തിരുവനന്തപുരം: 2025ലെ വാർഷിക പരീക്ഷാ കലണ്ടർ പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2024 ഡിസംബർ 31വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകൾ നിശ്ചയിക്കാത്തതുമായ തസ്തികകളുടെ സാധ്യതാ പരീക്ഷ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. പൊതുപ്രാഥമിക പരീക്ഷകൾ, ഒറ്റത്തവണ പരീക്ഷകൾ, മുഖ്യപരീക്ഷകൾ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ കലണ്ടറിൽ ഉൾപ്പെട്ട എല്ലാ തസ്തികകളുടെയും പരീക്ഷ സിലബസ് ജനുവരി 15 ഓടെ പ്രസിദ്ധീകരിക്കും.
2025 മേയ്-ജൂലൈ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയിൽ സെക്രട്ടേറിയറ്റ്/പി.എസ്.സി അസിസ്റ്റൻറ് തസ്തികയും ഉൾപ്പെടും. 100 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകൾ ഉൾപ്പെടുന്നതായിരിക്കും അസിസ്റ്റൻറ് തസ്തികയുടെ മുഖ്യപരീക്ഷ. മുഖ്യപരീക്ഷ ആഗസ്റ്റ്-ഡിസംബർ കാലയളവിൽ നടക്കും. പ്രാഥമിക പരീക്ഷയുടെയും മുഖ്യപരീക്ഷയുടെയും സിലബസ് പരീക്ഷ കലണ്ടറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിരുദതല പൊതു പ്രാഥമിക പരീക്ഷയിൽ എസ്.ഐ, എ.പി.എസ്.ഐ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളും ഉൾപ്പെടും. ഇവയുടെ മുഖ്യപരീക്ഷയും ആഗസ്റ്റ്-ഡിസംബർ കാലയളവിൽ നടക്കും. വിവിധ യൂനിഫോംഡ് തസ്തികകളിലേക്ക് പരീക്ഷകൾക്കുശേഷം നടക്കുന്ന കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം ജനുവരി 15ന് പ്രസിദ്ധീകരിക്കും.
കേരള ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടൻറ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ മേയ്-ജൂലൈ മാസങ്ങളിലായി നടക്കും. മുഖ്യപരീക്ഷ ആഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലായിരിക്കും. ഈ തസ്തികയുടെ പൊതു പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും വിജ്ഞാപനത്തിൽ പറയുന്ന സിലബസ് അനുസരിച്ചായിരിക്കും. പ്രാഥമിക പരീക്ഷ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. മുഖ്യപരീക്ഷക്ക് വിജ്ഞാപനത്തിൽ പറഞ്ഞതുപ്രകാരം സബ്ജക്റ്റ് മിനിമം നിർബന്ധമാണ്. എന്നാൽ, പ്രാഥമിക പരീക്ഷക്ക് ഈ നിബന്ധനയില്ല.
•ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ-ഏപ്രിൽ - ജൂൺ
•ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്-ഏപ്രിൽ - ജൂൺ
•ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-ഏപ്രിൽ - ജൂൺ
•സിവിൽ എക്സൈസ് ഓഫിസർ-മേയ് - ജൂലൈ
•ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ -ജൂൺ - ആഗസ്റ്റ്
•സിവിൽ പൊലീസ് ഓഫിസർ-ജൂൺ - ആഗസ്റ്റ്
•അസിസ്റ്റൻറ് പ്രാഫസർ - മെഡിക്കൽ വിദ്യാഭ്യാസം-ജൂൺ - ആഗസ്റ്റ്
•അഗ്രികൾച്ചറൽ ഓഫിസർ-ജൂലൈ - സെപ്റ്റംബർ
•സ്റ്റാഫ് നഴ്സ്-ജൂലൈ - സെപ്റ്റംബർ
•ഡ്രൈവർ-ആഗസ്റ്റ് - ഒക്ടോബർ
•ഹൈസ്കൂൾ ടീച്ചർ-ആഗസ്റ്റ് - ഒക്ടോബർ
•അസിസ്റ്റൻറ് സെയിൽസ്മാൻ-ആഗസ്റ്റ് - ഒക്ടോബർ
•അസിസ്റ്റൻറ് ഡെൻറൽ സർജൻ-സെപ്റ്റംബർ - നവംബർ
•ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ-ഒക്ടോബർ - ഡിസംബർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.