കൊച്ചി: ബി.എഡ് കോളജുകളിൽ 2021-22 അക്കാദമി വർഷം വിദഗ്ധ സമിതി ശിപാർശ പ്രകാരമുള്ള ഉയർന്ന ഫീസ് ഈടാക്കാൻ ഹൈകോടതി അനുമതി. മെറിറ്റിൽ പ്രവേശനം നേടിയ 50 ശതമാനം വിദ്യാർഥികൾ 45,000 രൂപ വീതവും മാനേജ്മെൻറ് സീറ്റിൽ 60,000 രൂപ വീതവും ഫീസ് നൽകാനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.
ഫീസ് വർധന കോവിഡ് സാഹചര്യത്തിൽ ഈ വർഷം നടപ്പാക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇരു വിഭാഗത്തിനും നിലവിെല ഫീസ് 29,000 രൂപയാണ്. വർധിപ്പിച്ച ഫീസ് നിരക്ക് അടുത്ത ജനുവരി ഒന്നുമുതൽ മാത്രമേ ഈടാക്കാവൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോടതി നിർദേശപ്രകാരം നിയോഗിച്ച അഡീ. ചീഫ് സെക്രട്ടറി, എം.ജി വി.സി, കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഉയർന്ന ഫീസ് നിരക്ക് സംബന്ധിച്ച ശിപാർശ സമർപ്പിച്ചത്. 2008 മുതൽ ബി.എഡ് കോളജുകളിൽ ഫീസ് വർധിപ്പിക്കാത്തതും നടത്തിപ്പ് ചെലവ് വൻതോതിൽ വർധിച്ചതും കണക്കിലെടുത്താണ് ഫീസ് വർധന ശിപാർശ ചെയ്തത്.
എന്നാൽ, ഈ അക്കാദമി വർഷം ഫീസ് നടപ്പാക്കുന്നത് ജൂലൈ 17ലെ ഉത്തരവിലൂടെ സർക്കാർ വിലക്കുകയായിരുന്നു. ഇതിനെതിരെ സെൽഫ് ഫിനാൻസിങ് ടീച്ചേഴ്സ് എജുക്കേഷൻ മാനേജ്മെൻറ് അസോസിയേഷൻ അടക്കമുള്ളവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.