കണ്ണൂർ: കണ്ണൂർ സർവകലാശാല ഫിസിക്സ് പഠന വകുപ്പിലെ അസി. പ്രഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് തിരിമറിനടന്നത് സാങ്കേതികതയുടെ പഴുതുപയോഗിച്ച്. ഓപൺ-മുസ്ലിം വിഭാഗത്തിൽ വ്യത്യസ്ത കട്ട് ഓഫ് മാർക്കുകൾ നിശ്ചയിച്ച് കൂടിക്കാഴ്ച നടത്തിയതിലൂടെയാണ് ഉയർന്ന അക്കാദമിക സ്കോറുള്ളവർ പുറത്തായത്. സർവകലാശാലയുടേത് അസാധാരണ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ഇതിനു മുന്നോടിയായി വൈസ്ചാൻസലർക്കും രജിസ്ട്രാർക്കും ഉദ്യോഗാർഥികൾ പരാതി നൽകി. വിഷയത്തിൽ ചാൻസലറായ ഗവർണർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ സമിതിയും രംഗത്തെത്തി.
ഫിസിക്സ് അധ്യാപക റാങ്ക് ലിസ്റ്റിലെ ഓപൺ ക്വോട്ടയിൽ മുൻനിരയിലെത്തിയ മുസ്ലിം ഉദ്യോഗാർഥികൾ സംവരണപട്ടികയിൽ പിന്നിലായതാണ് വിവാദമായത്. ഓപൺ വിഭാഗത്തിലെ മൂന്നാം റാങ്കുകാരിയും ആദ്യ മുസ്ലിമുമായ ഉദ്യോഗാർഥി സംവരണപട്ടികയിൽ മൂന്നും ഓപൺ പട്ടികയിലെ ആറാമനും രണ്ടാമത്തെ മുസ്ലിമുമായ ഉദ്യോഗാർഥി സംവരണ പട്ടികയിൽ നാലാമനുമായത് തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇരു തസ്തികകളിലും ഒറ്റ കൂടിക്കാഴ്ചയാണ് നടന്നതെന്നിരിക്കെ ഇത് എങ്ങനെ സംഭവിച്ചുവെന്നതിലാണ് ദുരൂഹത.ഇരുവിഭാഗത്തിലെ അധ്യാപക തസ്തികകളിലേക്കായി 77 പേരാണ് അപേക്ഷിച്ചത്. അക്കാദമിക സ്കോർ കണക്കാക്കി ഓപൺ വിഭാഗത്തിൽ 85 ശതമാനം കട്ട് ഓഫ് നിശ്ചയിച്ച് 34 പേരെ കൂടിക്കാഴ്ചക്ക് വിളിച്ചു.
ഇതിൽനിന്നാണ് ഒമ്പതുപേരുടെ റാങ്ക്ലിസ്റ്റ് തയാറാക്കിയത്. മൊത്തം അപേക്ഷകരിൽനിന്ന് 17 പേരെയാണ് മുസ്ലിം സംവരണ ഒഴിവിലേക്ക് പരിഗണിച്ചത്. ഇവർക്കായി 55 മാർക്കിന്റെ കട്ട് ഓഫ് നിശ്ചയിച്ച് പത്തുപേരുടെ റാങ്ക്ലിസ്റ്റും തയാറാക്കി. 85 ശതമാനം കട്ട് ഓഫ് മാർക്കോടെ ഓപൺ വിഭാഗത്തിൽ മുൻനിരയിലെത്തിയ മുസ്ലിം ഉദ്യോഗാർഥികളെക്കാൾ ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് 55 ശതമാനം കട്ട് ഓഫുള്ളവരായിരുന്നുവെന്നാണ് സർവകലാശാലയുടെ വിശദീകരണം. 85 ശതമാനം കട്ട് ഓഫ് ഇല്ലാത്തതിനാലാണ് മുസ്ലിം റാങ്ക്ലിസ്റ്റിലെ മുൻനിരക്കാർ ഓപൺ റാങ്ക്ലിസ്റ്റിൽ ഇല്ലാതെപോയതെന്ന വിചിത്രന്യായവും ഇവർ മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.