സ്കൂൾ കുട്ടികൾക്ക് ബഹിരാകാശ ശാസ്ത്ര-സാങ്കേതിക വിജ്ഞാനം പകരാൻ ഐ.എസ്.ആർ.ഒ സംഘടിപ്പിക്കുന്ന ‘യങ് സയന്റിസ്റ്റ്’ അഥവാ യുവ വിജ്ഞാനി കാര്യക്രമം (യുവിക-2024) മേയ് 13-24 വരെ നടക്കും. മാർച്ച് 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കാണ് അവസരം. എട്ടാം ക്ലാസ് പരീക്ഷ മാർക്ക്, ഓൺലൈൻ ക്വിസിലെ പ്രകടനം, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സ്കൂൾ/ജില്ല/സംസ്ഥാനതല സയൻസ് ഫെയറിലെ പങ്കാളിത്തം, ഒളിമ്പ്യാഡ് റാങ്ക്, കായികമത്സര വിജയം, സ്കൗട്ട് & ഗൈഡ്/എൻ.സി.സി/എൻ.എസ്.എസ് അംഗത്വം, ഗ്രാമീണ സ്കൂൾ വിദ്യാഭ്യാസം എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
ആദ്യ സെലക്ഷൻ പട്ടിക 28നും രണ്ടാമത്തെ സെലക്ഷൻ പട്ടിക ഏപ്രിൽ 4നും പ്രസിദ്ധപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്നവർ മേയ് 12ന് അതത് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ഐ.എസ്.ആർ.ഒയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ഡെറാഡൂൺ, വി.എസ്.എസ്.സി തിരുവനന്തപുരം, സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട, യു.ആർ റാവു സാറ്റലൈറ്റ് സെന്റർ ബംഗളൂരു, സ്പേസ് ആപ്ലിക്കേഷൻ സെന്റർ അഹ്മദാബാദ്, നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദ്, നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഷില്ലോങ് കേന്ദ്രങ്ങളിലാണ് പ്രോഗ്രാമുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സെക്കൻഡ് എ.സി ട്രെയിൻ/ബസ് നിരക്ക്, കോഴ്സ് മെറ്റീരിയൽ, താമസസൗകര്യം മുതലായ ചെലവുകളെല്ലാം ഐ.എസ്.ആർ.ഒ വഹിക്കും. വിജ്ഞാപനം https://jigyasa.iirs.gov.in/yuvikaൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.