ പൂർണമായും പ്രോജക്ടും ഇന്റേൺഷിപ്പുമായിരിക്കും.
കരിയർ താൽപര്യപ്രകാരം എവിടെ വേണമെങ്കിലും ഇന്റേൺഷിപ്/ പ്രോജക്ട് പൂർത്തിയാക്കാം. അധ്യാപകരുടെ കൂടെയും ചെയ്യാം. ഒപ്പം രണ്ട് ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കണം. പ്രോജക്ടിനും ഇന്റേൺഷിപ്പിനും പകരമായി മൂന്ന് കോഴ്സ് ഓൺലൈനായി പഠിച്ചാലും മതി.
നാലു വർഷ ഓണേഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് രണ്ടാം വർഷ പി.ജി കോഴ്സിലേക്ക് ലാറ്ററൽ എൻട്രി നേടി ഒരു വർഷം കൊണ്ട് പി.ജി പൂർത്തിയാക്കാം.
മൂന്നു വർഷ ബിരുദ പഠനത്തിൽ 75 ശതമാനം മാർക്ക് നേടിയവരെയാണ് നാലു വർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദത്തിന് പ്രവേശിപ്പിക്കുക. അധ്യാപനത്തിലും ഗവേഷണത്തിലും താൽപര്യമുള്ളവർക്ക് വേണ്ടിയാണ് ഈ കോഴ്സ്. പൂർത്തിയാക്കുന്നവർക്ക് പി.ജിയില്ലാതെ പിഎച്ച്.ഡിക്ക് ചേരാനും നെറ്റ് പരീക്ഷ എഴുതാനുമാകും.
ഇതിനനുസൃതമായി യു.ജി.സിയും ചട്ടങ്ങളിൽ മാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. അവസാന സെമസ്റ്റർ റിസർച്ച് ഗൈഡിന്റെ മേൽനോട്ടത്തിൽ തീസിസ് പൂർത്തിയാക്കിയാൽ മാത്രമാണ് നാലു വർഷ ഒാണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുക. ഇവർക്ക് നാലാം വർഷത്തെ ആദ്യ സെമസ്റ്ററിൽ (ഏഴാം സെമസ്റ്റർ) റെഗുലർ ക്ലാസ് ഉണ്ടായിരിക്കും.
നിലവിലുള്ള ബിരുദ കോഴ്സുകൾ മാറ്റി തൊഴിൽ നൈപുണിക്കും സംരംഭകത്വത്തിനും കൂടി പ്രാധാന്യം നൽകുന്നതുവഴി അക്കാദമിക് സ്ഥാപനങ്ങളെ കോച്ചിങ് സ്ഥാപനങ്ങളാക്കി മാറ്റുന്നുവെന്നാണ് പ്രധാന വിമർശനം. ബിരുദ പഠനത്തെ വ്യവസായവുമായും കാമ്പസ് േപ്ലസ്മെന്റുമായും ബന്ധപ്പെടുത്തുേമ്പാൾ അക്കാദമികതലം നഷ്ടപ്പെടുകയും സ്ഥാപനങ്ങൾ കോച്ചിങ് സെന്ററുകളായി മാറുന്നുവെന്നും വിമർശനമുയരുന്നു.
ഒരു വിഷയത്തിലും ആഴത്തിലുള്ള പഠനം നിർദേശിക്കാത്തതാണ് പുതിയ കോഴ്സ് ഘടനയെന്നും അതുവഴി ജ്ഞാനോൽപാദനം എന്ന പ്രക്രിയ നടക്കാതെ പോവുകയും ചെയ്യുമെന്നും കോഴ്സ് ഘടനയെക്കുറിച്ച് വിമർശനം ഉയരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.