ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി ജൂലൈ 20, 22, 25, 27 തീയതികളിൽ നടത്തിയ മൂന്നാം സെഷൻ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. jeemain.nta.nic.in വെബ്സൈറ്റിലൂടെ ഫലമറിയാം.
17 വിദ്യാർഥികൾ 100 ശതമാനം തികച്ചു. ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന് നാലു വീതംപേർ ഈ പട്ടികയിൽ ഇടംനേടി. വിദ്യാർഥികൾക്ക് തങ്ങളുടെ സ്കോറുകൾ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി വർഷത്തിൽ നാലുതവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. ആദ്യ സെഷൻ ഫെബ്രുവരിയിലും രണ്ടാം സെക്ഷൻ മാർച്ചിലുമായിരുന്നു. ഏപ്രിൽ -മേയ് ഘട്ടത്തിൽ മൂന്നും നാലും സെക്ഷൻ നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് രണ്ടാം തരംഗം മൂലം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ആഗസ്റ്റ് 26, 27, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് ജെ.ഇ.ഇ മെയിൻ നാലാം സെഷൻ പരീക്ഷ. ഇതുകൂടി പൂർത്തിയായാൽ ദേശീയ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മൂന്നാം സെഷനിൽ ഏഴു ലക്ഷത്തിലേറെ വിദ്യാർഥികളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 334 പട്ടണങ്ങളിലെ 915 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. ഇന്ത്യക്ക് പുറത്ത് ബഹ്റൈൻ, കൊളംബോ, ദോഹ, ദുബൈ, കാഠ്മണ്ഡു, ക്വാലാലംപൂർ, ലാഗോസ്, മസ്കത്ത്, റിയാദ്, ഷാർജ, സിംഗപൂർ, കുവൈത്ത് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.
ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.