കൊച്ചി: ബി.ടെക് കോഴ്സുകളുടെ ഇൻറർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ ഒഴിവാക്കണമെന്ന് വിദ്യാർഥികളും പറ്റില്ലെന്ന് വൈസ് ചാൻസലറും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലാണ് വിദ്യാർഥികളും വി.സിയും െകാമ്പുകോർക്കുന്നത്. യു.ജി.സി നിബന്ധന പ്രകാരം ഇൻറർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ ഒഴിവാക്കി പകരം മുൻ സെമസ്റ്ററുകളുടെ ശരാശരി ഗ്രേഡും ഇേൻറണൽ അസസ്െമൻറും കണക്കാക്കി സ്ഥാനക്കയറ്റം നൽകണം. കേരള ടെക്നിക്കൽ സർവകലാശാല ഈ മാനദണ്ഡമാണ് സ്വീകരിച്ചത്.
എന്നാൽ, കൊച്ചി സർവകലാശാല സെപ്റ്റംബർ എട്ടുമുതൽ ഇൻറർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ നടത്തുന്നതിന് ടൈംടേബിൾ ഇറക്കി. ഓൺലൈനിൽ ആപ്ലിക്കേഷൻ ബേസിലാണ് പരീക്ഷ നടക്കുക. നാലുചോദ്യങ്ങൾക്ക് അരമണിക്കൂർ വീതം നൽകി, ഇതിനുള്ളിൽ ഉത്തരപേപ്പർ സ്കാൻ ചെയ്ത് ഗൂഗിൾ ക്ലാസ്റൂമിൽ പി.ഡി.എഫായി അപ്ലോഡ് ചെയ്യണമെന്നാണ് നിബന്ധന.
സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും പുളിങ്കുന്ന് കാമ്പസിലുമായി ഇൻറർ സെമസ്റ്ററിൽ പഠിക്കുന്നത് 2000ത്തോളം വിദ്യാർഥികളാണ്. ഇവരിൽ 40 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും. കോവിഡ് വ്യാപനത്തോടെ വീടുകളിലേക്ക് തിരിച്ചുപോയ തങ്ങളിൽ പലരുടെയും പാഠപുസ്തകങ്ങൾ വരെ ഹോസ്റ്റലുകളിലാണ്. ഇൻറർനെറ്റ് സ്പീഡ് കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഓൺലൈൻ ഇേൻറണൽ സെമസ്റ്റർ പരീക്ഷകൾ എഴുതുന്നതിന് ഏറെ പ്രയാസപ്പെടണം. ഇത് മനസ്സിലാക്കി അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഉൾപ്പെടെ 2000 ഇമെയിലുകൾ വി.സിക്ക് അയച്ചിട്ടും പരീക്ഷ നടത്തുന്നതിൽനിന്ന് പിന്മാറുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷ നടത്തിയ സ്ഥിതിക്ക് ഇൻറർ സെമസ്റ്റർ പരീക്ഷകൾ നടത്തുന്നതിൽ എന്താണ് പ്രശ്നമെന്ന മറുചോദ്യമാണ് വി.സി ഉന്നയിക്കുന്നത്.
യു.ജി.സി നിബന്ധന വന്ന സ്ഥിതിക്ക് ഓൺലൈൻ പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ. കഴിഞ്ഞ ദിവസം ആവശ്യം ഉന്നയിച്ച് വി.സിയെ കാണാൻ ശ്രമിച്ച വിദ്യാർഥി പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലും എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.