ന്യൂഡൽഹി: യു.എസിൽ ഫേസ്ബുക്, ട്വിറ്റർ പോലുള്ള കമ്പനികളിൽ ജോലി ചെയ്യുക എന്നത് ഇന്ത്യൻ യുവാക്കളുടെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം കരിനിഴലിൽ ആയിരിക്കയാണ് ഇപ്പോൾ. ട്വിറ്ററിലെ കൂട്ടപ്പിരിച്ചു വിടലിനു പിന്നാലെ ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയും ജീവനക്കാരെ പിരിച്ചുവിടുകയാണ്. ലോകവ്യാപകമായുള്ള 11,000 ജീവനക്കാരെയാണ് ഫേസ്ബുക്ക് പിരിച്ചുവിട്ടത്. അതിൽ 200 ലേറെ ഇന്ത്യൻ ജീവനക്കാരുമുണ്ട്.
ഇതിൽ കൂടുതൽ ആളുകളും മികച്ച ശമ്പളത്തിലുള്ള ജോലി രാജിവെച്ചാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമെത്തിയത്. ജോലി നഷ്ടമായവരിൽ ഒരാളാണ് ഐ.ടി പ്രഫഷനലായ നീലിമ അഗർവാൾ. ഒരാഴ്ച മുമ്പ് ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ നീലിമ രണ്ടു ദിവസം മുമ്പ് മാത്രമാണ് മെറ്റയിൽ ചേർന്നത്. ഇതിനായുള്ള വിസ ലഭിക്കാൻ വേണ്ടി മാത്രം ഒരുപാട് കടമ്പ കടക്കേണ്ടി വന്നു. ഹൈദരാബാദിലെ മൈക്രോസോഫ്റ്റിന്റെ ഓഫിസിൽ രണ്ടുവർഷം ജോലി ചെയ്തതിനു ശേഷമാണ് നീലിമ വിദേശത്തേക്ക് ജോലിക്ക് ശ്രമിച്ചത്.
മൂന്നുവർഷം ബംഗളൂരുവിലെ ആമസോൺ ഓഫിസിൽ ജോലി ചെയ്തതിനു ശേഷമാണ് വിശ്വജീത് ഝാ മെറ്റയിലെത്തിയത്. വിസ ശരിയാകാൻ വേണ്ടി തന്നെ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. മൂന്നുദിവസം മുമ്പാണ് മെറ്റയിൽ ചേർന്നത്. പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ വിശ്വജീത് ഝായുമുണ്ട്. പിരിച്ചുവിട്ടപ്പോൾ അത്യാവശ്യം നല്ല പാക്കേജ് നൽകുമെന്ന് ഫേസ്ബുക് സി.ഇ.ഒ മാർക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു.
16 വർഷമായി യു.എസിൽ കഴിയുന്ന രാജു കദാമിന് മറ്റൊരു കഥയാണ് പറയാനുള്ളത്. അദ്ദേഹത്തിന് എച്ച് വൺ ബി വിസയുണ്ട്. 16 വർഷത്തിനിടക്ക് ഒരു വർഷം പോലും തൊഴിൽ നഷ്ടം നേരിട്ടിട്ടില്ല. അദ്ദേഹത്തിന്റെ മക്കൾക്ക് രണ്ടുപേർക്കും യു.എസ് പൗരത്വമുണ്ട്. ഇപ്പോൾ മെറ്റയിൽ നിന്ന് പിരിച്ചുവിട്ടതായി ഇ-മെയിൽ ലഭിച്ചതിന്റെ ആഘാതത്തിലാണ് ഇദ്ദേഹം. തന്റെ ജീവിതത്തെ ഒരുപാട് ബാധിക്കുന്ന തീരുമാനമാണിതെന്നാണ് ഇദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.