കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പാഠപുസ്തകങ്ങളുടെ മാതൃഭാഷയിലുള്ള പതിപ്പ് ലഭ്യമാക്കാൻ അക്കാദമിക് കൗൺസിൽ യോഗം തീരുമാനിച്ചു. മലയാളം വിഷയത്തിൽ എം.എഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് മലയാളത്തിൽ മറ്റു വിഷയങ്ങൾ എഴുതാനുള്ള സൗകര്യവും ഒരുക്കും.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഒരു മൾട്ടി ഡിസിപ്ലിനറി ഇൻട്രൊഡക്ടറി കോഴ്സായി ബിരുദതലത്തിൽ ആരംഭിക്കുന്നത് പരിഗണിക്കും. 2013നുശേഷം പ്രവേശനം നേടിയവർക്ക് മേഴ്സി ചാൻസ് പരീക്ഷ എഴുതാനുള്ള അവസരം നൽകും. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ ഇന്റേണൽ മാർക്കിന്റെ കാര്യത്തിൽ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾ തമ്മിലുള്ള അന്തരം ഒഴിവാക്കുകയും മിനിമം പാസ് മാർക്ക് തുല്യമാക്കുകയും ചെയ്യും.
ശ്രവണവൈകല്യമുള്ള വിദ്യാർഥികൾക്കായി പ്രത്യേകം ഒബ്ജക്ടിവ് ടൈപ് ചോദ്യപേപ്പറുകൾ തയാറാക്കും. ഇന്ദിര ഗാന്ധി ഓപൺ സർവകലാശാലയുടെ എല്ലാ കോഴ്സുകൾക്കും തുല്യത നൽകാനും തീരുമാനിച്ചു.
ജനാധിപത്യ സമൂഹത്തിലെ വിദ്യാർഥികൾ നിർബന്ധമായും മനസ്സിലാക്കിയിരിക്കേണ്ട ശാസ്ത്രവും ചരിത്രവും പാഠപുസ്തകത്തിൽനിന്ന് തുടർച്ചയായി ഒഴിവാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകൂട നയം തിരുത്തണമെന്നും ഇത്തരം പാഠഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് സിലബസുകളിൽ ഉൾപ്പെടുത്തണമെന്നും അക്കാദമിക് കൗൺസിൽ പ്രമേയം പാസാക്കി. ചരിത്ര വിഭാഗം അംഗം സി.ടി. ശശി പ്രമേയം അവതരിപ്പിച്ചു. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.