തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും 2021 ലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആൾ ഇന്ത്യാ ദന്തൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ശ്രീശങ്കര ദന്തൽ കോളജ് ,അകത്തുമുറി, വർക്കല ഈ ഘട്ടത്തിൽ അലോട്ട്മെന്റിനായി ഉൾപ്പെടുത്തിയിട്ടില്ല.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാകും. ഹോം നിന്ന് വിദ്യാർഥികൾ അലോട്ടമെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഫെബ്രുവരി മൂന്നുമുതൽ അവരവരുടെ പേജിലെ 'Data sheet' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാം. പ്രവേശനം സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.
അലോട്ട്മെന്റ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ/ഒ.ഇ.സിക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ 20.06.2005 തീയതിയിലെ G.O.(Ms)No.25/2005/SCSTDD, G.O.(Ms)No.10/2014/BCDD തീയതി 23.05.2014 എന്നീ സർക്കാർ ഉത്തരവുകൾ ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും, ശ്രീ ചിത്രാഹോം, ജുവനൈൽഹോം, നിർഭയഹോം വിദ്യാർഥികളും ഗവൺമെന്റ് ഫീസ് സൗജന്യത്തിന് അർഹരാണ്.
എന്നാൽ ഇവർ 1000/- ഫീസ് ആയി പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കണം. എന്നാൽ ഇത്തരം വിദ്യാർത്ഥികൾക്ക് സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി/ എൻ.ആർ.ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അയേലാട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള മുഴുവൻ ഫീസും അടയ്ക്കേണ്ടതും ഫീസിളവിന് അർഹരല്ലാതാകുന്നതുമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് 03.02.2022, വൈകുന്നേരം മുതൽ 07.02.2022 വരെയുളള തീയതികളിൽ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ (പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്) ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 2022 ഫെബ്രുവരി 4 മുതൽ ഫെബ്രുവരി 07 വൈകിട്ട് 4.00 മണി വരെ പ്രവേശനം നേടാവുന്നതാണ്. ട്രാവൻകൂർ മെഡിക്കൽ കോളേജ് കൊല്ലം, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, തിരുവല്ല, പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പാലക്കാട് എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2021-22 വർഷത്തെ എം.ബി.ബി.എസ് കോഴ്സിലേക്കുള്ള ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പ്രസ്തുത കോളേജുകളിൽ എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 2020-21 വർഷത്തെ ഫീസ് താത്ക്കാലികമായി അടയ്ക്കേണ്ടതും കൂടാതെ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി/സർക്കാർ/ ഹൈക്കോടതി ഉത്തരവ് പ്രകാരം നിശ്ചയിക്കപ്പെടുന്ന 2021-22 വർഷത്തെ ഫീസ് അനുസരിച്ച് അധിക തുക അടയ്ക്കേണ്ടി വന്നാൽ പ്രസ്തുത തുക അടച്ചുകൊള്ളാമെന്ന സാക്ഷ്യപത്രം കൂടി നൽകേണ്ടതുമാണ്.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ ദന്തൽ കോളേജുകളിലെ എം .ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്ക് എൻ.ആർ.ഐ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവരിൽ എൻ.ആർ.ഐ സർട്ടിഫിക്കറ്റ് സംബന്ധിച്ച് 'Candidate Portal' ൽ മെമ്മോയുള്ള വിദ്യാർഥികൾ എൻ.ആർ.ഐ ക്വാട്ടയിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായതും ന്യൂനതകൾ പരിഹരിക്കുന്നതിന് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്നതുമായ ആധികാരിക രേഖകൾ അഡ്മിഷൻ സൂപ്പർ വൈസറി കമ്മിറ്റിയുടെ 30.11.2021 ലെ No.ASC100/21/MBBS/BDS/NRI പ്രകാരമുള്ള മാർഗ്ഗമിർദ്ദേശമനുസരിച്ച് രണ്ടാം ഘട്ട അലോട്ട്മെന്റിന് രണ്ടു ദിവസം മുമ്പോ ഒന്നാം ഘട്ട അലോട്ട്മെന്റ് മുതൽ ഒരു മാസത്തിനകം ഏതാണോ ആദ്യം വരുന്നത്, ആ തീയതിക്കകം ഓൺലൈനായി അപ്ലോഡ് ചെയ്ത് ന്യൂനതകൾ പരിഹരിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ന്യൂനതകൾ പരിഹരിക്കാത്ത വിദ്യാർത്ഥികളുടെ എൻ .ആർ.ഐ കാറ്റഗറിയും, എൻ.ആർ.ഐ ക്വാട്ടയിൽ ലഭിച്ച അഡ്മിഷനും റദ്ദാകുന്നതാണ്. ഇത്തരം വിദ്യാർത്ഥികളുടെ ഈ ഘട്ടത്തിലെ എൻ.ആർ.ഐ ക്വാട്ടയിലെ അലോട്ട്മെന്റ് താത്ക്കാലികമായിരിക്കും.
എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റിനു മുമ്പായി അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിലുളള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദു ചെയ്യുന്നതിനും സൗകര്യം ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർത്ഥികളുടേയും അലോട്ട്മെന്റും - ബന്ധപ്പെട്ട സ്ത്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാക്കും. ഹെൽപ്പ് ലൈൻ നം. 0471 2525300
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.