തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകിയവരിൽ നീറ്റ് (യു.ജി) 2023 ഫലം, പ്രവേശന പരീക്ഷ കമീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി തയാറാക്കിയ അന്തിമ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂലൈ 19ന് പ്രസിദ്ധീകരിച്ച താൽക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ സ്വീകരിച്ച ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യ ഷെഡ്യൂൾ അനുസരിച്ച് നടത്തും. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച തുടർന്നുള്ള വിവരങ്ങൾക്കും വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ എൻ.ആർ.ഐ ക്വോട്ട പ്രവേശനത്തിനായി കീം മുഖേന അപേക്ഷ നൽകിയ വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം സ്പോൺസറിൽ നിന്നുള്ള കാലാവധി കഴിഞ്ഞ/കാലാവധി ഉടൻ കഴിയാറായ വിസ സമർപ്പിച്ചവർക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ കാലാവധി കഴിഞ്ഞ വിസ ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച വിദ്യാർഥികൾ സ്പോൺസറിൽ നിന്നുള്ള സത്യവാങ്മൂലം പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Keam-2023 Candidate Portal’ മുഖേന ജൂലൈ 23 വൈകീട്ട് നാലിനകം അപ്ലോഡ് ചെയ്യണം. സത്യവാങ്മൂലം വെബ്സൈറ്റിൽ ലഭ്യമാണ്.
സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. സർക്കാർ/എയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിങ്/സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി (B.Tech Lateral Entry) കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ജൂലൈ 23 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.