മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിൽ (ഐ.എസ്.എം) വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു. വിദ്യാർഥികൾക്ക് അപ്പീൽ നൽകാവുന്ന സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്ട് ആരംഭിച്ചതായി ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം മാധ്യമങ്ങളെ അറിയിച്ചു.
പുതിയ സംവിധാനം പ്രതീക്ഷിക്കുന്ന വിജയം കൈവരിച്ചാൽ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ടേം പരീക്ഷകളിൽ നേടിയ ഗ്രേഡുകൾ പുനഃപരിശോധിക്കാൻ അവസരമൊരുക്കുന്നതെന്ന് ഐ.എസ്.എം പുറപ്പെടുവിച്ച സർക്കുലറിലും വ്യക്തമാക്കുന്നു. ഒരു വിഷയത്തിന് മൂന്ന് റിയാൽ ഫീസ് നൽകണം. ലഭിച്ച മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികളെ സഹായിക്കാനാണ് സംവിധാനമൊരുക്കുന്നത്.
സ്കൂൾ നടത്തിയ ടേം പരീക്ഷകളിൽ നൽകിയ മാർക്കിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും സ്കൂൾ തീരുമാനിച്ചതായി ഐ.എസ്.എം സർക്കുലറിൽ പറയുന്നു. കുട്ടികൾക്ക് നൽകുന്ന മാർക്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, കുട്ടികൾക്കോ രക്ഷിതാക്കൾക്കോ നൽകുന്ന പ്രത്യേക സൗകര്യമാണിത്.
ഇന്റേണൽ അസസ്മെന്റുകൾക്കും (ക്ലാസ് വർക്ക്, പ്രോജക്ട് വർക്ക്, പ്രാക്ടിക്കൽ, നോട്ട്ബുക്ക്, പോർട്ട്ഫോളിയോ മുതലായവ) സി.ബി.എസ്.ഇ നടത്തുന്ന പരീക്ഷകൾക്കും ഈ സൗകര്യം ബാധകമല്ല. കുട്ടികൾ നേടിയ മാർക്കുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അതത് വിഷയ അധ്യാപകനെയോ ക്ലാസ് ടീച്ചറെയോ അതത് വിഭാഗത്തിലെ എ.വി.പിയെയും വി.പിയെയും സമീപിക്കുന്ന രീതി ആദ്യഘട്ടത്തിൽ എല്ലാ വിദ്യാർഥികളും പിന്തുടരണം.
ആശങ്ക പരിഹരിച്ചില്ലെങ്കിൽ മാത്രം ഫീസടച്ച് അപ്പീൽ കമ്മിറ്റിക്ക് ഔപചാരികമായ അപേക്ഷ നൽകാം. സ്കൂൾ മാർക്ക് പ്രസിദ്ധീകരിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം ഫീസ് അടച്ചതിന്റെ പകർപ്പ് സഹിതം സ്കൂൾ അഡ്മിഷൻ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. അപ്പീൽ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7.30നും 2.30നും ഇടയിൽ സ്കൂൾ അഡ്മിഷൻ ഓഫിസിൽനിന്ന് വാങ്ങാം -സർക്കുലറിൽ വിശദീകരിക്കുന്നു.
അതത് വിഷയാധ്യാപകൻ, എ.വി.പി, അതത് വിഭാഗത്തിലെ വി.പി എന്നിവർ ഒഴികെയുള്ള രണ്ട് വിഷയ വിദഗ്ധർ അടങ്ങുന്നതായിരിക്കും അപ്പീൽ കമ്മിറ്റി. അപ്പീൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. കമ്മിറ്റിയുടെ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ മാർക്കിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അപേക്ഷ ഫീസ് കുട്ടിക്ക് തിരികെ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.