ജെ.ഇ.ഇ പോലുള്ള കടുത്ത മത്സരമുള്ള എൻട്രൻസ് പരീക്ഷകൾക്ക് ഊണും ഉറക്കവുമൊഴിച്ചാണ് വിദ്യാർഥികൾ പഠിക്കുന്നത്. പലർക്കും ഇത്തരത്തിൽ കഠിനാധ്വാനം ചെയ്താണ് ഉയർന്ന മാർക്ക് കിട്ടുന്നത്. ഐ.ഐ.ടി പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന ഒരു വിദ്യാർഥി പങ്കുവെച്ച ഷെഡ്യൂൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. പുലർച്ചെ 4.30 ന് എഴുന്നേറ്റ് അർധ രാത്രി വരെ നീളുന്ന പഠന ഷെഡ്യൂൾ ആണ് വിദ്യാർഥി പങ്കുവെച്ചിരിക്കുന്നത്. അതിനിടക്ക് ഉറങ്ങാൻ കിട്ടുന്നത് വെറും നാലര മണിക്കൂർ മാത്രം. ഏതായാലും തന്റെ സുഹൃത്തായ 17 കാരൻ കൈകൊണ്ടെഴുതി അയച്ച ടൈംടേബിൾ പങ്കുവെച്ചത് മറ്റൊരു 16 കാരനാണ്. ജെ.ഇ.ഇക്ക് തയാറെടുക്കുന്ന സുഹൃത്തിന്റെ ഒരു ദിവസത്തെ ഷെഡ്യൂൾ ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് 16കാരൻ കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പ് പ്രകാരം എന്നും 4.30 നാണ് കുട്ടി എഴുന്നേൽക്കുക. ഉറങ്ങുന്നത് അർധ രാത്രി കഴിഞ്ഞും. വെറും നാലര മണിക്കൂർ മാത്രം ഉറങ്ങും. എഴുന്നേറ്റ ശേഷം ആദ്യ രണ്ടര മണിക്കൂർ പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യാൻ മാറ്റിവെക്കും. അതിനിടയിൽ അരമണിക്കൂർ എടുത്ത് ഫ്രഷ് ആകും. 7.45 മുതൽ 10 മണിവരെ ക്ലാസിലെ ഹോംവർക്കുകൾ ചെയ്യും. അതിനിടയിൽ 15 മിനിറ്റ്‍ വിശ്രമിക്കും. 12 മണിയോടെ കുട്ടി ക്ലാസിലെത്തും. ലഞ്ച് ബ്രേക്ക് 20 മിനിറ്റാണ്. അത് കഴിഞ്ഞ് മൂന്നു മണിക്കൂർ കഠിനമായ പഠനം. 30 മിനിറ്റ് ഇടവേളയെടുത്ത് വൈകീട്ട് 4 മുതൽ 8.30 വരെ വീണ്ടും ക്ലാസ്. അതിനു ശേഷമുള്ള 30 മിനിറ്റ് നോട്ട് എഴുതിയെടുക്കാനാണ്.
ഡിന്നർ കഴിച്ച ശേഷം രാത്രി 11.45 വരെ ഇരുന്ന് പഠിക്കും. ഇതുപോലെയുള്ള നിരവധി കുട്ടികളുണ്ടെന്നും മികച്ച ഭാവിക്കായി ഇതുപോലെ കഠിനാധ്വാനം ചെയ്യുകയല്ലാതെ മറ്റൊന്നും അവരുടെ മുന്നിൽ ഇല്ലെന്നും ചിലർ പ്രതികരിച്ചു. പ്രത്യേകിച്ച് സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങളില്ലാത്ത വിദ്യാർഥികൾക്ക്. ജെ.ഇ.ഇക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ ഒരു ദിവസം 10 മുതൽ 14 മണിക്കൂർ വരെ പഠിക്കാനായി മാറ്റിവെക്കുന്നുണ്ടെന്ന് ഒരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.