പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ആരംഭിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസസ് അക്കാദമിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സിവിൽ സർവിസ് മേഖലയിലെ ഉന്നതരെ പങ്കെടുപ്പിച്ച് മുഖാമുഖം സംഘടിപ്പിച്ചു. ചേലേമ്പ്ര തുല ഇന്റർനാഷനൽ വെൽനസ് സെന്ററിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ വൈറ്റ് ഹൗസ് മുൻ ജീവനക്കാരി ഹുമ അബ്ദീൻ അനുഭവങ്ങൾ പങ്കുവെച്ചും സിവിൽ സർവിസ് മേഖലയുടെ പ്രാധാന്യം ഓർമിപ്പിച്ചും സംസാരിച്ചു.
ഓരോ വ്യക്തിക്കും മികച്ച നിലവാരത്തിലുള്ള ജീവിതം രൂപകൽപന ചെയ്തുകൊടുക്കുന്ന കാര്യത്തിൽ സിവിൽ സർവിസുകാർ മത്സരബുദ്ധിയോടെ പ്രവർത്തിക്കണം. സാധാരണമനുഷ്യരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള മാനസികവിശാലതയാണ് പ്രാഥമികമായി ഉണ്ടാവേണ്ടത്. ജനങ്ങളുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതോടൊപ്പം ജനാധിപത്യ, മതേതര സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യത്തിലും സിവിൽ സർവിസുകാർക്ക് വലിയ പങ്കുണ്ട്.
19ാം വയസ്സിൽ അമേരിക്കയിലെ വൈറ്റ് ഹൗസിൽ ജോലി ചെയ്യാൻ അവസരം ലഭിച്ച ഹുമ അബ്ദീൻ അവിടത്തെ സേവനകാല അനുഭവങ്ങളും പങ്കുവെച്ചു. അവിടെ ആരും നമസ്കരിക്കുകയോ നോമ്പ് അനുഷ്ഠിക്കുകയോ ചെയ്യുമായിരുന്നില്ലെങ്കിലും താനത് നിർവഹിക്കുമായിരുന്നെന്നും തന്റെ വ്യക്തിത്വത്തെ ബഹുമാനിക്കാൻ കൂടെ ജോലി ചെയ്തവർക്കും രാജ്യത്തിനും സാധിച്ചിരുന്നെന്നും അവർ വിശദീകരിച്ചു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഫൈസൽ കൊട്ടികോളൻ, ചെയർമാൻ ശബാന ഫൈസൽ, എം.വി. ശ്രേയാംസ് കുമാർ, പി.കെ. അഹമ്മദ്, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.