ന്യൂഡൽഹി: വിദേശ സർവകലാശാലകളുടെ ഇന്ത്യൻ കാമ്പസുകളിൽ ഓൺലൈൻ, വിദൂര വിദ്യാഭ്യാസ പഠനരീതികൾ അനുവദിക്കില്ല. അധ്യാപകരും വിദ്യാർഥികളും നേരിട്ട് എത്തുന്ന ക്ലാസ് നിർബന്ധം. മുഴുസമയ (ഫുൾ ടൈം) കോഴ്സുകൾക്ക് മാത്രമായിരിക്കും അനുവാദം. പ്രവേശന രീതി, ഫീസ് ഘടന എന്നിവ വിദേശ സ്ഥാപനത്തിന് സ്വന്തംനിലക്ക് നിശ്ചയിക്കാം.
വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്ത്യൻ കാമ്പസ് പ്രവർത്തന കരട് രേഖ യു.ജി.സി പുറത്തിറക്കി. തുടക്കത്തിൽ പ്രവർത്തന അനുമതി 10 വർഷത്തേക്ക്. സർവകലാശാല ധനസഹായ കമീഷനാണ് (യു.ജി.സി) അനുമതി നൽകുക. വിദേശത്തെ പ്രധാന കലാലയത്തിൽ നൽകുന്ന വിദ്യാഭ്യാസത്തിന്റെ അതേ ഗുണനിലവാരം ഇന്ത്യൻ കാമ്പസിൽ ഉറപ്പു വരുത്തണം.
അന്താരാഷ്ട്ര റാങ്കിങ് പ്രകാരം ആദ്യ 500ൽപെടുന്നതോ, ഗവേഷണ-അക്കാദമിക മികവ് അവകാശപ്പെടാൻ കഴിയുന്നതോ ആയ വിദേശ സർവകലാശാലകൾക്കാണ് കാമ്പസ് തുറക്കാൻ അനുമതി. ഇന്ത്യയിൽ നിന്നും പുറത്തു നിന്നും അധ്യാപകരെ തിരഞ്ഞെടുക്കാം. വിദേശ ഫാക്കൽറ്റി ചുരുങ്ങിയത് രണ്ടു സെമസ്റ്റർ കാലമെങ്കിലും ഇന്ത്യയിൽ കഴിയണമെന്ന് വ്യവസ്ഥ വെക്കും.
കമ്പനി നിയമപ്രകാരമോ, പരിമിത ബാധ്യത പങ്കാളിത്ത നിയമ പ്രകാരമോ കാമ്പസ് സ്ഥാപിക്കാം. അതനുസരിച്ച് ഇന്ത്യയിലെ സ്ഥാപനവുമായി സംയുക്ത സംരംഭമാകാം. വിദേശ ധനവിനിമയ നിർവഹണ നിയമ (ഫെമ) നിയമം പുറത്തേക്കുള്ള സർവകലാശാലയുടെ പണമിടപാടുകൾക്ക് ബാധകമായിരിക്കും. ദേശതാൽപര്യത്തിന് നിരക്കാത്ത പാഠ്യക്രമം അനുവദിക്കില്ല.
