ആലപ്പുഴ: സംസ്ഥാനത്തെ ഹയർസെക്കൻഡറി ബാച്ചുകൾ പുനർവിന്യസിക്കുമെന്നും കോവിഡ് കാലത്ത് നിലച്ച ഗ്രേസ് മാർക്ക് കാലോചിതമായി പരിഷ്കരിച്ച് ഈവർഷം മുതൽ നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതല്‍ 10 വരെയുള്ള പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ലജ്നത്ത് ഹയർസെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശനമാണ് വലിയ പ്രശ്നം. കേരളത്തിലെ മുഴുവൻ സീറ്റുകൾ നോക്കിയാൽ ഹയർ സെക്കൻഡറിക്ക് പ്രശ്നമില്ല. എന്നാൽ, ഓരോ താലൂക്കും ജില്ലയും എടുത്ത് നോക്കിയാൽ ചില വിഷയങ്ങളിൽ ചില പ്രശ്നങ്ങളുണ്ട്. കുട്ടികൾ ഇല്ലാത്ത ചില ബാച്ചുകൾ പല ജില്ലകളിലുമുണ്ട്. ഇത് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ പഠനം പൂർത്തിയാക്കിയാൽ മലപ്പുറം, ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ സീറ്റുകളുടെ പുനർവിന്യാസം നടത്തും.
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതനേടിയ എല്ലാവരും അപേക്ഷിച്ചാൽ സീറ്റ് നൽകണമെന്നതാണ് സർക്കാർ നയം. ലിപി മാറ്റിയടിച്ച പാഠപുസ്തമാണ് ഒന്നാംതരത്തിൽ വിതരണം ചെയ്യുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്തകത്തിൽ മലയാള അക്ഷരമാലയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാഠപുസ്തകത്തിൽനിന്ന് എടുത്ത് മാറ്റിയ മലയാള അക്ഷരമാല ഉൾപ്പെടുത്തുമെന്ന് മന്ത്രിയെന്ന നിലയിൽ നൽകിയ വാഗ്ദാനമാണ് സാക്ഷാത്കരിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് രണ്ടുമാസം മുമ്പ് പാഠപുസ്തകം കുട്ടികളുടെ കൈകളിലെത്തുന്നത്. അവധിക്കാലത്ത് കുട്ടികൾക്ക് അഞ്ചുകിലോ അരി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.