കോഴിക്കോട്: സർക്കാർ സംവിധാനങ്ങളെ ആകെ കബളിപ്പിച്ച് സ്വന്തം മകൾക്ക് ചട്ടവിരുദ്ധവും ക്രമവിരുദ്ധവുമായി നിയമനം നൽകിയ പിലാശേരി സ്കൂൾ മാനേജർക്കെതിരെ നടപടിക്ക് ശിപാർശ. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന പിലാശേരി എ.യു.പി സ്കൂളിലെ മാനേജരായ സി.എം. ബീനക്കെതിരെയാണ് നടപടിക്ക് ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയത്. സ്കൂളിലെ നിയമനം സംബന്ധിച്ച പരിശോധനയിൽ മാനേജർ സ്വന്തം മകൾ എം.പി. മേഘയെ ചട്ടവിരുദ്ധമായി നിയമനം നടത്തിയെന്ന് കണ്ടെത്തി.
സർക്കാർ നിർദേശത്തിന് വിരുദ്ധമായി സ്കൂൾ മാനേജർ വ്യാജമായ സ്റ്റേറ്റ്മെന്റും രേഖകളും ഉപയോഗിച്ചാണ് മകളായ എം.പി. മേഘക്ക് നിയമനം നൽകിയത്. 2019-20 അധ്യയന വർഷം അനുവദിച്ച അധിക തസ്തികയിൽ 2020-2021ലാണ് നിയമനം നടത്തിയത്. അതിനാൽ ഭരണ വകുപ്പ് മേഘയുടെ നിയമനം സംബന്ധിച്ച് പരിശോധിച്ച് അസാധുവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശിപാർശ നൽകി.
2019-20ൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി സൃഷ്ടിക്കപ്പെട്ട എൽ.പിഎസ്.ടി തസ്തികയിൽ സ്വന്തം മകൾ നിയമന യോഗ്യത നേടുംവരെ കാത്തിരുന്ന ശേഷമാണ് മാനേജർ നിയമനം നടത്തിയത്. ഇത് പൂർണമായും സ്വജനപക്ഷപാതമാകയാൽ പിലാശ്ശേരി എ.യു.പി സ്കൂളിൽ ഭാവിയിൽ നടക്കുന്ന തസ്തിക നിർണയത്തിൽ സൂപ്പർ ചെക്ക് സെൽ ഓഫീസറുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടേയും സാന്നിധ്യത്തിൽ വിദ്യാർഥികളുടെ എണ്ണം കൃത്യമായി പരിശോധിച്ച് തസ്തിക പുനർനിർണയം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ 2022ലെ സർക്കുലർ പ്രകാരം 1996 ഫെബ്രുവരി ഏഴ് മുതൽ 2017 ഏപ്രിൽ 18 വരെയുള്ള നിയമനങ്ങളിൽ മൂന്ന് ശതമാനവും അതിനുശേഷം നിയമനങ്ങളിൽ നാലു ശതമാനവും ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ചിരുന്നു. ഇതു ഇപ്രകാരം പിലാശ്ശേരി എ.യു.പി സ്കൂളിൽ 2018-20 അധ്യയനവർഷം അനുവദിച്ച അധിക തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നോ സംരക്ഷിത അധ്യാപകരിൽ നിന്നോ നിയമനം നടത്താം.
2019-20 മുതൽ അനുവദിച്ച അധിക തസ്തികയിൽ മാനേജർ മകൾ മേഘയെ എൽ.പി.എസ്.ടി തസ്തികയിൽ നിയമിക്കപ്പെടുന്നതിന് നീക്കം തുടങ്ങി. 2020ലാണ് മകൾ നിയമത്തിനായുള്ള അടിസ്ഥാന യോഗ്യത നേടിയത്. ഒഴിവുള്ള വേക്കൻസി ഭിന്നശേഷി വിഭാഗത്തിന്റേതായതിനാൽ 2010-ൽ നിയമിതനായ അധ്യാപകനായ പി. അഹമ്മദ് ശരീഫിനെ വ്യാജമായി ഭിന്നശേഷി ഗണത്തിൽ ഉൾപ്പെടുത്തി കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് സ്റ്റേറ്റ്മെന്‍റ് നൽകി. ഈവിധത്തിൽ സർക്കാർ സംവിധാനങ്ങളെയാകെ കബളിപ്പിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി.
അഹമ്മദ് ശരീഫ് ധനകാര്യ പരിശോധന വിഭാഗത്തിന് മുന്നിൽ നേരിൽ ഹാജരായി തന്റെ നിയമനം ഭിന്നശേഷിയിൽപെട്ടവർക്കുള്ള സംവരണത്തിൽപെട്ടതല്ലെന്ന് മൊഴി നൽകി. ടൂവീലറിൽ സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന അദ്ദേഹം ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുവാൻ മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിച്ചിട്ടില്ല.
2019-20 വർഷം സൂപ്പർ ചെക്ക് സെൽ ഓഫിസർ നടത്തിയ പരിശോധനയിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളുടെ എണ്ണം കൃത്യമായി സ്കൂളിലെ പരിശോധനാ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2020 ജനുവരി ഏഴിന് രേഖപ്പെടുത്തിയിരിക്കുന്നതിൽ ദുരൂഹതമാണ്. 2023-24 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തസ്തികകൾ പുനർ നിർണയിക്കണം. ഇക്കാര്യത്തിൽ ഭരണവകുപ്പ് പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.