യൂനിവേഴ്സിറ്റികളുടെ അപേക്ഷ മുൻനിർത്തി വിശ്വാസ്യത, ഗുണനിലവാരം തുടങ്ങിയവ പ്രത്യേകസമിതി പരിശോധിക്കും. കാമ്പസ് സ്ഥാപിക്കാൻ രണ്ടു വർഷ സാവകാശം നൽകും. കരടു രേഖയിൽ അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശേഷം അന്തിമ ചട്ടം ഈ മാസാവസാനം പുറത്തിറക്കുമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ പറഞ്ഞു. ഒമ്പതു വർഷത്തെ പ്രവർത്തനം വിലയിരുത്തി 10ാം വർഷം കാമ്പസുകൾക്ക് പ്രവർത്തനാനുമതി നീട്ടി നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ വർഷം നാലര ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ വിദേശ പഠനത്തിന് പോയെന്നാണ് സർക്കാർ കണക്ക്. വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുറക്കാൻ അനുമതി നൽകുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിൽ നിന്നുള്ള ചില സർവകലാശാലകൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വിദേശ സർവകലാശാലകളുടെ ഇന്ത്യൻ കാമ്പസിന്റെ കാര്യത്തിൽ ആശങ്കകൾ ബാക്കി. വിദ്യാഭ്യാസ വിദഗ്ധർക്കു തന്നെ ഭിന്നാഭിപ്രായം. ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്:
•വിദ്യാഭ്യാസ രംഗത്തെ അസമത്വം കൂട്ടും. മുന്തിയ ഫീസ് നൽകാൻ കഴിയുന്നവർക്ക് മാത്രം താങ്ങാവുന്നതാണ് ഈ കാമ്പസുകളിലെ പഠനം. ഇന്ത്യയുടെ പഠനാവശ്യങ്ങളും വേറിട്ടതാണ്.
•വിദേശത്തെ പ്രധാന കാമ്പസിൽ പഠിച്ച കുട്ടികൾക്കു നൽകുന്ന സർട്ടിഫിക്കറ്റിന്റെ അതേ മൂല്യം ഇന്ത്യൻ കാമ്പസ് നൽകുന്ന സർട്ടിഫിക്കറ്റിന് ആഗോള തലത്തിൽ കിട്ടിയെന്നു വരില്ല.
•പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിനു കീഴിൽ ജോലി ചെയ്യുന്ന മികച്ച അധ്യാപകരെ മെച്ചപ്പെട്ട ശമ്പളാനുകൂല്യ പാക്കേജ് നൽകി റാഞ്ചും. അത് സർക്കാർ കലാലയങ്ങളുടെ ഗുണനിലവാരം ചോർത്തും. ഉന്നത പൊതുവിദ്യാഭ്യാസരംഗം തകർക്കും.
•യു.ജി.സിയുടെ അനുമതിയില്ലാതെ കോഴ്സ് നിർത്തലാക്കാനോ കാമ്പസ് പൂട്ടാനോ പാടില്ലെന്ന് മാർഗരേഖ പറയുന്നുണ്ട്. പക്ഷേ, വിദ്യാർഥികളെ പെരുവഴിയിലാക്കിയാൽ അച്ചടക്ക നടപടിക്ക് പരിമിതിയുണ്ട്.
•അന്താരാഷ്ട്ര റാങ്കിങ്ങിൽ മെച്ചപ്പെട്ട 500ൽ പെടുന്നതോ, മെച്ചപ്പെട്ടതെന്ന് യു.ജി.സി കരുതുന്നതോ ആയ ഏതു വിദേശസ്ഥാപനത്തിനും കാമ്പസ് തുറക്കാം. ഫലത്തിൽ മികച്ച നിലവാരമുള്ള കാമ്പസുകളിൽ പഠനാവസരം കിട്ടുന്ന സ്ഥിതിയില്ല.
•ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ തനതായ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശ സർവകലാശാലകൾക്ക് കഴിയില്ല.
•വിദേശ യൂനിവേഴ്സിറ്റികളുടെ കാമ്പസ് ഇന്ത്യയിൽ തുറക്കുന്നതിന് 2012-13ൽ ബി.ജെ.പിയും കോൺഗ്രസും എതിരായിരുന്നു. യു.പി.എ സർക്കാർ കൊണ്ടുവന്ന വിദേശ സർവകലാശാല ബില്ലിനോട് രാജ്യസഭ സ്റ്റാൻഡിങ് കമ്മിറ്റി വിയോജിച്ചു; മാറ്റിവെച്ചു. ഇപ്പോൾ പാർലമെന്റിലെ ചർച്ച ഒഴിവാക്കി യു.ജി.സി വഴി നടപ്പാക്കുന്നു.
•ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഇല്ലാതാവുന്ന യു.ജി.സിയാണ് പുതിയ വിദ്യാഭ്യാസത്തിന്റെ മാർഗരേഖ കൊണ്ടുവരുന്നത്; അനുമതി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.